ധനക്കമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന് ഐക്ര

ധനക്കമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന് ഐക്ര

നികുതി വരുമാനത്തിലുണ്ടായ ഇടിവ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് നികത്താനാകുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടേതാണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍.

കേന്ദ്ര ബജറ്റില്‍ ധനപരമായ ഒതുക്കം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചന നല്‍കുന്നത്. 2014-2015 സാമ്പത്തിക വര്‍ഷം മുതലുള്ള (മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതലുള്ള) എല്ല ബജറ്റ് പ്രസംഗത്തിലും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ധനപരമായ ഏകീകരണം നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പല പാദങ്ങളിലും സമ്മര്‍ദം നേരിട്ടെങ്കിലും ഇവയെല്ലാം അതിജീവിച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് പൊതുചെലവിടല്‍ ഉയര്‍ത്താനും ധനക്കമ്മി ലക്ഷ്യം പിടിച്ചുനിര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. ഈ സാമ്പത്തിക വര്‍ഷവും ഇത്തരത്തില്‍ ധനക്കമ്മി ലക്ഷ്യം സാധ്യമാക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്താന്‍ സര്‍ക്കാരിന് ശേഷിയുണ്ടെന്ന ശുഭാപ്തി വിശ്വാസത്തിന് നിരവധി കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രത്യക്ഷ നികുതി വരുമാനം ഡിസംബറില്‍ മെച്ചപ്പെട്ടതും, ആദായ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു. നികുതി വരുമാനത്തിലുണ്ടായ ഇടിവ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് നികത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരിവിറ്റൊഴിയലില്‍ സംബന്ധിച്ച പ്രതീക്ഷകളും ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ വര്‍ഷം 90,000 കോടി രൂപയിലധികം ഓഹരി വിറ്റഴിക്കല്‍ വഴി നേടാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

അതേസമയം ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്തുന്നില്‍ ഈ വര്‍ഷം നേരിയ വ്യത്യാസമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പൊതു വിലയിരുത്തല്‍. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ പരോക്ഷ നികുതി വരുമാനം സംബന്ധിച്ച അനിശ്ചിതത്വങ്ങളാണ് ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടേക്കുമോ എന്ന ആശങ്കകള്‍ക്ക് കാരണം.

Comments

comments

Categories: Business & Economy