ഇന്ത്യയില്‍ റെക്കോര്‍ഡ് നിക്ഷേപവുമായി ആമസോണ്‍

ഇന്ത്യയില്‍ റെക്കോര്‍ഡ് നിക്ഷേപവുമായി ആമസോണ്‍

ബെംഗളൂരു: സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും കൂടിയ മൂലധനനിക്ഷേപവുമായി ആമസോണ്‍. ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി 1950 കോടിയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ റീടെയില്‍ ശൃംഖലയിലെ മികച്ച ബ്രാന്‍ഡായ ആമസോണ്‍, ഇന്ത്യന്‍ വിപണിയിലെ പ്രധാന എതിരാളിയായ ഫഌപ്കാര്‍ട്ടിനെ മറികടക്കാനും ഇതുവഴി ലക്ഷ്യം വെക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യുഎസില്‍ നിന്നുള്‍പ്പടെയായി 8150 കോടിയുടെ നിക്ഷേപം ആമസോണിലെത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ മധ്യത്തോടെ ഫഌപ്കാര്‍ട്ട് 25380 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിയിരുന്നു. ഇതിന് ശേഷം നാലാം തവണയാണ് ആമസോണ്‍ മൂലധന നിക്ഷേപം നടത്തുന്നത്.

വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഉപഭോക്താക്കളിലേക്ക് കൂടുതല്‍ സേവനങ്ങളെത്തിക്കുന്നതിനും അടിക്കടിയുള്ള നിക്ഷേപങ്ങള്‍ ആമസോണിന് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓണ്‍ലൈന്‍ വിപണിയില്‍ പ്രതിമാസം 120 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 75 മില്യണ്‍ ഡോളര്‍ ഇ കൊമേഴ്‌സ് സേവനങ്ങളിലും 45 മില്യണ്‍ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിലുമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. 2016 കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വിപണിയില്‍ പ്രതിമാസം ഇത് 80 മുതല്‍ 100 മില്യണ്‍ ഡോളര്‍ വരെയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ മൊത്തത്തിലുണ്ടായ വളര്‍ച്ച കൂടിയാണ് ഇത് കാണിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍, ഫാഷന്‍, പലചരക്ക് തുടങ്ങിയ മൂന്ന് വിഭാഗങ്ങള്‍ വഴിയാണ് പ്രധാനമായും ആമസോണിന്റെ വിപണി സാന്നിധ്യം ശക്തമാവുന്നതെന്ന് ഫോറസ്റ്റര്‍ റിസര്‍ച്ച് സീനിയര്‍ ഫോര്‍കാസ്റ്റ് അനലിസ്റ്റായ സതീഷ് മീന പറഞ്ഞു. സാന്നിധ്യം ശക്തമാവുന്നതിനനുസരിച്ച് അവര്‍ വിപണിയില്‍ സൃഷ്ടിക്കുന്ന തരംഗവും മികച്ചതാവുമെന്നും 2018ല്‍ ഫഌപ്കാര്‍ട്ടും ആമസോണും ഓഫ്‌ലൈന്‍ വിപണിയിലേക്ക് കൂടി വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ മൂലധന നിക്ഷേപമായി ആമസോണ്‍ കഴിഞ്ഞ നവംബറില്‍ 2900 കോടി രൂപയുടെ നിക്ഷേപിച്ചിരുന്നു. ആമസോണ്‍ ഹോള്‍സെയില്‍, ആമസോണ്‍ പേ, ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ട്, ആമസോണ്‍ ഡാറ്റാ സര്‍വീസസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 2016 വരെ ലഭിച്ച നിക്ഷേപം 2868 കോടിയായിരുന്നു. 2015-16 കാലഘട്ടത്തില്‍ നടത്തിയ 7463 കോടി രൂപയുടെ നിക്ഷേപമാണ് ആമസോണിന്റെ ഏറ്റവും വലിയ മൂലധന നിക്ഷേപമായി ഇത്രനാള്‍ രേഖപ്പെടുത്തിയിരുന്നത്. സ്‌നാപ്ഡീലിന്റെ ഓഹരി കൂടി സ്വന്തമാക്കിയത് ഈ കാലഘട്ടത്തിലായിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2010 കോടിയായി ഉയര്‍ന്നു. ഇന്ത്യയുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വ്യാവസായി ബന്ധം സ്ഥാപിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നത്. ഇതിനൊപ്പം തന്നെ പ്രാദേശികാടിസ്ഥാനത്തിലുള്‍പ്പടെ ആളുകളെ ഇ കൊമേഴ്‌സ് രംഗത്തേക്കുയര്‍ത്താനും സ്ഥാപനം ലക്ഷ്യം വെക്കുന്നുണ്ട്.

8349 കോടിയുടെ നിക്ഷേപവുമായി ഇന്ത്യന്‍ വിപണിയിലെ മുന്‍നിര സ്ഥാപനമായി പ്രവര്‍ത്തിക്കുന്നുവെങ്കിലും ഫഌപ്കാര്‍ട്ട് അടുത്ത കാലത്തൊന്നും വിപണിയില്‍ നവീനതകള്‍ പരീക്ഷിച്ചിട്ടില്ല. അതിനുപരിയായി ആമസോണിന്റെ ലോജിസ്റ്റിക്‌സ് സിസ്റ്റവുമായി പൊരുതി നില്‍ക്കാനാണ് ഫഌപ്കാര്‍ട്ട് ശ്രദ്ധ ചെലുത്തുന്നത്. ഇന്ത്യയിലെ 13 നഗരങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 41 കേന്ദ്രങ്ങള്‍ വഴിയാണ് ആമസോണ്‍, സേവനങ്ങളെ വിന്യസിക്കുന്നത്. ഇതിന് പുറമെ ഓണ്‍ലൈന്‍ വിപണിയിലെ ഇതര ബ്രാന്‍ഡുകളും വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞ വര്‍ഷം പേടിഎം ഇത്തരത്തില്‍ ചൈനീസ് ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയില്‍ നിന്ന് 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചിരുന്നു. ഇതിനൊപ്പം ഇകാര്‍ട്ടും 257 മില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചത് ഈയടുത്ത കാലത്ത് തന്നെ. ഉപഭോക്താക്കളുടെ ചിന്താഗതികളില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ തന്നെ വിപണിയില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളതായാണ് പേടിഎം മാള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് സിന്‍ഹ പറയുന്നത്. ആമസോണ്‍ ഇന്ത്യ, ഫഌപ്കാര്‍ട്ട് തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമായി പുത്തന്‍ പരീക്ഷണങ്ങളിലൂടെയാണ് പേടിഎം, രംഗത്ത് സജീവമാകുന്നത്. ചെറുകിട കടകളുമായി ബന്ധിപ്പിച്ചികൊണ്ട് ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സേവനം സാധ്യമാക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനം. വ്യാവസായികപരമായി ഇന്ത്യ ഒരു പ്രധാനപ്പെട്ടയിടമാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് പുതിയ തലങ്ങളിലേക്കും ഉല്‍പ്പന്നങ്ങളിലേക്കും പ്രസ്ഥാനത്തെ വ്യാപിപ്പിച്ചുകൊണ്ടിരിക്കണമെന്ന് അമിത് സിന്‍ഹ അഭിപ്രായപ്പെട്ടു.

2018ല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും മത്സരം പ്രതീക്ഷിക്കുന്നത് പലചരക്ക് രംഗത്താണ്. വിവിധ ഡെലിവെറി സര്‍വീസുകളും പാന്‍ട്രി സൗകര്യങ്ങളും മറ്റും ഒരുക്കിക്കൊണ്ട് ആമസോണ്‍ രംഗപ്രവേശനം ചെയ്തു കഴിഞ്ഞു. ഫഌപ്കാര്‍ട്ട്, തങ്ങളുടെ സേവന മേഖല കൂടുതല്‍ വ്യാപ്തിയുള്ളതാക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പചലരക്ക് വ്യാപാരികളെന്ന ഖ്യാതിയിലേക്ക് എത്താന്‍ ആലിബാബക്കൊപ്പം പേടിഎമ്മും ശ്രദ്ധ ചെലുത്തുന്നു. ഇത്തരത്തില്‍ പ്രധാനപ്പെട്ട കമ്പനികള്‍ കോടിക്കണക്കിന് രൂപ മുതല്‍മുടക്കിനായി നിക്ഷേപിക്കുമ്പോള്‍ ചെറുകിട കച്ചവടക്കാരെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അടുത്ത 12 മുതല്‍ 16 വരെ മാസങ്ങള്‍ക്കകം ഇന്ത്യയിലെ ധാരാളം ചെറുകിട ഓണ്‍ലൈന്‍ റീടെയില്‍ വ്യാപാരികള്‍ അടച്ചുപൂട്ടല്‍ നേരിടേണ്ടിവരുമെന്നാണ് റിടെയില്‍ കണ്‍സള്‍ട്ടന്‍സി ടെക്‌നോപാര്‍ക്ക് ഡ്‌വൈസറായ അരവിന്ദ് സിന്‍ഹാള്‍ പറയുന്നത്. അല്ലാത്തപക്ഷം അവര്‍ വന്‍ മൂലധന നിക്ഷേപം കണ്ടെത്തേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy