ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സാപദ്ധതിയുമായി ശ്രീധരീയം

ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സാപദ്ധതിയുമായി ശ്രീധരീയം

ആദ്യ സൗജന്യ ക്യാമ്പ് ഫെബ്രു. 2 മുതല്‍ 4 വരെ കൊച്ചിയില്‍; രാജ്യമൊട്ടാകെ 1000 പേര്‍ക്ക് സൗജന്യ സമ്പൂര്‍ണ ചികിത്സ

കൊച്ചി: ആധുനിക സംവിധാനങ്ങളോടെ ആയുര്‍വേദ നേത്രാചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീധരീയം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി ബോധവല്‍ക്കരണ, ചികിത്സാപദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധനയും കണ്‍സള്‍ട്ടേഷന്‍ ക്യാമ്പും ഫെബ്രുവരി 2 മുതല്‍ 4 വരെ കൊച്ചി കലൂര്‍ കടവന്ത്ര റോഡില്‍ കതൃക്കടവിലുള്ള ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക്‌സില്‍ നടക്കും. ഒരു വര്‍ഷത്തിനിടെ രാജ്യമൊട്ടാകെയുള്ള 34 ശാഖകള്‍ കേന്ദ്രീകരിച്ച് 72 ക്യാമ്പുകള്‍ നടത്തും. പദ്ധതിയുടെ ഭാഗമായി ആയിരം പേര്‍ക്ക് സമ്പൂര്‍ണ ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സയും സൗജന്യമായി നല്‍കുമെന്ന് ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക്‌സ് ആന്‍ഡ് പഞ്ചകര്‍മ മാനേജിംഗ് ഡയറക്റ്റര്‍ ഹരി എന്‍ നമ്പൂതിരി പറഞ്ഞു. പ്രമേഹത്തിന്റെ ആഗോള തലസ്ഥാനം എന്ന് ഇന്ത്യ വിശേഷിപ്പിക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രമേഹരോഗികളുള്ളത് കേരളത്തിലാണെന്നതിന്റെ പശ്ചാത്തലത്തിലാണ് ശ്രീധരീയത്തിന്റെ പദ്ധതി. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 04844061205; 94977 24244 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പത്തു വര്‍ഷത്തിലേറെയായി പ്രമേഹ ബാധിതരായവരില്‍ ഭൂരിപക്ഷത്തിനും ഡയബറ്റിക് റെറ്റിനോപ്പതി പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ശ്രീധരീയം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ നാരായണന്‍ നമ്പൂതിരി പറഞ്ഞു. എന്നാല്‍ ഇന്ന് പ്രമേഹം അഞ്ചുവര്‍ഷമായി നിയന്ത്രണവിധേയമല്ലാത്തവരിലെ 35%നും ഡയബറ്റിക് റെറ്റിനോപ്പതി കാണപ്പെടുന്നു. പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരുടെ റെറ്റിനയിലെ സൂക്ഷ്മമായ ഞരമ്പുകള്‍ക്ക് കേടുപറ്റുന്നതാണ് ഡയബറ്റിക് റെറ്റിനോപ്പതി. കാഴ്ചയ്ക്ക് ഗുരുതരമായി മങ്ങലേല്‍ക്കുന്നതാണ് ഇതിന്റെ പ്രത്യാഘാതം. മൂര്‍ധന്യാവസ്ഥയില്‍ റെറ്റിനയുടെ പ്രതലത്തില്‍ ഈ ഞരമ്പുകള്‍ പെരുകുകയും റെറ്റിന പൂര്‍ണമായി അപകടത്തിലായി കാഴ്ച നശിക്കുകയും ചെയ്യും. പ്രമേഹ ബാധിതരില്‍ മൂന്നിലൊന്നു പേര്‍ രോഗബാധിതരാണെന്ന വസ്തുത അറിയുന്നില്ലെന്നതും റെറ്റിനോപ്പതിയുടെ ഭീഷണിയെ കൂടുതല്‍ ഗുരുതരമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബാക്ക്ഗ്രൗണ്ട് റെറ്റിനോപ്പതി, ഡയബറ്റിക് മകുലോപ്പതി, പ്രൊലിഫറേറ്റ് റെറ്റിനോപ്പതി എന്നിങ്ങനെ മൂന്നു തരത്തിലാണ് രോഗവസ്ഥകള്‍. മങ്ങിയ കാഴ്ച, വായിക്കാന്‍ ബുദ്ധിമുട്ട്, കറുത്ത പൊട്ടുകള്‍ കാണുന്നത്, നിഴല്‍, വേദന, സമ്മര്‍ദ്ദം, നിറങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സമയാസമയം ഡൈലേറ്റഡ് പരിശോധന, ചികിത്സ, ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള പ്രമേഹ നിയന്ത്രണം തുടങ്ങിയവ മാത്രമാണ് പ്രതിരോധമാര്‍ഗങ്ങള്‍.

20 വര്‍ഷത്തിലേറെ പ്രമേഹ ബാധിതരായ 80 ശതമാനം പേര്‍ക്കും ഡയബറ്റിക് റെറ്റിനോപ്പതി പിടിപെടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ജോലി ചെയ്യുന്ന പ്രായത്തില്‍പ്പെട്ടവരുടെ (20 മുതല്‍ 64 വരെ വയസ്) അന്ധതയുടെ പ്രധാന കാരണം ഡയബറ്റിക് റെറ്റിനോപ്പതിയാണ് എന്നതാണ് മറ്റൊരു വസ്തുത. ഓരോ വര്‍ഷവും 12 ശതമാനം പേര്‍ക്കാണ് ഈ രോഗം മൂലം കാഴ്ച നഷ്ടപ്പെടുന്നത്. പ്രമേഹബാധിതര്‍ക്ക് കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത പ്രമേഹമില്ലാത്തവരേക്കാള്‍ 25 മടങ്ങാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാഴ്ചയെ ബാധിക്കുന്നതിനു പുറമെ ഹൃദയം, കിഡ്‌നി എന്നിവയേയും പ്രമേഹം അപകടത്തിലാക്കുന്നു. 2035ഓടെ ഇന്ത്യയില്‍ 10.9 കോടി പേര്‍ പ്രമേഹബാധിതരാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ഇത് 7.2 കോടിയാണ്.

ഡയബറ്റിക് റെറ്റിനോപ്പതിയുടെ കാര്യത്തില്‍ യഥാസമയം പരിശോധന നടത്തി പ്രതിരോധ ചികിത്സാ നടപടികള്‍ സ്വീകരിച്ചാല്‍ 90 ശതമാനം കേസുകളിലും പ്രത്യാഘാതങ്ങള്‍ ഗണ്യമായി കുറയ്ക്കാം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആയുര്‍വേദത്തില്‍ മികച്ച ചികിത്സാമാര്‍ഗങ്ങളാണ് ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ളത്. ആധുനിക പരിശോധനാ മാര്‍ഗങ്ങളുപയോഗിച്ച് രോഗം കണ്ടുപിടിക്കുകയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ഒപ്പം നൂറ്റാണ്ടുകളായി ഫലപ്രാപ്തി തെളിയിച്ച ചികിത്സയിലൂടെ രോഗം ഭേദമാക്കുകയും ചെയ്യുന്നതിലൂടെ ഈ രംഗത്ത് മികച്ച സേവനമാണ് ശ്രീധരീയം നല്‍കിവരുന്നത്.

 

Comments

comments

Categories: Business & Economy, Life