കേന്ദ്ര ബജറ്റ് : ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും

കേന്ദ്ര ബജറ്റ് : ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവുകള്‍ നല്‍കിയേക്കും

ന്യൂഡെല്‍ഹി : ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി നിരക്ക് കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നികുതിയിളവ് നല്‍കുക എന്നിവയാണ് പരിഗണിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധങ്ങളായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. 2018-19 വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നികുതിയിളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ 12 ശതമാനത്തില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി 5 ശതമാനമായി കുറച്ചേക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവുകളും നല്‍കിയേക്കും. ആദായ നികുതി ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കാന്‍ കഴിയുമെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചുമത്തിയ ചരക്ക് സേവന നികുതി കുറയ്ക്കുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി വേണം.

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആകെ വാഹനങ്ങളുടെ ഒരു ശതമാനം പോലുമില്ല ഇലക്ട്രിക് വാഹനങ്ങള്‍

റവന്യൂ ന്യൂട്രല്‍ നടപടിയെന്ന നിലയിലായിരിക്കും പ്രഖ്യാപനങ്ങള്‍. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആകെ വാഹനങ്ങളുടെ ഒരു ശതമാനം പോലുമില്ല ഇലക്ട്രിക് വാഹനങ്ങള്‍. 2016-17 ല്‍ 17.58 മില്യണ്‍ ഇരുചക്ര വാഹനങ്ങളാണ് രാജ്യത്ത് വിറ്റത്. 3.04 മില്യണ്‍ പാസഞ്ചര്‍ വാഹനങ്ങളും വിറ്റുപോയി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ഊര്‍ജ്ജ, പുരനരുല്‍പ്പാദന ഊര്‍ജ്ജ സഹമന്ത്രി ആര്‍കെ സിംഗ് സൂചിപ്പിച്ചിരുന്നു.

ഊര്‍ജ്ജ മന്ത്രാലയത്തിനും വിവിധ വകുപ്പുകള്‍ക്കുമായി ചെറിയ ഇലക്ട്രിക് കാറുകള്‍ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇലക്ട്രിക് സെഡാനുകളാണ് വാങ്ങിയിരിക്കുന്നത്. അതേസമയം ചെറു കാറുകളും ആവശ്യമാണെന്ന് മുന്‍ ഐഎഎസ് ഓഫീസര്‍ കൂടിയായ രാജ് കുമാര്‍ സിംഗ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് പതിനായിരം ഇലക്ട്രിക് കാറുകളാണ് വാങ്ങുന്നത്.

Comments

comments

Categories: Auto