എംജി ക്ലാസിക് കാര്‍ ഉടമകളെ കണ്ടെത്താന്‍ എംജി മോട്ടോര്‍

എംജി ക്ലാസിക് കാര്‍ ഉടമകളെ കണ്ടെത്താന്‍ എംജി മോട്ടോര്‍

എംജി കാര്‍ ഉടമകള്‍ക്ക് എംജി മോട്ടോറിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്ന എംജി മോട്ടോര്‍ രാജ്യത്തെ എംജി ക്ലാസിക് കാര്‍ ഉടമകളെ കണ്ടെത്തും. ഇതുമായി ബന്ധപ്പെട്ട് റീകണക്റ്റ് കാംപെയ്ന്‍ ആരംഭിച്ചതായി ചൈനീസ് കമ്പനിയായ എസ്എഐസിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. വാഹനങ്ങളുടെ ലോകത്ത് വലിയ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന കമ്പനിയാണ് മോറിസ് ഗാരേജസ് എന്ന എംജി മോട്ടോര്‍. 1920 കളിലെയും 30 കളിലെയും 40 കളിലെയും എംജി കാറുകള്‍ ഇന്ത്യയിലെ വിന്റേജ് കാര്‍ റാലികളിലും ഡ്രൈവുകളിലും ഇപ്പോഴും കാണാം.

ഇന്ത്യയിലെ എംജി ക്ലാസിക് കാര്‍ ഉടമകളുമായി പഴയ ബന്ധം വിളക്കിച്ചേര്‍ക്കുന്നതിനാണ് എംജി മോട്ടോര്‍ ശ്രമിക്കുന്നത്. ഈ വിന്റേജ് കാര്‍ ഉടമകളാണ് തങ്ങളുടെ ആദ്യ, യഥാര്‍ത്ഥ അംബാസഡര്‍മാരെന്ന് കമ്പനി വിശ്വസിക്കുന്നു. ഇന്ത്യയില്‍ എംജി മോട്ടോര്‍ എന്ന ബ്രാന്‍ഡിനെ വളര്‍ത്തി വലുതാക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നും ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനി കരുതുന്നു.

ഓട്ടോ എക്‌സ്‌പോയില്‍ എംജി മോട്ടോര്‍ ഇന്ത്യയില്‍ ഔദ്യോഗിക അരങ്ങേറ്റം കുറിക്കും. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് കാറുകള്‍ നിര്‍മ്മിക്കുന്നത്

വിന്റേജ് എംജി കാര്‍ ഉടമകളും കാര്‍ റിസ്‌റ്റോറര്‍മാരും തങ്ങളുമായി ബന്ധപ്പെടണമെന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിന് കമ്പനി ഇവര്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ധാരാളം പേര്‍ ബന്ധം പുന:സ്ഥാപിച്ചതായി എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. നിങ്ങളുടെ ഉടമസ്ഥതയില്‍ എംജി കാര്‍ ഉണ്ടെങ്കില്‍ എംജി മോട്ടോറിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പുതിയ മോഡലുകളുമായി എംജി മോട്ടോര്‍ ഇപ്പോള്‍ ഒരു ആധുനിക ബ്രാന്‍ഡാണ്. ഇസഡ്എസ്, ജിഎസ് എസ്‌യുവികള്‍, എംജി 3 ഹാച്ച്ബാക്ക് എന്നിവ ഉള്‍പ്പെടെയുള്ള മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ എംജി മോട്ടോര്‍ ഇന്ത്യയില്‍ ഔദ്യോഗിക അരങ്ങേറ്റം കുറിക്കും. ചില മോഡലുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും പ്രതീക്ഷിക്കാം. എംജി മോട്ടോറിന്റെ ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് കാറുകള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനറല്‍ മോട്ടോഴ്‌സില്‍നിന്നാണ് ഹാലോള്‍ പ്ലാന്റ് ഏറ്റെടുത്തത്. നിലവില്‍ ഈ പ്ലാന്റില്‍ പ്രതിവര്‍ഷം 80,000 കാറുകള്‍ നിര്‍മ്മിക്കാം.

Comments

comments

Categories: Auto