കളിമണ്ണില്‍ കടഞ്ഞെടുത്ത സംരംഭം

കളിമണ്ണില്‍ കടഞ്ഞെടുത്ത സംരംഭം

ആഭരണങ്ങളിലെ കാലികമായ മാറ്റത്തിനൊപ്പം ടെറാകോട്ട ജൂവല്‍റി രംഗത്ത് പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ് കോഴിക്കോട് സ്വദേശിനി രമ്യാ പ്രസീത്. ഫേസ്ബുക്ക് പേജ് വഴി തുടക്കമിട്ട സംരംഭം അഞ്ചു വര്‍ഷത്തില്‍ ‘പ്രക്യതി’ എന്ന പേരില്‍ വളര്‍ന്ന് പ്രതിമാസം ഒരു ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന സംരംഭമായി മാറിയിരിക്കുന്നു

കളിമണ്ണില്‍ പാത്രങ്ങള്‍, ഇഷ്ടികകള്‍ എല്ലാം കേരളത്തില്‍ പണ്ടു മുതല്‍ക്കെ സുപരിചിതമാണെങ്കിലും കളിമണ്ണില്‍ കടഞ്ഞെടുത്ത ആഭരണങ്ങള്‍ ഫാഷന്‍ ലോകത്ത് പരക്കെ ട്രെന്‍ഡാകാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. തുടക്കത്തില്‍ ഈ മേഖലയ്ക്ക് കേരളത്തില്‍ അത്രയധികം സാധ്യതകളും ഉണ്ടായിരുന്നില്ല. ഇന്ന് സ്വര്‍ണത്തേക്കാള്‍ ഡിമാന്റ് ഇത്തരം ആഭരങ്ങള്‍ക്ക് ആയതിനാല്‍ ടെറാകോട്ട ജൂവല്‍റിയുടെ ബിസിനസ് സാധ്യതകള്‍ ഉയരുകയാണ്. മാറിവരുന്ന ഫാഷന്‍ ഭ്രമങ്ങള്‍ വിലയേറിയ സ്വര്‍ണാഭരണങ്ങളില്‍ നിന്നും ആളുകളെ ഇത്തരം ആഭരണ സംസ്‌കാരത്തിലേക്കാണ് നയിക്കുന്നത്. ദിനംപ്രതി മാറി അണിയാവുന്ന ഇത്തരം സമാന്തര ജൂവല്‍റികളാണ് ഇന്ന് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണികളില്‍ തഴച്ചു വളരുന്നത്.

‘നല്ല ക്ഷമ ആവശ്യമാണ് ടെറാകോട്ട ആഭരണങ്ങളുടെ നിര്‍മാണത്തിന്. ജോലിയിലെ പെര്‍ഫെക്ഷന് ഏറെ പ്രാധാന്യം നല്‍കുന്നതിനാല്‍ അമിതമായി ഓര്‍ഡറുകള്‍ എടുക്കാറില്ല. ആഭരണങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാറുള്ളത് യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നാണ്’

രമ്യാ പ്രസീത്
പ്രകൃതി ടെറാകോട്ട ജൂവല്‍റി

കേരളത്തില്‍ ടെറാകോട്ട ജൂവല്‍റി തരംഗം തുടങ്ങുന്നതിനു മുമ്പ് ഇതിന്റെ സാധ്യതകള്‍ മനസിലാക്കി മേഖലയിലേക്ക് കടന്നു വന്നതാണ് കോഴിക്കോട് സ്വദേശിനി രമ്യാ പ്രസീത്. ജൂവല്‍റി രംഗത്ത് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിമാസം ഒരു ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന ഒരു സംരംഭമായി തന്റെ പ്രകൃതി ടെറാകോട്ട ജൂവല്‍റിയെ മാറ്റിയെടുക്കാന്‍ രമ്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. കളിമണ്ണില്‍ വളര്‍ത്തിയെടുത്ത തന്റെ സംരംഭത്തെക്കുറിച്ച് രമ്യ ഫ്യൂച്ചര്‍കേരളയോട് പങ്ക് വെക്കുന്നു.

പ്രകൃതി ടെറാകോട്ട ജൂവല്‍റിയുടെ തുടക്കത്തെക്കുറിച്ച്?

5 വര്‍ഷം മുമ്പാണ് പ്രകൃതി ടെറാകോട്ട ജൂവല്‍റിയുടെ തുടക്കം. ആദ്യം മുതല്‍ക്കെ ആര്‍ട്ടിനോടും ക്രാഫ്റ്റിനോടുമൊക്കെ വളരെയധികം താല്‍പര്യമുണ്ടായിരുന്നു. പ്രത്യേക പരിശീലന പഠനത്തിനൊന്നും പോയിട്ടില്ല. താല്‍പര്യം തോന്നിയ ഡിസൈനുകളൊക്കെ സ്വയം ചെയ്തു പഠിച്ചു. ഒരു എക്‌സിബിഷനില്‍ ടെറാകോട്ട ജൂവല്‍റി കണ്ടതോടെ ഇതിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയായിരുന്നു. കളിമണ്ണില്‍
ഇത്രയും മനോഹരമായി ആഭരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് അറിഞ്ഞതോടെ എനിക്കും കൗതുകം വര്‍ധിച്ചു. തുടര്‍ന്ന് ഡിസൈനുകള്‍ സ്വയം പരീക്ഷിച്ചു തുടങ്ങി.

നാട്ടില്‍ നിന്നും ലഭിക്കുന്ന ഇഷ്ടിക ഉണ്ടാക്കുന്ന കളിമണ്ണ് ഉപയോഗിച്ചാണ് ആദ്യം ആഭരണ പരീക്ഷണം നടത്തിയത്. എന്നാല്‍ അത് പൊട്ടിപോകുമെന്നും ടെറാകോട്ട ജൂവല്‍റികള്‍ക്ക് പ്യൂരിഫൈഡ് കളിമണ്ണ് വേണമെന്നും മനസിലാക്കിയതോടെ പുതിയ പരീക്ഷണങ്ങള്‍ ആ വഴിക്കായി. പ്യൂരിഫൈഡ് കളിമണ്ണില്‍ ആദ്യം ഉണ്ടാക്കിയത് ജിമിക്കികളും മാലയുടെ ലോക്കറ്റുകളുമാണ്. തുടക്കഘട്ടത്തില്‍ ഒരുപാടു സമയമെടുത്തു നിര്‍മാണത്തിനും മറ്റുമായി, ക്രമേണ ഇവയെല്ലാം വളരെ എളുപ്പമായി. നല്ല ക്ഷമ ആവശ്യമാണ് ഈ ആഭരണങ്ങളുടെ നിര്‍മാണത്തിന്. തുടക്ക ഘട്ടത്തില്‍ ആദ്യ രണ്ടു വര്‍ഷം ഫേസ്ബുക്ക് വഴിയാണ് വില്‍പന നടന്നിരുന്നത്. രണ്ടു വര്‍ഷം മുമ്പ് വെബ് പേജ് തുടങ്ങി.

ടെറാകോട്ട ജൂവല്‍റികള്‍ ഇന്ന് വിപണിയിലെ ട്രെന്‍ഡാണ്. സ്ത്രീ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ ഇത്തരം ആഭരണങ്ങളുടെ പങ്ക് ?

സ്ത്രീ സൗന്ദര്യത്തിലെ ടച്ചപ്പുകളാണ് വസ്ത്രങ്ങളും ആഭരണങ്ങളും. അത് എത്ര മനോഹരമാകുന്നോ അത്ര കണ്ട് സൗന്ദര്യം വര്‍ധിക്കും. എന്നാല്‍ ആഭരണങ്ങളിലെയോ വസ്ത്രങ്ങളുടെയോ ഭംഗി മാത്രംകൊണ്ട് ഒരു സ്ത്രീക്ക് ഭംഗി കൂടില്ല. ശരീരത്തിനും മുഖത്തിനും ചേരുന്നത് ഇടുമ്പോഴേ അതു ഭംഗിയായി മറ്റുള്ളവര്‍ക്ക് തോന്നുകയുള്ളൂ.

ടെറാകോട്ട ജൂവല്‍റി നിര്‍മാണത്തെക്കുറിച്ച് ? തുടക്കകാലത്തെ അനുഭവങ്ങള്‍?

ബെംഗളൂരില്‍ നിന്നുമാണ് ജൂവല്‍റി നിര്‍മാണത്തിന് ആവശ്യമായ കളിമണ്ണ് കൊണ്ടു വരുന്നത്. ഇഷ്ടിക നിര്‍മാണത്തിനുള്ള മണ്ണ് അരിച്ചെടുത്ത് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനായി പാകപ്പെടുത്തുന്നത് ഞാന്‍ തന്നെയാണ്. ടെറാകോട്ട ജൂവലല്‍റിക്ക് ആവശ്യമായ റെഡിമെയ്ഡ് മണ്ണ് വാങ്ങാറില്ല. ആവശ്യമുള്ളവിധം മണ്ണിനെ രൂപപ്പെടുത്തി എടുത്തശേഷം രണ്ടു മൂന്നു ദിവസങ്ങളോളം വെയിലില്‍ ഉണക്കി എടുക്കും. പിന്നീട് ചൂളയില്‍ ചൂടാക്കിയ ശേഷം പെയിന്റ് ചെയ്യും. ആദ്യമായി വളരെ ലളിതമായ മോഡലുകളില്‍ ജിമിക്കിയും മാലയുടെ ലോക്കറ്റുകളുമുണ്ടാക്കിയത് വിജയകരമായി.

തുടര്‍ന്ന് ഞാന്‍ അത്തരത്തില്‍ നിര്‍മിച്ച എട്ടോളം മോഡലുകളുടെ ചിത്രം ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ 1000 ലേറെ ലൈക്കുകള്‍ ലഭിച്ചത് എന്നില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ആ എട്ട് ഡിസൈനുകളില്‍ പകുതിയും ഓര്‍ഡര്‍ ചെയ്യപ്പെട്ടു. അതോടെ ഈ മേഖലയെ അല്‍പം ഗൗരവമായി കണ്ട് ആഭരണ നിര്‍മാണത്തിന് തുടക്കമിടുകയായിരുന്നു.

ഇപ്പോള്‍ തെയ്യം, തിറ, കൃഷ്ണ, ശിവ, കഥകളി എന്നീ രൂപങ്ങളുടെ പരീക്ഷണങ്ങളും ടെറാകോട്ടയില്‍ നടത്തി കഴിഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ സമയവും ശ്രദ്ധയും നല്‍കി ചെയ്യേണ്ടി വന്നത് തെയ്യത്തിന്റെ രൂപത്തിലുള്ള മാലയ്ക്കാണ്. ശിവ പോലുള്ള എക്‌സ്‌ക്ലുസീവ് സെറ്റുകള്‍ കൈയ്കൊണ്ട് നിര്‍മിച്ചെടുക്കാന്‍ അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ അത്തരം ആഭരണങ്ങള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് വിലയും കൂടുതലാണ്. ഓര്‍ഡറുകള്‍ വരുന്നതിനനുസരിച്ചാണ് ഇപ്പോള്‍ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കുന്നത്. കൂടുതല്‍ ആവശ്യക്കാരുള്ളത് യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നാണ്.

രമ്യ ഈ മേഖലയിലേക്ക് എത്തിയതിനേകുറിച്ച് ? കുടുംബം ?

ചെറുപ്പം മുതല്‍ക്കെ ക്രാഫ്റ്റിംഗ്, ആര്‍ട്ട് വിഷയങ്ങളോട് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പഠനകാലത്ത് ഗ്ലാസ് പെയിന്റ്, ഫാബ്രിക് പെയിന്റ്, ഫഌര്‍ മേക്കിംഗ് എന്നിവ ചെയ്തിരുന്നു. ബിരുദാനന്തര ബിരുദം നേടിയത് ബയോ ടെക്‌നോളജിയിലാണ്. ആ കാലയളവില്‍ ആര്‍ട്ടിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. പിന്നീട് എറണാകുളം കിന്‍ഫ്രയില്‍ കുറച്ച് കാലം ജോലി ചെയ്തു. മകനു മൂന്നു വയസ് ആയപ്പോഴാണ് പ്രകൃതി ടെറാകോട്ടയിലേക്ക് എത്തുന്നത്. ഭര്‍ത്താവ് പ്രസീതും മകള്‍ വേദയും മകന്‍ വിഹാനും സഹായിക്കാന്‍ എനിക്കൊപ്പമുണ്ട്.

Comments

comments