മനുഷ്യരിലും കുരങ്ങന്‍മാരിലും വാഹനപുക പരിശോധന : ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു, ഡൈംലര്‍ പ്രതിക്കൂട്ടില്‍

മനുഷ്യരിലും കുരങ്ങന്‍മാരിലും വാഹനപുക പരിശോധന : ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു, ഡൈംലര്‍ പ്രതിക്കൂട്ടില്‍

പത്ത് കുരങ്ങന്‍മാരെ വായുകടക്കാത്ത മുറികളില്‍ പൂട്ടിയിട്ട് ഫോക്‌സ്‌വാഗണ്‍ ബീറ്റിലില്‍നിന്നുള്ള ഡീസല്‍ പുക ശ്വസിപ്പിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക് ടൈംസ്

ഫ്രാങ്ക്ഫര്‍ട്ട് : ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പുതിയ ആരോപണം നേരിടുന്നു. കാറുകളില്‍നിന്നുള്ള പുക കുരങ്ങന്‍മാരിലും മനുഷ്യരിലും പരീക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കിയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട പുതിയ വിവാദം. ന്യൂ യോര്‍ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ജര്‍മ്മന്‍ വാഹന കമ്പനികളുടെ നിര്‍ദ്ദേശപ്രകാരം യുഎസ്സിലെ ഒരു സ്ഥാപനം 2014 ല്‍ പത്ത് കുരങ്ങന്‍മാരില്‍ ഈ കമ്പനികളുടെ വാഹനങ്ങളില്‍നിന്നുള്ള പുക ശ്വസിപ്പിച്ച് പരീക്ഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

നൈട്രജന്‍ ഓക്‌സൈഡ് ശ്വസിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് 25 മനുഷ്യരിലും പരീക്ഷണം നടത്തിയിട്ടുള്ളതായി സുയെദ്ഡ്യൂഷെ എന്ന ജര്‍മ്മന്‍ പത്രവും റിപ്പോര്‍ട്ട് ചെയ്തു. ഡീസല്‍ഗേറ്റ് തട്ടിപ്പിനുശേഷം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് മറ്റൊരു വിവാദത്തിലാണ് ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. ലാബോറട്ടറി പരിശോധനാ ഫലങ്ങള്‍ മറികടക്കുന്നതിന് ലോകമാകമാനം 11 മില്യണ്‍ കാറുകളില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച് തട്ടിപ്പ് നടത്തിയതായി 2015 ലാണ് ഗ്രൂപ്പ് സമ്മതിച്ചത്.

യുഎസ് ആസ്ഥാനമായ ലവ്‌ലേസ് റെസ്പിറേറ്ററി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാഹന നിര്‍മ്മാതാക്കള്‍ക്കുവേണ്ടി കുരങ്ങന്‍മാരില്‍ പരീക്ഷണം നടത്തിയത്. ഡീസല്‍ പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യില്ലെന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

കാര്‍ട്ടൂണുകള്‍ കാണുന്നതിന് സൗകര്യമൊരുക്കി പത്ത് കുരങ്ങന്‍മാരെ വായുകടക്കാത്ത മുറികളില്‍ പൂട്ടിയിട്ട് ഫോക്‌സ്‌വാഗണ്‍ ബീറ്റിലില്‍നിന്നുള്ള ഡീസല്‍ പുക ശ്വസിപ്പിക്കുകയായിരുന്നുവെന്ന് ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാഹന നിര്‍മ്മാതാക്കള്‍ക്കുവേണ്ടി യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് ഓണ്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ ദ ട്രാന്‍സ്‌പോര്‍ട്ട് സെക്ടറാണ് (ഇയുജിടി) യുഎസ് സ്ഥാപനത്തിന് പരീക്ഷണം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയത്. ഇയുജിടി കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടി.

25 മനുഷ്യരിലും പരീക്ഷണം നടത്തിയിട്ടുള്ളതായി സുയെദ്ഡ്യൂഷെ എന്ന ജര്‍മ്മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു

എന്നാല്‍ മൃഗങ്ങളെ പരീക്ഷണ വസ്തുവാക്കുന്നതില്‍നിന്ന് ഫോക്‌സ്‌വാഗണ്‍ അകലം പാലിക്കുന്നതായി ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷണങ്ങല്‍ നടുക്കം സൃഷ്ടിക്കുന്നതാണെന്ന് മെഴ്‌സിഡസ് ബെന്‍സിന്റെ മാതൃ കമ്പനിയായ ഡൈംലറിന്റെ വക്താവ് പ്രതികരിച്ചു. പരീക്ഷണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിഎംഡബ്ല്യു പ്രതികരിച്ചില്ല. അതേസമയം ജര്‍മ്മനിയിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും ശക്തമായി രംഗത്തുവന്നു.

പരീക്ഷണം അക്ഷന്തവ്യമായ അപരാധമാണെന്ന് ജര്‍മ്മനിയിലെ ലോവര്‍ സാക്‌സണി സംസ്ഥാനത്തെ ഇക്കോണമി മന്ത്രി ബെര്‍ന്‍ഡ് ആള്‍ത്തുസ്മാന്‍ പ്രതികരിച്ചു. ഫോക്‌സ്‌വാഗണിന്റെ വോള്‍ഫ്‌സ്ബര്‍ഗ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ലോവര്‍ സാക്‌സണി സംസ്ഥാനത്താണ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വലിയ ഓഹരിയുടമകൡ ഒരാള്‍ കൂടിയാണ് ബെര്‍ന്‍ഡ് ആള്‍ത്തുസ്മാന്‍. ഉത്തരവാദികള്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കമ്പനിയുടെ സൂപ്പര്‍വൈസറി ബോര്‍ഡ് അംഗം കൂടിയായ മന്ത്രി വ്യക്തമാക്കി.

Comments

comments

Categories: Auto