ബജാജ് അലയന്‍സ് സമ്പൂര്‍ണ വനിതാശാഖ ഉദ്ഘാടനം ചെയ്തു

ബജാജ് അലയന്‍സ് സമ്പൂര്‍ണ വനിതാശാഖ ഉദ്ഘാടനം ചെയ്തു

കൊച്ചി : ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ പുതിയ ഓഫീസ് രവിപുരത്ത് കോസ്റ്റല്‍ ചേംബേഴ്‌സില്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി ഇവിടെ സമ്പൂര്‍ണ വനിതാ ശാഖയും പ്രവര്‍ത്തനമാരംഭിച്ചു.

പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വനിതകള്‍ക്കുള്ള സ്വാധീനം കണക്കിലെടുത്താണ് സമ്പൂര്‍ണ വനിതാ ബ്രാഞ്ച് ആരംഭിക്കുന്നതെന്ന് ബജാജ് അലയന്‍സ് മാനെജിംഗ് ഡയറക്റ്ററും സിഇഒയുമായ തപന്‍ സിംഘല്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാര്യരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കൊച്ചി മേഖലയില്‍ ബജാജ് അലയന്‍സ് അടുത്തിടെ 30 വിര്‍ച്വല്‍ ഓഫീസുകള്‍ തുറന്നിട്ടുണ്ട്. അടുത്ത ആറു മാസത്തിനുള്ളില്‍ 15 ഓഫീസുകള്‍ കൂടി തുറക്കും. പോളിസി മുതല്‍ ക്ലെയിം സെറ്റില്‍മെന്റ് വരെയുള്ള സേവനങ്ങള്‍ ഇടപാടുകാരുടെ വീട്ടുപടിക്കല്‍ മൊബീല്‍ ആപ്ലിക്കേഷന്‍ വഴി എത്തിക്കുന്ന ഡിജിറ്റല്‍ സംവിധാനമാണ് വിര്‍ച്വല്‍ ഓഫീസ്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ ലാഭം 11 ശതമാനം വര്‍ധിച്ച് 260 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 234 കോടി രൂപയായിരുന്നു. ഗ്രോസ് റിട്ടണ്‍ പ്രീമിയം 31 ശതമാനം വര്‍ധനവോടെ 2179 കോടിയില്‍ നിന്ന് 2857 കോടി രൂപയായി ഉയര്‍ന്നു. അണ്ടര്‍ റൈറ്റിംഗ് പ്രോഫിറ്റ് 29 കോടി രൂപയില്‍ നിന്ന് 150 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7687 കോടി രൂപയായിരുന്നു മൊത്തം വിറ്റുവരവ്. മൊത്തം ലാഭം 1078 കോടി രൂപയുമായിരുന്നു.

Comments

comments

Categories: Business & Economy, Women