വായ്പ വഴി 2.2 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിക്കാന്‍ ജിയോ

വായ്പ വഴി 2.2 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിക്കാന്‍ ജിയോ

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡി(ആര്‍കോം)ന്റെ വയര്‍ലസ് ആസ്തികള്‍ വാങ്ങുന്നതിനുള്ള ഫണ്ടിനായി വിദേശ കറന്‍സി വായ്പ വഴി 2.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കരിക്കാന്‍ റിലയന്‍സ് ജിയോ ഇന്‍ഫൊകോം ലിമിറ്റഡ് തയാറെടുക്കുന്നു. ഫണ്ട് സമാഹരണത്തിനായി വായ്പാദാതാക്കളുമായി ജിയോ ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ആര്‍കോം ആസ്തികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാട് മൂല്യം ജിയോ വെളിപ്പെടുത്തിയിട്ടില്ല. ജിയോയുടെ ഉടമസ്ഥ കമ്പനിയായ റിയലന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇടപാടിനാവശ്യമായ ഫണ്ടില്‍ ഒരുഭാഗം നല്‍കും.
ആര്‍കോമിന്റെ വയര്‍ലസ് സ്‌പെക്ട്രം, 43,000 ടവറുകള്‍, 178,000 കിലോമീറ്റര്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് ശൃംഖല മുതലായവ ഏറ്റെടുക്കുമെന്ന് ഡിസംബറിലാണ് ജിയോ പ്രഖ്യാപിച്ചത്.

പ്രാഥമികമായി കാഷ് പേമെന്റും ടെലികോം വകുപ്പിന് ആര്‍കോം നല്‍കാനുള്ള സ്‌പെക്ട്രം പേമെന്റ് ബാധ്യതയുമാണ് കരാറിലുള്ളത്. മാതൃകമ്പനി ശക്തമായ പിന്തുണ നല്‍കുന്നതിനാല്‍ ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന അധിക കടം ജിയോയുടെ ക്രെഡിറ്റ് പ്രൊഫൈലിനെ ബാധിക്കില്ലെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ ലിമിറ്റഡ് ജനുവരിയില്‍ പറഞ്ഞിരുന്നു.

2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഇക്വിറ്റിയായി 45,000 കോടി രൂപയും മുന്‍ഗണനാ ഓഹരികളായി 33,785 കോടി രൂപയും ആര്‍ഐഎല്‍ ജിയോയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജിയോയുടെ 19,232 കോടി രൂപയുടെ കടബാധ്യത വീട്ടുന്നതിനും അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. റിലയന്‍സ് ജിയോയില്‍ 99.44 ശതമാനം ഉടമസ്ഥതയാണ് ആര്‍ഐഎല്ലിനുള്ളത്. 2016 സെപ്റ്റംബറില്‍ സേവനം ആരംഭിച്ച ജിയോ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 504 കോടി രൂപയാണ് ലാഭമായി രേഖപ്പെടുത്തിയത്.

Comments

comments

Categories: Business & Economy