ആസ്തി വില്‍പ്പന ലക്ഷ്യം ഒരു ലക്ഷം കോടി രൂപ വരെയാക്കി ഉയര്‍ത്തിയേക്കും

ആസ്തി വില്‍പ്പന ലക്ഷ്യം ഒരു ലക്ഷം കോടി രൂപ വരെയാക്കി ഉയര്‍ത്തിയേക്കും

എച്ച്പിസിഎല്ലിലെ ഓഹരികള്‍  ഒഎന്‍ജിസിക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ന്യൂഡെല്‍ഹി: ധനക്കമ്മി പിടിച്ചു നിര്‍ത്തുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വിറ്റഴിക്കലിന്റെ ലക്ഷ്യം 1 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ ആസ്തി വില്‍പ്പന സാധ്യമായതിനാല്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിറ്റഴിക്കല്‍ ലക്ഷ്യം കൂടുതല്‍ ശക്തമാക്കുമെന്നാണ് നിക്ഷേപ ബാങ്കര്‍മാരും സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്.

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ (എച്ച്പിസിഎല്‍) കേന്ദ്രസര്‍ക്കാരിനുള്ള 51 ശതമാനം ഓഹരികള്‍ 36,900 കോടി രൂപയ്ക്ക് ഒഎന്‍ജിസിക്ക് കൈമാറാനുള്ള നടപടികള്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വില്‍പ്പന വഴി സര്‍ക്കാര്‍ സമാഹരിക്കുന്ന തുക 92,500 കോടി രൂപയിലെത്തും.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വില്‍പ്പന വഴി 72,500 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ലക്ഷ്യത്തെ ഇന്ത്യ മറികടക്കുന്നത്. ഏകീകൃത ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പിലാക്കിയതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ മൂലമാണ് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വില്‍പ്പന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 3.2 ശതമാനമായി ധനക്കമ്മി പിടിച്ചുനിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് സാധ്യമാകില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

ആസ്തി വില്‍പ്പനയിലെ വര്‍ധനയും ഇന്ത്യന്‍ ഓഹരി വിപണികളിലെ ഉണര്‍വും കണക്കിലെടുത്ത് 60,000 കോടി രൂപ മുതല്‍ 1.2 ലക്ഷം കോടി രൂപ വരെയുള്ള ആസ്തി വില്‍പ്പന ലക്ഷ്യം ജയ്റ്റ്‌ലി പ്രഖ്യാപിക്കുമെന്നാണ് വിപണി പ്രതിനിധികള്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

ആസ്തി വില്‍പ്പന ലക്ഷ്യം 1 ലക്ഷം കോടി രൂപ വരെയാകുമെന്ന് സിറ്റിഗ്രൂപ്പും ഡ്യൂഷെ ബാങ്കും കണക്കാക്കുമ്പോള്‍ ക്രെഡിറ്റ് സ്യൂസെ,ഗോള്‍ഡ്മാന്‍ സാച്‌സ്, മാകൈ്വറി ബാങ്ക്, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയ നിരീക്ഷകര്‍ കണക്കാക്കുന്നത് ഈ ലക്ഷ്യം 65,000-90,000 കോടി രൂപയിലായിരിക്കുമെന്നാണ്.

ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയുമായി സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2018ല്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 20ഓളം കമ്പനികളുടെ ഓഹരി വിറ്റഴിക്കലിനായി നിയമോപദേശകരുടെ സഹായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍, കോള്‍ ഇന്ത്യ എന്നിവയുടെ സെക്കണ്ടറി വില്‍പ്പന, ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്‌സിന്റെ ഐപിഒ എന്നിവക്കായുള്ള പദ്ധതികളും സര്‍ക്കാര്‍ തയാറാക്കി വരികയാണ്.

Comments

comments

Categories: Business & Economy