ജാസ്‌പെര്‍ ഇന്‍ഫോടെക് യൂണികൊമേഴ്‌സ് യൂണിറ്റ് ഒഴിവാക്കുന്നു

ജാസ്‌പെര്‍ ഇന്‍ഫോടെക് യൂണികൊമേഴ്‌സ് യൂണിറ്റ് ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ജാസ്‌പെര്‍ ഇന്‍ഫോടെക് തങ്ങളുടെ വെയര്‍ഹൗസ് മാനെജ്‌മെന്റ് കമ്പനിയായ യുണികൊമേഴ്‌സ് ഇ സൊലൂഷന്‍സ് വില്‍ക്കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രധാനഘടകമായ ഇതിന്റെ വില്‍പ്പന ധനപരമായ ആവശ്യങ്ങള്‍ക്കായാണെന്നാണ് വിവരം. ഇതു സംബന്ധിച്ച് കമ്പനി വിവിധ സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇ കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ആമസോണ്‍, ഇന്‍ട്യൂട്ട്, തുടങ്ങി വന്‍കിട കമ്പനികളെയാണ് ഇതിനായി ജാസ്‌പെര്‍ ഇന്‍ഫോടെക് സമീപിച്ചിരിക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ സ്ഥാപനം പുറത്ത് വിട്ടിട്ടില്ല.

2015ല്‍ 40 മില്യണ്‍ ഡോളര്‍ വരുമാനമാണ് സ്ഥാപനം രേഖപ്പെടുത്തിയിരുന്നത്. അതിനാല്‍ തന്നെ മികച്ച സാധ്യതതകളും വിപണിയില്‍ കമ്പനിക്കുണ്ട്. ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളെല്ലാം ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കാന്‍ പ്രയത്‌നിക്കുന്നതിനാല്‍ തന്നെ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് പ്രതീക്ഷയര്‍പ്പിക്കാവുന്ന കാര്യമാണ്. ഉപഭോക്താക്കള്‍ക്കായി മള്‍ട്ടിചാനല്‍ വെയര്‍ഹൗസുകളും മറ്റും സജ്ജമാക്കിക്കൊണ്ടാണ് യൂണികൊമേഴ്‌സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ആമസോണിന് പ്രാദേശികാടിസ്ഥാനത്തില്‍ മികച്ച വരുമാനം നേടിയെടുക്കുന്നതിന് സഹായകമാകും.

വന്‍കിട- ചെറുകിട സംരംഭകര്‍ക്കെല്ലാം മികച്ച രീതിയില്‍ വിനിയോഗിക്കാവുന്ന മേഖലയായതിനാല്‍ തന്നെ യൂണികൊമേഴ്‌സ് രംഗം ഏറ്റെടുക്കുന്നത് ഇന്‍ട്യൂട്ടിന് ഗുണകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അങ്കിത് പ്രുതി, കരുണ്‍ സിംഗ്ല, വിഭു ഗര്‍ഗ് തുടങ്ങിവര്‍ ചേര്‍ന്ന് 2012ല്‍ ആരംഭിച്ച യൂണികൊമേഴ്‌സ് വിഭാഗം ഓണ്‍ലൈന്‍ രംഗത്തും റീടെയില്‍ രംഗത്തും സജീവസാന്നിധ്യമായാണ് പ്രവര്‍ത്തിക്കുന്നത്. പതിനായിരത്തിലധികം വില്പനക്കാരുള്ള സ്ഥാപനം വാര്‍ഷികാടിസ്ഥാനത്തില്‍ 100 മില്യണ്‍ ഓര്‍ഡറുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിനായി ആമസോണ്‍. ജബോംഗ്, ഫഌപ്കാര്‍ട്ട്, ഇബേ തുടങ്ങിയ സ്ഥാപനങ്ങളോട് സഹകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടെന്നുള്ള വരുമാന മാര്‍ഗങ്ങള്‍ക്ക് പിന്നാലെ പായാതെ മികച്ച രീതിയിലുള്ള മാര്‍ക്കറ്റിംഗ് രീതികള്‍ക്ക് നടപ്പിലാക്കിക്കൊണ്ടാണ് ജാസ്‌പെര്‍ ഇന്‍ഫോടെക് യൂണികൊമേഴ്‌സ് വിഭാഗത്തെ വളര്‍ത്തിയെടുത്തത്.

Comments

comments

Categories: Business & Economy