ഐകിയ സ്ഥാപകന്‍ ഇംഗ്‌വാര്‍ കാംപ്രാഡ് അന്തരിച്ചു

ഐകിയ സ്ഥാപകന്‍ ഇംഗ്‌വാര്‍ കാംപ്രാഡ് അന്തരിച്ചു

സ്‌റ്റോക്ക്‌ഹോം: സ്വീഡന്‍ ആസ്ഥാനമാക്കിയ ബഹുരാഷ്ട്ര ഫര്‍ണിച്ചര്‍ കമ്പനി ഐകിയയുടെ സ്ഥാപകനും ശതകോടീശ്വരനുമായ ഇംഗ്‌വാര്‍ കാംപ്രാഡ് (91) അന്തരിച്ചു. ജനുവരി 27ന് സ്വീഡനിലെ സ്മാലന്‍ഡിലെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കമ്പനിയാണ് കാംപ്രാഡിന്റെ വിയോഗ വിവരം പുറത്തുവിട്ടത്. കാര്‍ക്കശ്യക്കാരനും കഠിനാധ്വാനിയുമാണ് കാംപ്രാഡെന്നും ജീവിതത്തിന്റെ അവസാന കാലം വരെ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം സ്വന്തം ലക്ഷ്യം ഏറെക്കുറെ സഫലീകരിച്ചതായും ഐകിയ പറഞ്ഞു.

20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംരംഭകരിലൊരാളായാണ് ഇംഗ്‌വാര്‍ കാംപ്രാഡ് കണക്കാക്കപ്പെടുന്നത്. ദക്ഷിണ സ്വീഡനില്‍ 1926 മാര്‍ച്ച് 30ന് ജനനം. അഞ്ചാം വയസില്‍ അയല്‍വാസികള്‍ക്ക് തീപ്പെട്ടി വിറ്റുകൊണ്ട് വ്യവസായ രംഗത്ത് പിച്ചവച്ചു തുടങ്ങി. പിന്നീട് വിത്തുകള്‍, പെന്‍സിലുകള്‍, പേനകള്‍, ക്രിസ്മസ് ട്രീ അലങ്കാരങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയിലേക്കും കാംപ്രാഡ് കടന്നു.1943 ല്‍ തന്റെ പതിനേഴാമത്തെ വയസിലാണ് കാംപ്രാഡ് ലോകപ്രശസ്ത ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഐകിയ സ്ഥാപിക്കുന്നത്.

1956 ല്‍ കൂട്ടിയോജിപ്പിക്കാവുന്ന തരത്തിലെ ഫര്‍ണിച്ചറുകള്‍ അവതരിപ്പിച്ചതോടെ ഐകിയ കുതിപ്പ് തുടങ്ങി. ഒരു മേശയുടെ കാല്‍ ഊരിമാറ്റി ഉപഭോക്താവിന്റെ കാറില്‍ വയ്ക്കുന്നത് കണ്ടപ്പോഴാണ് കൂട്ടിയോജിപ്പിക്കാവുന്ന ഫര്‍ണിച്ചര്‍ എന്ന ആശയം അദ്ദേഹത്തിന്റെ മനസില്‍ ഉദിച്ചത്. ഗതാഗത ചെലവുകള്‍ കുറയ്ക്കാനും സ്ഥലം ലാഭിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കാംപ്രാഡ് തിരിച്ചറിഞ്ഞു. നിലവില്‍ 400 ലധികം സ്റ്റോറുകളുള്ള കമ്പനിയായി ഐകിയ വളര്‍ന്നുകഴിഞ്ഞു. ഒരു ബില്യണില്‍ അധികം ഉപഭോക്താക്കളാണ് ഓരോ വര്‍ഷവും ലോകത്തെമ്പാടുമുള്ള ഐകിയ സ്റ്റോറുകളിലെത്തുന്നത്.

ധാരാളം സമ്പത്തുള്ളപ്പോഴും ചെലവു കുറഞ്ഞ ജീവിതമായിരുന്നു കാംപ്രാഡ് നയിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ താമസം. അതേസമയം, സ്വീഡന് പുറത്ത് താമസിക്കാനുള്ള കാംപ്രാഡിന്റെ തീരുമാനം രാജ്യത്തെ ഉയര്‍ന്ന വരുമാന നികുതിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് വേണ്ടിയാണെന്ന വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുകയുണ്ടായി. അടുത്തകാലത്തായി കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കാംപ്രാഡ് ഇടപെട്ടിരുന്നില്ല. പകരം ഉപദേഷ്ടാവായി തുടര്‍ന്നിരുന്നു.

മക്കളായ പീറ്റര്‍, ജോനാസ്, മത്യാസ് എന്നിവര്‍ കമ്പനിയുടെ വിവിധ വിഭാഗങ്ങളുടെ ബോര്‍ഡിലുണ്ടെങ്കിലും കാംപ്രാഡിന്റെ കുടുംബത്തിനല്ല ഐകിയയുടെ നിയന്ത്രണാധികാരം. അതുല്യനായൊരു വ്യവസായിയാണ് കാംപ്രാഡെന്നും സ്വീഡനിലെ ബിസിനസ് രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിച്ചതായും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫെന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Comments

comments

Categories: Life