മാസ് ഹിസ്റ്റീരിയയുടെ ചരിത്രം

മാസ് ഹിസ്റ്റീരിയയുടെ ചരിത്രം

ഒരു സംഭവത്തെയോ കേട്ടുകേള്‍വിയെയോ അടിസ്ഥാനപ്പെടുത്തി ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ വൈകാരികമായ ഐക്യപ്പെടലുണ്ടാകുകയും അവര്‍ ഒരേതരത്തില്‍ വികാര പ്രചോദിതമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോഴാണ് മാസ് ഹിസ്റ്റീരിയ സംഭവിക്കുന്നത്. സമൂഹത്തിന്റെ പല തലങ്ങളില്‍ പല തോതുകളില്‍ ദൈനംദിനം ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു

1374 ജൂണ്‍ 24ന് ജര്‍മന്‍ നഗരമായ ആചെനില്‍ ആയിരക്കണക്കിനാളുകള്‍ നഗരവീഥികളിലൂടെ ഭൂതാവിഷ്ടരെ പോലെ നടന്നു നീങ്ങി. ചിലര്‍ വായിലൂടെ നുരയും പതയും ഒലിപ്പിച്ച് അപസ്മാര ബാധിതരെ പോലെ കാണപ്പെട്ടു. ചിലര്‍ ശ്വാസംകിട്ടാതെ വഴിയില്‍ വീണ് പിടഞ്ഞു. ചിലര്‍ ഹൃദയാഘാതം മൂലവും പക്ഷാഘാതം മൂലവും മരണപ്പെട്ടു. സെന്റ് ജോണ്‍സ് ഡാന്‍സ് എന്ന് ഇത് അറിയപ്പെട്ടു. ആഴ്ചകള്‍ക്കുള്ളില്‍ ഈ പ്രതിഭാസം നെതര്‍ലാന്‍ഡ്‌സിലേക്കും വടക്കുകിഴക്കന്‍ ഫ്രാന്‍സിലേക്കും വ്യാപിച്ചു. വിചിത്രവും നി്ഗൂഢവുമായ ഈ സംഭവപരമ്പരയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടക്കുയും നിരവധി വ്യാഖ്യാനങ്ങള്‍ വരികയും ചെയ്തിരുന്നു. മനശാസ്ത്ര ശാഖ കൂടുതല്‍ വികാസം പ്രാപിച്ച ശേഷമാണ് ഇതിന് ശരിയായ ഉത്തരം ലഭിച്ചത്. മാസ് ഹിസ്റ്റീരിയ എന്ന ആള്‍ക്കൂട്ട മനോരോഗാവസ്ഥയായിരുന്നു അവരെ ആവേശിച്ചിരുന്നത്.

1962 ജനുവരി മാസത്തില്‍ താന്‍സാനിയയിലെ കഷാഷയിലുള്ള ഒരു പെണ്‍ പള്ളിക്കൂടത്തില്‍ വിചിത്രമായ ഒരു ചിരിജ്വരം പൊട്ടിപ്പുറപ്പട്ടു. കുട്ടികള്‍ നിര്‍ത്താതെ ചിരിക്കാനും കരയാനും സമനില തെറ്റി ഓടാനും തുടങ്ങി. കുറച്ചു കുട്ടികളില്‍ നിന്ന് തുടങ്ങിയ ചിരിയും കരച്ചിലും പെട്ടെന്നു തന്നെ വ്യാപിച്ചു. സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കും ചിരിജ്വരം വ്യാപിച്ചു. കുട്ടികള്‍ നിര്‍ത്താതെ ചിരിക്കുകയും കരയുകയും ചെയ്തതിനെ തുടര്‍ന്ന 14 സ്്കൂളുകള്‍ പൂട്ടിയിടേണ്ടിവന്നു. ഒരു വര്‍ഷത്തോളം പലയിടങ്ങളിലായി തുടര്‍ന്ന ഈ പ്രതിഭാസം ഒരു കാരണവുമില്ലാതെ നിലയ്ക്കുകയും ചെയ്തു. പിന്നീട് ഇതേക്കുറിച്ച് നടന്ന പഠനത്തില്‍ ഇത് ഒരു മാസ് ഹിസ്റ്റീരിയയായിരുന്നുവെന്നും സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും വിലയിരുത്തപ്പെട്ടു.

1692ല്‍ അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള സാലെം എന്ന തീരപ്രദേശത്ത് ആളുകളില്‍ സാത്താന്‍ ബാധ പടര്‍ന്നു പിടിച്ചു. എലിസബത്ത് പാരീസ്, അബിഗെയ്ല്‍ വില്ല്യംസ് എന്നീ പെണ്‍കുട്ടികളില്‍ നിന്നായിരുന്നു തുടക്കം. ബാധ കയറിയതുപോലെ പെരുമാറുന്ന ഈ കുട്ടികളെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാതെ വന്നതോടെ സര്‍ക്കാര്‍ ഇടപെട്ടു. ലോക്കല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ച കുട്ടികള്‍ മജിസ്‌ട്രേറ്റ് നിര്‍ബന്ധിച്ചപ്പോള്‍ തങ്ങളുടെ മേല്‍ സാത്താന്‍ ബാധയുണ്ടാക്കിയത് മൂന്ന് ദുര്‍മന്ത്രവാദിനികളാണെന്ന് മൊഴി നല്‍കി. ഇവരിലൊരാള്‍ ഭിക്ഷക്കാരിയും മറ്റൊരാള്‍ കരീബിയന്‍ അടിമയും മറ്റൊരു സ്ത്രീ ഒരു പട്ടിണിക്കാരിയുമായിരുന്നു. ഇവരെ കോടതി ജെയിലിലടച്ചു. പിന്നാലെ പ്രദേശത്താകെ സാത്താന്‍ ബാധ പടര്‍ന്നു പിടിച്ചു. ബാധകയറിയവര്‍ കോടതി മുമ്പാകെ പലരുടെയും പേരുകള്‍ പറഞ്ഞു. അവരെല്ലാം ജെയിലിലായി. ജെയിലിലടക്കപ്പെട്ടവരില്‍ ചിലരാകട്ടെ ഭൂതാവിഷ്ടരെ പോലെ കുറ്റം ഏറ്റു. 25 പേരുടെ മരണത്തില്‍ കലാശിച്ച സേലേം വിച് ട്രയല്‍ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ സംഭവം അന്ധവിശ്വാസത്തില്‍ നിന്നുടലെടുത്ത ആള്‍ക്കൂട്ട മനോരോഗമായിരുന്നുവെന്ന് പില്‍ക്കാലത്ത് നടന്ന പഠനങ്ങളില്‍ വ്യക്തമായി.

പണ്ടു കാലത്ത് പുലപ്പേടി, മണ്ണാപ്പേടി, ഒടിയന്‍, ചാത്തന്‍ ഏറ് എന്നിവയുടെ പേരില്‍ കേരളീയ സമൂഹത്തിലുടനീളം മാസ് ഹിസ്റ്റീരിയ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. ഇന്നും ഇത്തരം വിചിത്രഭാവനകള്‍ ആള്‍ക്കൂട്ടത്തെ ഭയംകൊണ്ട് കീഴ്‌പ്പെടുത്താറുണ്ട്. 1995ല്‍ പാല് കുടിക്കുന്ന ഗണേശ വിഗ്രഹങ്ങള്‍, 2005ല്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ട ഉള്ളിപ്രേതം, അലഹബാദിലെ കരയുന്ന ഹനുമാന്‍ വിഗ്രഹം, 2002ല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുഹ്്‌നോച്വ എന്ന പറക്കും ഭൂതം, 2012ല്‍ തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ഭീതി വിതച്ച രക്തകട്ടേരി എന്ന ചോരകുടിയന്‍ പ്രേതം, അതിര്‍ത്തി വനമേഖലയിലെ മാവോയിസ്റ്റ് ഭീതി തുടങ്ങി എണ്ണിയാല്‍ തീരാത്ത എത്രയോ സംഭവങ്ങള്‍ ഇത്തരത്തില്‍ മാസ് ഹിസ്റ്റീരിയ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. കണ്ണീര്‍ പൊഴിക്കുന്ന കന്യാമറിയം കേരളത്തില്‍ ഇടക്കിടെ വിശ്വാസികളെ അത്ഭുതപ്പെടുത്താറുണ്ട്. 2001ല്‍ ഡല്‍ഹിയിലാകെ ഭീതി വിതച്ച കുരങ്ങു മനുഷ്യനും മാസ് ഹിസ്റ്റീരിയയുടെ ഉല്‍പന്നമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ബ്ലാക് മാന്‍ ഭീതി കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചതും മാസ് ഹിസ്റ്റീരിയയല്ലാതെ മറ്റൊന്നുമായിരുന്നില്ല. മുംബൈയില്‍ കടല്‍വെള്ളത്തിന് മധുരമനുഭവപ്പെട്ട സംഭവവും മാസ് ഹിസ്റ്റീരിയയുടെ മറ്റൊരുദാഹരണമാണ്

1983ല്‍ വെസ്റ്റ് ബാങ്കിലുണ്ടായ മാസ് ഹിസ്റ്റീരിയക്ക് ഇരയായത് 12നും 17നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. ഒരു സ്‌കൂളില്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുകയും കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മോഹാലസ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു തുടക്കം. വിഷവാതകം ശ്വസിച്ച് കുട്ടികള്‍ മോഹാലസ്യപ്പെട്ടു വീണ വാര്‍ത്ത പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മറ്റ് സ്‌കൂളുകളിലും സമാനമായ സംഭവം ആവര്‍ത്തിക്കാന്‍ തുടങ്ങി. സ്‌കൂളുകളില്‍ കുട്ടികള്‍ കൂട്ടത്തോടെ മോഹാലസ്യപ്പെടാന്‍ തുടങ്ങിയതോടെ ഇസ്രാലേല്‍ രാസായുധം പ്രയോഗിച്ചെന്ന ആരോപണവുമായി പാലസ്തീന്‍ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ ഒരു രാസപദാര്‍ഥത്തിന്റെയും സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. ആയിരത്തോളം പേരെ ബാധിച്ച ഈ പ്രതിഭാസത്തിന് പിന്നില്‍ പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

പണ്ടു കാലത്ത് പുലപ്പേടി, മണ്ണാപ്പേടി, ഒടിയന്‍, ചാത്തന്‍ ഏറ് എന്നിവയുടെ പേരില്‍ കേരളീയ സമൂഹത്തിലുടനീളം മാസ് ഹിസ്റ്റീരിയ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. ഇന്നും ഇത്തരം വിചിത്രഭാവനകള്‍ ആള്‍ക്കൂട്ടത്തെ ഭയംകൊണ്ട് കീഴ്‌പ്പെടുത്താറുണ്ട്. 1995ല്‍ പാല് കുടിക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ രാജ്യത്താകെ ഇത്തരമൊരു ഹിസ്റ്റീരിയ സൃഷ്ടിച്ചു. കണ്ണീര്‍ പൊഴിക്കുന്ന കന്യാമറിയം കേരളത്തില്‍ ഇടക്കിടെ വിശ്വാസികളെ അത്ഭുതപ്പെടുത്താറുണ്ട്. 2001ല്‍ ഡല്‍ഹിയിലാകെ ഭീതി വിതച്ച കുരങ്ങു മനുഷ്യനും മാസ് ഹിസ്റ്റീരിയയുടെ ഉല്‍പന്നമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ബ്ലാക് മാന്‍ ഭീതി കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചതും മാസ് ഹിസ്റ്റീരിയയല്ലാതെ മറ്റൊന്നുമായിരുന്നില്ല. മുംബൈയില്‍ കടല്‍വെള്ളത്തിന് മധുരമനുഭവപ്പെട്ട സംഭവവും മാസ് ഹിസ്റ്റീരിയയുടെ മറ്റൊരുദാഹരണമാണ്. 2005ല്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ട ഉള്ളിപ്രേതം, അലഹബാദിലെ കരയുന്ന ഹനുമാന്‍ വിഗ്രഹം, 2002ല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുഹ്്‌നോച്വ എന്ന പറക്കും ഭൂതം, 2012ല്‍ തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ഭീതി വിതച്ച രക്തകട്ടേരി എന്ന ചോരകുടിയന്‍ പ്രേതം, അതിര്‍ത്തി വനമേഖലയിലെ മാവോയിസ്റ്റ് ഭീതി തുടങ്ങി എണ്ണിയാല്‍ തീരാത്ത എത്രയോ സംഭവങ്ങള്‍ ഇത്തരത്തില്‍ മാസ് ഹിസ്റ്റീരിയ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു.

മാസ് ഹിസ്റ്റീരിയയുടെ രാഷ്ട്രീയം

ആള്‍ക്കൂട്ടമനശാസ്ത്രത്തിന്റെ ആഴമറിയുന്നവര്‍ സമൂഹത്തെ തങ്ങളുടെ ഇച്ഛക്കൊപ്പം പ്രവര്‍ത്തിപ്പിക്കാന്‍ ഈ സങ്കേതം ഉപയോഗപ്പെടുത്തിയതിന്റെ ചെറുതും വലുതുമായ അനുഭവങ്ങള്‍ ലോക ചരിത്രത്തിലുടനീളമുണ്ട്. രാഷ്ട്രീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ക്കുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് പാഠപുസ്തകമാക്കാവുന്നതാണ് ഗീബല്‍സ് പ്രയോഗിച്ച ആള്‍ക്കൂട്ട മനശാസ്ത്ര തത്വങ്ങള്‍. അഡോള്‍ഫ് ഹിറ്റ്‌ലറുടെ മന്ത്രിസഭയില്‍ പ്രൊപ്പഗാണ്ട മിനിസ്റ്ററായിരുന്ന ജോസഫ് ഗീബല്‍സ് ജര്‍മന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ജനപിന്തുണക്കായി സംഘടിപ്പിച്ച പരിപാടികള്‍ മാസ് ഹിസ്റ്റീരയയുടെ ക്ലാസിക് ഉദാഹരണമാണ്. ഹിസ്റ്റ്‌ലറുടെ മാഹാത്മ്യം ഉയര്‍ത്തിക്കാട്ടിയും ജൂത വിരോധം ആളിക്കത്തിച്ചും ഗീബല്‍സ് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി മനശാസ്ത്രപരമായി നടത്തിയ പ്രചാരണ പരിപാടികള്‍ ജന്‍മന്‍ ജനതയെ മാസ് ഹിസ്റ്റീരയക്ക് അടിമപ്പെടുത്തി.

1925ല്‍ ഹിറ്റ്‌ലറെ ഗീബല്‍സ് നേരില്‍ കാണുന്നതോടെയാണ് ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത രക്തപങ്കിലമായ അധ്യായം കുറിച്ച അത്യന്തം മാരകമായ കൂട്ടുകെട്ടിന്റെ തുടക്കം. അടുത്ത വര്‍ഷം അദ്ദേഹം പാര്‍ട്ടി നേതാവാകുകയും പാര്‍ട്ടി മാഗസിനായ ദി അറ്റാക്കിന്റെ എഡിറ്ററാകുകയും ചെയ്തു. ഗീബല്‍സ് നടത്തിയ പ്രചാരണമാണ് 1933ല്‍ ഹിറ്റ്‌ലറെ ജര്‍മനിയുടെ അധികാരം പിടിച്ചടക്കാന്‍ സഹായിച്ചത്. ഹിറ്റ്‌ലര്‍ മന്ത്രിസഭയില്‍ പ്രൊപ്പഗാണ്ട മിനിസ്റ്ററായ ഗീബല്‍സ് ഔദ്യോഗിക റേഡിയോയും അച്ചടി മാധ്യമങ്ങളും സിനിമ, നാടകം എന്നീ കാലരൂപങ്ങളും ഉപയോഗപ്പെടുത്തിയും വമ്പന്‍ റാലികള്‍ സംഘടിപ്പിച്ചും നടത്തിയ (കു)പ്രചാരണ പരിപാടികള്‍ ജര്‍മന്‍ ജനതയുടെ മനസിനെ മാറ്റി മറിച്ചു. 1944ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ പരിപൂര്‍ണ ചുമതല ഗീബല്‍സിനായിരുന്നു. ആള്‍ക്കൂട്ട മനശാസ്ത്രത്തിന്റെ അപാരമായ സാധ്യതകള്‍ അനന്യസാധാരണ മികവോടെ ഉപയോഗപ്പെടുത്തിയ ഗീബല്‍സിന് ഹിറ്റ്‌ലറോട് മാത്രമായിരുന്നു പ്രതിബദ്ധത. ഹിറ്റ്‌ലര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറായ ഗീബല്‍സ് ജൂതര്‍മാര്‍ക്കെതിരായ ഹിറ്റ്‌ലറുടെ ആജന്‍മ വിരോധം തീര്‍ക്കുന്നതിനുള്ള ഉപകരണമായി മാറി.

നാസികള്‍ക്കിടയില്‍ ജൂതവിരോധം കാട്ടുതീപോലെ ആളിക്കത്തിക്കാന്‍ ഗീബല്‍സിന്റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. ഹിറ്റ്‌ലര്‍-ഗീബല്‍സ് കൂട്ടുകെട്ടിന്റെ ഭരണ കാലത്ത് 60 ലക്ഷം ജൂതന്‍മാരാണ് ജര്‍മനിയില്‍ വംശഹത്യക്കിരയായത്. ജൂതന്‍മാര്‍ മാത്രമല്ല, ജിപ്‌സികളും കമ്മ്യൂണിസ്റ്റുകളും സ്വവര്‍ഗാനുരാഗികളും അംഗവൈകല്യം സംഭവിച്ചവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും കൂട്ടക്കൊലയിലൂടെ ജര്‍മനിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ മാസ് ഹിസ്റ്റീരിയ ഉപയോഗപ്പെടുത്തിയതിനെക്കുറിച്ച് ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. രാഷ്ട്രീയത്തില്‍ മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുന്ന അഭനവ ഗീബല്‍സുമാര്‍ പില്‍ക്കാലത്ത് ചരിത്രത്തിലുടനീളമുണ്ടായി.

മാസ് ഹിസ്റ്റീരിയയെ അപകടകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന് ചരിത്രത്തില്‍ പറഞ്ഞാല്‍ തീരാത്തത്ര ഉദാഹരണങ്ങളുണ്ട്. ഒരേ സമയം ഒരേ സ്ഥലത്ത് വെച്ച് ഏറ്റവുമധികമാളുകള്‍ ദുരൂഹമായ രീതിയില്‍ മരണപ്പെട്ട പീപ്പിള്‍സ് ടെമ്പിള്‍ സംഭവം ഇതില്‍ വേറിട്ടു നില്‍ക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം 918 ആളുകള്‍ പീപ്പിള്‍സ് ടെംപിളില്‍ ഒരേ സമയം ആത്മഹത്യ ചെയ്തു. 1955 ല്‍ ജെയിംസ് വാറന്‍ ജോണ്‍സ് അഥവാ ജിം ജോണ്‍സ് എന്ന അമേരിക്കക്കാരന്‍ സ്ഥാപിച്ചതാണ് പീപ്പിള്‍സ് ടെമ്പിള്‍. ബട്ട്‌ലര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്‍ഡ്യാനാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത വിദ്യാസമ്പന്നനും സുമുഖനും കരിസ്മാറ്റിക് കഴിവുകളുള്ളവനും മനുഷ്യസ്‌നേഹിയും സമത്വവാദിയുമായ ജോണ്‍സ് സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഏകോപിപ്പിച്ച് പീപ്പിള്‍സ് ടെമ്പിള്‍ എന്ന ആശ്രമത്തിലെ അന്തേവാസികളാക്കി. ഒറ്റപ്പെട്ട ഒരു ഭൂപ്രദേശത്ത് അവരുടേതായ ഒരു കൃത്രിമ ലോകമായിരുന്നു ജോണ്‍സ് ടൗണിലെ പീപ്പിള്‍സ് ടെമ്പിള്‍.

ജോണ്‍സിന്റെ പ്രഭാഷണ മികവും കരിസ്മാറ്റിക് വൈഭവവും അന്തേവാസികളില്‍ അന്ധമായ വിശ്വാസം രൂപപ്പെടുത്തി. ഈ ലോകത്തിലെ ജീവിതം താല്‍ക്കാലികം മാത്രമാണെന്നും അന്ത്യദിവസത്തില്‍ മറ്റൊരു ലോകത്ത് നിന്ന് രക്ഷാപേടകങ്ങള്‍ വന്ന് പീപ്പിള്‍സ് ടെമ്പിള്‍ അനുയായികളെ മാത്രം രക്ഷപ്പെടുത്തുമെന്നും ജിം ജോണ്‍സ് വിശ്വസിക്കുകയും അനുയായികളെ വിശ്വസിപ്പിക്കുകയും ചെയ്തു. ഇഹലോകത്തിലെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിനായി ഭൂമിയിലെ അന്ത്യദിനത്തിനായി അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. പൊതു സമൂഹത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ എത്രയും പെട്ടെന്ന് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അനുയായികളെ ജിം ജോണ്‍സ് പ്രബോധിപ്പിച്ചു. സ്വാഭാവികമായ അന്ത്യദിനത്തിന് കാത്ത് നില്‍ക്കാതെ 1978 നവംബര്‍ 18 ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പീപ്പിള്‍സ് ടെമ്പിള്‍ അന്തേവാസികളായ 918 ഓളം പേര്‍ ഒരു കൂട്ട ആത്മഹത്യയിലൂടെ മോക്ഷമാര്‍ഗ്ഗം തേടി. ഇത്തരത്തില്‍ ലോകവസാനം കാത്തു കഴിയുന്ന വിചിത്രവിശ്വാസികളുടെ കൂട്ടായമകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ലോകവാസാനം പ്രവചിച്ച് ഇവര്‍ പൊതുസമൂഹത്തിലും മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുന്നു.

അച്ചടി മാധ്യമങ്ങളുടെ പോലും സഹായമില്ലാതെയാണ് ചരിത്രത്തില്‍ പലപ്പോഴും മാസ് ഹിസ്റ്റീരിയ പ്രവര്‍ത്തിച്ചിട്ടുള്ളത്. വാര്‍ത്താവിനിമയത്തില്‍ വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷനും ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുകളും അരങ്ങ് വാഴുന്ന ആധുനിക കാലത്ത് മാധ്യമങ്ങള്‍ക്ക് മനുഷ്യചരിത്രത്തിലെ ഏറ്റവും വിപുലമായ മാസ് ഹിസ്റ്റീരിയ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ചിലപ്പോഴത് രാക്ഷസീയമാകാം. ചിലപ്പോഴത് വിപ്ലവകരവും.

 

Comments

comments

Categories: FK Special, Slider