‘ഞങ്ങള്‍ ലക്ഷ്യമിടുന്നത് 25 ശതമാനം വിപണിവിഹിതം’

‘ഞങ്ങള്‍ ലക്ഷ്യമിടുന്നത് 25 ശതമാനം വിപണിവിഹിതം’

കുവൈറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചെലവ് കുറഞ്ഞ വിമാനക്കമ്പനി ജസീറ എയര്‍വേയ്‌സ് കേരളത്തിലും ചുവടുറപ്പിക്കുന്നു. ഈ മാസം മുതല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ജസീറ എയര്‍വേയ്‌സ് കുവൈറ്റിലേക്ക് ആരംഭിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും അടുത്തിടെ ജസീറ കുവൈത്തിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നു. ഗള്‍ഫിലെ ലോ കോസ്റ്റ് ചാമ്പ്യനെന്ന് പേര് നേടിയ ജസീറ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയെ നോക്കിക്കാണുന്നത്.

കുറഞ്ഞ ചെലവില്‍ വ്യോമയാനഗതാഗതം സാധ്യമാക്കുന്ന മുന്‍നിര വിമാന സര്‍വീസുകളില്‍ ഒന്നായ ജസീറ എയര്‍വേയ്‌സ് വ്യോമയാന വിപണിയുടെ 25 ശതമാനം വിഹിതമാണ് ലക്ഷ്യമിടുന്നതെന്ന് ജസീറ എയര്‍വേയ്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ വാര്‍ഡ് ഫ്യൂച്ചര്‍ കേരളയ്ക്കനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.

വ്യോമയാന രംഗത്തെ ഇന്ത്യയുടെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു?

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വിശാലമായൊരു എയര്‍ലൈന്‍ വിപണിയാണ് ഇന്ത്യയ്ക്കുള്ളത്. അത് മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് വ്യോമയാനരംഗത്ത് 14 വര്‍ഷം പൂര്‍ത്തിയാക്കിയ ജസീറ എയര്‍വേയ്‌സ്, വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയെ തെരെഞ്ഞെടുത്തത്. നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിന്റെ വെളിച്ചത്തിലാണ് കൂടുതല്‍ നഗരങ്ങളിലേക്ക് ജസീറ എയര്‍വേയ്‌സ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെ സേവന ശൃംഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ അടിയുറച്ചു തന്നെയാണ് കമ്പനി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. കൊച്ചിക്ക് ശേഷം, മുംബൈ ആണ് അടുത്തലക്ഷ്യം. മറ്റു ഇന്ത്യന്‍ നഗരങ്ങളെക്കുറിച്ചും പഠിച്ചു വരുന്നു.

ഇപ്പോള്‍ ഇ-വിസ സംവിധാനം കൂടുതല്‍ മികവുറ്റതായതിനാല്‍ മെഡിക്കല്‍ ടൂറിസം ലക്ഷ്യമിട്ട് കുവൈറ്റില്‍ നിന്നും ഇവിടേക്ക് വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ അവസരം ശരിയായ രീതിയില്‍ വിനിയോഗിക്കുക എന്നതാണ് കേരള വിപണിയുമായി ബന്ധപ്പെട്ട് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം

മത്സരം ശക്തമാകുകയാണ് വ്യോമയാനരംഗത്ത്. മറ്റ് എയര്‍ലൈന്‍ സര്‍വീസുകളെ അപേക്ഷിച്ച് ജസീറ എയര്‍വേയ്‌സിനെ വ്യത്യസ്തമാക്കുന്ന ഘടകമെന്താണ്?

എക്കാലത്തും ഞങ്ങളുടെ യുഎസ്പി ചെലവ് ചുരുങ്ങിയ വിമാനയാത്ര എന്നത് തന്നെയാണ്. 14 വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഉള്ള ആ വിഷന്‍ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. കുവൈറ്റിലെ ആദ്യത്തെ സ്വകാര്യ വിമാന സര്‍വീസ് ആണ് ജസീറ എയര്‍വേയ്‌സ്. ഏഷ്യയിലും യൂറോപ്പിലുമായി 20ല്‍ പരം ഡെസ്റ്റിനേഷനുകളിലേക്ക് നിലവില്‍ ജസീറ എയര്‍വേയ്‌സിന് സര്‍വീസ് ഉണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപണി വികസിപ്പിക്കുമ്പോഴും പ്രധാനലക്ഷ്യം ലോ കോസ്റ്റ് എയര്‍ ട്രാവല്‍ എന്നത് പ്രാവര്‍ത്തികമാക്കുക എന്നത് തന്നെയായിരിക്കും. ഈ വര്‍ഷം രണ്ടാം പാദത്തോടെ ജസീറ എയര്‍വേ്‌സ് കുവൈറ്റില്‍ സ്വന്തം ടെര്‍മിനലിലേക്ക് മാറും. സ്വന്തമായി 8 എ 320 വിമാനങ്ങള്‍ ഉള്ള കമ്പനിയാണ് ജസീറ എയര്‍വേയ്‌സ് .

കേരള ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ജസീറ എയര്‍വേയ്‌സ് പദ്ധതിയിടുന്നത്. ഇതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു

കേരളത്തിലെ വിപണി ജസീറ എയര്‍വേയ്‌സിനെ സംബന്ധിച്ചിടത്തോളം എത്രമാത്രം നിര്‍ണായകമാണ്?

ഏറെ സാധ്യതകളുള്ള വിപണി എന്ന നിലയ്ക്കാണ് ഹൈദരാബാദിനും അഹമ്മദാബാദിനും ശേഷം കൊച്ചിയില്‍ സര്‍വീസ് നടത്തുവാന്‍ കമ്പനി തീരുമാനിച്ചത് . തുടക്കത്തില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലായി കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. 9500 രൂപയാണ് ഇക്കോണമി ക്ലാസിലെ യാത്രാ നിരക്ക്. ബിസിനസ് ക്ലാസില്‍ ഭക്ഷണം ഉള്‍പ്പെടെ 13000 രൂപ മാത്രമാണ് ഈടാക്കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യത്തോടെയുള്ള യാത്ര എന്ന പോയിന്റില്‍ നിന്നുകൊണ്ട് തന്നെ സംസ്ഥാന എയര്‍ലൈന്‍ വിപണിയുടെ 25 % വിഹിതം വരും വര്‍ഷങ്ങളില്‍ സ്വന്തമാക്കുക എന്നതാണ് ജസീറ എയര്‍വേയ്‌സിന്റെ ലക്ഷ്യം.165 സീറ്റുള്ള വിമാനങ്ങളാണ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നും പറക്കുന്നത്.

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് മറ്റെന്തെങ്കിലും പരിപാടികള്‍ വിഭാവനം ചെയ്യുന്നുണ്ടോ?

തീര്‍ച്ചയായും. ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ജസീറ എയര്‍വേയ്‌സ് പദ്ധതിയിടുന്നത്. ഇതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ടൂറിസം വകുപ്പുമായി ഇതുസംബന്ധിച്ച് സംസാരിക്കുന്നുണ്ട്. മെഡിക്കല്‍ ടൂറിസത്തിനു പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോള്‍ ഇ വിസ സംവിധാനം കൂടുതല്‍ മികവുറ്റതായതിനാല്‍ മെഡിക്കല്‍ ടൂറിസം ലക്ഷ്യമിട്ട് കുവൈറ്റില്‍ നിന്നും ഇവിടേക്ക് വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ അവസരം ശരിയായ രീതിയില്‍ വിനിയോഗിക്കുക എന്നതാണ് കേരള വിപണിയുമായി ബന്ധപ്പെട്ട് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം.

ഭാവി പദ്ധതികള്‍?

ആഗോള തലത്തില്‍ യൂറോപ്പിനും ഏഷ്യക്കും പുറമെ പുതിയ വിപണികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. ഇന്ത്യയുടെ കാര്യമെടുത്താല്‍ കൊച്ചിക്ക് ശേഷം, മുംബൈ പ്രധാന വിപണിയായിക്കണ്ട് വികസിപ്പിക്കും. ഒപ്പം മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

Comments

comments

Categories: Arabia, Business & Economy