പോര്‍ഷെ എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നു

പോര്‍ഷെ എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നു

എഴുപതാം വാര്‍ഷികം ജൂണ്‍ 8 ന് ആഘോഷിക്കും

സ്റ്റുട്ട്ഗാര്‍ട്ട് (ജര്‍മ്മനി) : ജര്‍മ്മന്‍ ഹൈ-പെര്‍ഫോമന്‍സ് കാര്‍ കമ്പനിയായ പോര്‍ഷെ എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. സപ്തതി ഈ വര്‍ഷം ജൂണ്‍ 8 ന് ആഘോഷിക്കും. എഴുപത് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ആദ്യ പോര്‍ഷെ 356 ‘നമ്പര്‍ 1’ റോഡ്‌സ്റ്റര്‍ ഒരു ഓട്ടോമൊബീല്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ എന്ന പ്രശസ്ത കാറിന് കാരണഭൂതനായ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് സ്വന്തം ഓട്ടോമോട്ടീവ് കമ്പനി സ്ഥാപിക്കുന്നത്. ബാക്കിയെല്ലാം ചരിത്രം.

ചെറിയ എന്‍ജിനിലാണ് വന്നതെങ്കിലും എക്കാലത്തെയും മികച്ച ഐതിഹാസിക സ്‌പോര്‍ട്‌സ് കാറുകളിലൊന്നാണ് 356. പോര്‍ഷെ 550, പോര്‍ഷെ 911 തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് പിന്നീട് പോര്‍ഷെ ജന്‍മം നല്‍കി. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിഷന്‍ ഇ സെഡാന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ പുറത്തിറക്കിയായിരിക്കും പോര്‍ഷെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നത്. പോര്‍ഷെയുടെ ആദ്യ ഫുള്ളി ഇലക്ട്രിക് പ്രൊഡക്ഷന്‍ കാറാണ് മിഷന്‍ ഇ.

പോര്‍ഷെ എന്ന നാമധേയത്തില്‍ ഓള്‍-ഇലക്ട്രിക്, ഓള്‍-വീല്‍ ഡ്രൈവ് മോട്ടോര്‍ കാര്‍ ഇതാദ്യമായല്ല പുറത്തിറക്കുന്നത്. 1900 ല്‍ ഡോ. ഫെര്‍ഡിനാന്‍ഡ് പോര്‍ഷെ നാല് വീല്‍ ഹബ്ബുകളിലും മോട്ടോറുകളുള്ള ഇലക്ട്രിക് കാര്‍ രൂപകല്‍പ്പന ചെയ്തിരുന്നു. ഇതുതന്നെയാണ് ആദ്യ ഓള്‍ വീല്‍ ഡ്രൈവ് കാര്‍. ലൊഹ്‌നെര്‍-പോര്‍ഷെ എന്നറിയപ്പെട്ട ഈ കാറിന്റെ ഹൈബ്രിഡ് വേര്‍ഷന്‍ പിന്നീട് പുറത്തിറക്കിയിരുന്നു. ഇലക്ട്രിക് മോട്ടോറുകളും സാമ്പ്രദായിക പെട്രോള്‍ എന്‍ജിനും ഘടിപ്പിച്ചതായിരുന്നു ലൊഹ്‌നെര്‍-പോര്‍ഷെ മിക്‌സഡ് ഹൈബ്രിഡ് എന്ന കാര്‍.

പോര്‍ഷെ 356 പിന്നീട് പോര്‍ഷെ പോര്‍ഷെ 911 ന് വഴിമാറി. എന്നാല്‍ ഇതിനിടയില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന കാറുകള്‍ പലതുണ്ട്. ഒരു വാനിന്റെ എന്‍ജിനുമായി വന്ന പോര്‍ഷെ 914 ന് ‘മന്ദഗതിക്കാരന്‍’ എന്ന പരിഹാസം കേള്‍ക്കേണ്ടിവന്നു. എന്നാല്‍ ഈ പോരായ്മക്കിടയിലും പോര്‍ഷെ 914 വാങ്ങാന്‍ ധാരാളം പേര്‍ ഉണ്ടായിരുന്നു. ബോക്‌സ്റ്റര്‍, പോര്‍ഷെ കെയ്മാന്‍ മോഡലുകള്‍ നല്ല വില്‍പ്പന കാഴ്ച്ചവെച്ചു. പിന്നീടാണ് പോര്‍ഷെ കയേന്‍ കടന്നുവരുന്നത്.

എഴുപത് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ആദ്യ പോര്‍ഷെ 356 ‘നമ്പര്‍ 1’ റോഡ്‌സ്റ്റര്‍ ഒരു ഓട്ടോമൊബീല്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്

എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പോര്‍ഷെ ലോകമെങ്ങും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ലോസ് ആഞ്ജലസിലെ പ്രശസ്തമായ പീറ്റേഴ്‌സന്‍ മ്യൂസിയത്തില്‍ കാറുകളുടെ പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കും.

Comments

comments

Categories: Auto