പിന്നോക്ക വിഭാഗത്തിന്റെ മുന്നേറ്റ വികസനം

പിന്നോക്ക വിഭാഗത്തിന്റെ മുന്നേറ്റ വികസനം

സാമ്പത്തിക രംഗത്ത് മികച്ച ഇടപെടലുകള്‍ നടത്തി സാധാരണക്കാര സമൂഹത്തിന്റെ ഉന്നതിയിലേക്ക് വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച സ്ഥാപനമാണ് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍. രണ്ട് പതിറ്റാണ്ടുകളിലേറെ പിന്നിട്ടിരിക്കുന്ന കോര്‍പ്പറേഷന്‍, പ്രവാസികള്‍ക്ക് കൈത്താങ്ങാവുന്ന പദ്ധതിയുമായാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലയളവില്‍ കേരളത്തിലെ പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി നിസ്വാര്‍ത്ഥ സേവനം കാഴ്ചവെക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സാധാരണക്കാരന്റെ പ്രാരാബ്ദങ്ങളിലേക്ക് നേരിട്ടിറങ്ങിക്കൊണ്ടാണ് കാലമിത്രയും മേഖലയുടെ വികസനത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത്. 1995 ഫെബ്രുവരി 28ന് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിന്റെ മുദ്രാവാക്യം തന്നെ ‘ ദാരിദ്ര്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം’ എന്നതായിരുന്നു. കേരളത്തിലെ മതന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി നിരവധി സ്വയം തൊഴില്‍ പദ്ധതികളും വായ്പകളും മറ്റും സ്ഥാപനം നേരിട്ട് നടത്തി വരുന്നുണ്ട്. വളരെ കുറഞ്ഞ പലിശ നിരക്കാണ് കോര്‍പ്പറേഷന്റെ പ്രധാന സവിശേഷത. ഇതിനു പുറമെ സംരംഭകത്വ പരിശീലനം, തൊഴിലധിഷ്ഠിത പരിശീലനം, വിപണി മേളകള്‍ എന്നിവയും നടത്തപ്പെടുന്നുണ്ട്. രണ്ട് പതിറ്റാണ്ടിനുള്ളില്‍ തന്നെ, നാലര ലക്ഷത്തോളം കുടുംബങ്ങള്‍ക്കായി 2550 കോടിയിലധികം രൂപയുടെ വായ്പയാണ് കോര്‍പ്പറേഷന്‍ അനുവദിച്ചു നല്‍കിയിട്ടുള്ളത്.

ഒരു നാടിന്റെയാകെയുള്ള പുരോഗതി വിലയിരുത്തപ്പെടുന്നത് അവിടങ്ങളിലെ മുതലാളി വര്‍ഗങ്ങളുടെ മാത്രം കണക്കെടുപ്പിലൂടെയല്ല. മറിച്ച് താഴെത്തട്ടിലുള്ളവരും മികച്ച നിലവാരത്തിലെത്തിയാല്‍ മാത്രമേ ആ നാടിന്റെ സ്ഥാനം എവിടെയെന്നത് കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കൂ. അക്കാര്യത്തില്‍ കേരളത്തിന്റെ നിലനില്‍പ് സാധ്യമാക്കിയ സ്ഥാപനമാണ് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍. പിന്നോക്ക വിഭാഗങ്ങള്‍ക്കൊപ്പം ഒബിസി, മതന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായുള്ള സഹായങ്ങളും കോര്‍പ്പറേഷന്‍ ചെയ്തു വരുന്നുണ്ട്. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സാരഥ്യം വഹിക്കുന്നത് മാനേജിംഗ് ഡയറക്റ്ററായ കെ ടി ബാലഭാസ്‌കരനാണ്.

പ്രവാസത്തിന് ശേഷം

ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ നിന്ന് പ്രവാസത്തിന്റെ മണലാരണ്യങ്ങളിലേക്ക് പറിച്ചു നടപ്പെടുമ്പോഴും തിരിച്ചുവരവിനെ സംബന്ധിച്ച ആകുലതകളാണ് പലരെയും അലട്ടുന്നത്. നാട്ടിലെ പ്രാരാബ്ദങ്ങള്‍ പരിഹരിച്ച് കഴിയുമ്പോഴേക്കും അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം തീരാറായിട്ടുണ്ടാകും. പ്രവാസ ജീവിതം നയിക്കുന്ന ഭൂരിഭാഗം ആളുകളും സ്വന്തം നാട്ടിലെത്തി ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ കൈയില്‍ ബാക്കിയുള്ള നിസാര സമ്പാദ്യവും നാട്ടിലെ സാഹചര്യങ്ങളും തന്നെയാണ് അത്തരക്കാരെ അവിടെ പിടിച്ചുനിര്‍ത്തുന്നത്. ഇവിടെയാണ് കോര്‍പ്പറേഷന്റെ റിട്ടേണ്‍ പദ്ധതി സഹായകമാകുന്നത്. പ്രവാസികള്‍ക്കായി വിവിധ വായ്പാ പദ്ധതികളാണ് കോര്‍പ്പറേഷന്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് NDPREM പദ്ധതിയുടെ ഭാഗമായാണ് ഈ ആശയം നടപ്പിലാക്കപ്പെടുന്നത്. കേരളത്തിലെ പിന്നോക്ക വിഭാഗം, ഒബിസി, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കായി 20 ലക്ഷം രൂപയോളമാണ് ഈ വിഭാഗത്തില്‍ വായ്പാ സൗകര്യം ഒരുക്കിയിരിക്കുന്നത്. 18നും 65നും ഇടയില്‍ പ്രായമുള്ളവരും, പ്രവാസത്തിന് ശേഷം നാട്ടില്‍ സ്ഥിര താമസമാക്കിയവര്‍ക്കാണ് വായ്പാ സൗകര്യം ലഭ്യമാവുക. ഡയറി ഫാം, പൗള്‍ട്രി ഫാം, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ഫര്‍ണിച്ചര്‍ ഷോപ്പ്, റെസ്റ്റൊറന്റ്, ടാക്‌സി-പിക്കപ്പ് വാഹനങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷന്‍ സ്‌റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്‌നസ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് കൃഷി, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്ലീനിംഗ് സെന്റര്‍, ഫോട്ടോസ്റ്റാറ്റ്, ഡിറ്റിപി, മൊബീല്‍ ഷോപ്പ്, ഫാന്‍സി-സ്റ്റേഷറി സ്റ്റാള്‍, മില്‍മാ ബൂത്ത്, പഴം-പച്ചക്കറി വില്‍പ്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, സിവില്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പ്, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ക്ലിനിക്ക്, വെറ്റിനറി ക്ലിനിക്ക് തുടങ്ങി എല്ലാവിധ സംരംഭങ്ങള്‍ക്കും ചുരുങ്ങിയ നടപടി ക്രമങ്ങളിലൂടെ വായ്പ നേടിയെടുക്കാവുന്നതാണ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി ലഭിക്കുമെന്നതിനാല്‍ ചുരുങ്ങിയ മൂലധനം മാത്രമേ സംരംഭകന് മുടക്കേണ്ടതായി വരുന്നുള്ളൂ.

കേരളത്തിലെ മതന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി നിരവധി സ്വയം തൊഴില്‍ പദ്ധതികളും വായ്പകളും മറ്റും സ്ഥാപനം നേരിട്ട് നടത്തി വരുന്നുണ്ട്. വളരെ കുറഞ്ഞ പലിശ നിരക്കാണ് കോര്‍പ്പറേഷന്റെ പ്രധാന സവിശേഷത. രണ്ട് പതിറ്റാണ്ടിനുള്ളില്‍ തന്നെ, നാലര ലക്ഷത്തോളം കുടുംബങ്ങള്‍ക്കായി 2550 കോടിയിലധികം രൂപയുടെ വായ്പയാണ് കോര്‍പ്പറേഷന്‍ അനുവദിച്ചു നല്‍കിയിട്ടുള്ളത്

പദ്ധതി ക്രമീകരണം

വായ്പാ പദ്ധതിയുടെ മികച്ച നടത്തിപ്പിനായി വിവിധ തലങ്ങളാക്കി തിരിച്ചുകൊണ്ടാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ഒബിസി, മതന്യൂനപക്ഷങ്ങള്‍ക്കായുള്ള രണ്ട് പദ്ധതികള്‍ എന്നിങ്ങനെ മൊത്തം മൂന്ന് വിഭാഗങ്ങളാണുള്ളത്. എല്ലാ വിഭാഗങ്ങളിലും ലഭ്യമാകുന്ന പരമാവധി തുക 20 ലക്ഷം രൂപയാണ്. ഇതിന്റെ ഭാഗമായി കുടുംബ വാര്‍ഷിക വരുമാന പരിധി, പ്രായപരിധി, പലിശ നിരക്ക് തിരിച്ചടവിന്റെ കാലാവധി എന്നിവയെല്ലാം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒബിസി വിഭാഗത്തിലും മതന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിനും കുടുംബ വാര്‍ഷിക വരുമാന പരിധി, ഗ്രാമ പ്രദേശത്ത് 98,000 രൂപ വരെയും നഗര പ്രദേശത്ത് 1,20,000 രൂപ വരെയുമായി ക്രമപ്പെടുത്തിയിരിക്കുകയാണ്. മതന്യൂനപക്ഷത്തിലെ രണ്ടാം വിഭാഗത്തിന് ഇത് 6,00,000 രൂപ വരെയാണ്. പ്രായപരിധി എല്ലാവര്‍ക്കും 18 മുതല്‍ 65 വരെ തന്നെയാണ്. ഒബിസി വിഭാഗത്തിന് പലിശ നിരക്ക് 5 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 6 ശതമാനവും 5 ലക്ഷത്തിന് മുകളില്‍ 7 ശതമാനവുമാണ് ഈടാക്കുന്നത്. മതന്യൂനപക്ഷത്തിലെ ഒന്നാം പദ്ധതിയില്‍ ഇത് 6 ശതമാനമാണ്. രണ്ടാം പദ്ധതിയില്‍ സ്ത്രീകള്‍ക്ക് 6 ശതമാനവും പുരുഷന്മാര്‍ക്ക് 8 ശതമാനവുമായി നിജപ്പെടുത്തിയിരിക്കുന്നു. തിരിച്ചടവിന്റെ കാലാവധി ഒബിസിക്ക് 84 മാസം വരെയും മതന്യൂനപക്ഷങ്ങള്‍ക്ക് 60 മാസം വരെയുമാണ്.

ആനുകൂല്യങ്ങള്‍ അനവധി

വായ്പാ സഹായങ്ങള്‍ക്ക് പുറമെ അനവധി ആനുകൂല്യങ്ങളും കോര്‍പ്പറേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ സംരംഭക മേഖലയിലേക്ക് കടക്കുന്നവര്‍ക്ക് തിരിച്ചടവ് തലവേദന സൃഷ്ടിക്കില്ല. തിരിച്ചടവിലെ സബ്‌സിഡിയാണ് ഇതില്‍ പ്രധാനി. പദ്ധതി അടങ്കലിന്റെ 15 ശതമാനം വരെ സബ്‌സിഡിയായി നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കുന്നതാണ്. ഇത് പരമാവധി 3 ലക്ഷം രൂപ വരെ ലഭിക്കും. പദ്ധതി പ്രകാരം സബ്‌സിഡി അനുവദിച്ച ദിവസം മുതല്‍ നാല് വര്‍ഷം വരെ സംരംഭം നിലവിലുണ്ടാകണം എന്ന് മാത്രം. ഇതിനു പുറമെ തിരിച്ചടവിന്റെ ആദ്യ നാല് വര്‍ഷങ്ങളില്‍ 3 ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി ലഭിക്കും. വായ്പ അനുവദിച്ച സമയത്ത് രേഖപ്പെടുത്തിയ നിരക്കില്‍ തന്നെ പലിശ അടയ്‌ക്കേണ്ടതാണ്. കോര്‍പ്പറേഷന്റെ പക്കല്‍ നോര്‍ക്ക സബ്‌സിഡി എത്തുന്ന മുറയ്ക്ക് ഇത് സംരംഭകന് തിരികെ നല്‍കുന്നതാണ്. കോര്‍പ്പറേഷന്‍ നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് ഇത്തരത്തിലുള്ള മറ്റൊരു പ്രോല്‍സാഹന പദ്ധതിയാണ്. ഇത് പ്രകാരം മുടക്ക് വരുത്താതെ മുഴുവന്‍ തുകയും അടച്ചു തീര്‍ത്ത ഇടപാടുകാര്‍ക്ക് മൊത്തം തിരിച്ചടച്ച തുകയുടെ 5 ശതമാനം ഇളവ് അനുവദിക്കും. അതിനാല്‍ തിരിച്ചടവിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ടതില്ല.

സംസ്ഥാനമൊട്ടാകെ പടര്‍ന്ന ശൃംഖല

സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും കോര്‍പ്പറേഷന്റ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനാലു ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ജില്ലാതല ഓഫീസുകള്‍ക്ക് പുറമെ വര്‍ക്കല, ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, തിരൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളില്‍ ഉപജില്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വായ്പാ സംബന്ധമായതും മറ്റ് സേവനങ്ങളുമെല്ലാം പ്രാദേശികാ അടിസ്ഥാനത്തില്‍ വിന്യസിക്കാന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാധിക്കുന്നുണ്ട്.

എങ്ങനെ അപേക്ഷിക്കാം ?

നോര്‍ക്കാ റൂട്ട്‌സിന്റെ ശുപാര്‍ശയാണ് ഇതിനായി ആദ്യം വേണ്ടത്. ശുപാര്‍ശക്കത്തുമായി കോര്‍പ്പറേഷന്റെ ജില്ലാ-ഉപജില്ലാ ഓഫീസുകളെ സമീപിച്ചാല്‍ പദ്ധതിക്കായുള്ള അപേക്ഷാ ഫോം ലഭിക്കും. ഈ അപേക്ഷാ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുകയാണ് വേണ്ടത്. അപേക്ഷയ്‌ക്കൊപ്പം നിരവധി രേഖകളും സജ്ജമാക്കേണ്ടതാണ്. റേഷന്‍കാര്‍ഡ്, തെരഞ്ഞടുപ്പ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, അപേക്ഷകന്റെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള സ്ഥലത്തിന്റെ കരമടച്ച രസീതിന്റെ പകര്‍പ്പ്, അപേക്ഷകന്റെ വയസ് തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കുടുംബ വാര്‍ഷിക വരുമാനം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ബാങ്ക് എക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് എന്നിവയ്ക്കായി എക്കൗണ്ട് ബുക്കില്‍ അവ രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ കൂടി ചേര്‍ത്ത് വേണം അപേക്ഷി സമര്‍പ്പിക്കേണ്ടത്.

മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കായാണ് ഈ നടപടി ക്രമങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. മൂന്ന് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്കായി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതിത്തയാറാക്കിയ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് ആവശ്യമാണ്. സംരംഭകനെ കുറിച്ചും പദ്ധതിയെ കുറിച്ചുമുള്ള വിശദവിവരങ്ങള്‍, പദ്ധതി തുടങ്ങുവാനുദ്ദേശിക്കുന്ന പ്രദേശത്തിന്റെ അനുയോജ്യത, പദ്ധതി ചെലവും ധനാഗമന മാര്‍ഗങ്ങളും, പദ്ധതിക്കാവശ്യമായ യന്ത്രസാമഗ്രികള്‍, പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, വിപണി സാധ്യതകള്‍, ഉല്‍പ്പന്നം വിപണനം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍, പദ്ധതി നടപ്പിലാക്കിയാല്‍ ലഭിക്കാവുന്ന ലാഭം കണക്കാക്കി അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്കുള്ള ലാഭ-നഷ്ടക്കണക്കും ബാലന്‍സ് ഷീറ്റും, അഞ്ച് വര്‍ഷത്തെ കാഷ് ഫ്‌ളോ സ്‌റ്റേറ്റ്‌മെന്റ്, പദ്ധതിയുടെ ലാഭക്ഷമത വിലയിരുത്തുന്നതിനുള്ള സൂചികകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളെല്ലാം വിശദമായിത്തന്നെ പ്രോജക്റ്റില്‍ വിവരിച്ചിരിക്കണം. സംരംഭകന് തന്റെ പദ്ധതിയിലുള്ള ആത്മവിശ്വാസവും ക്രമീകരണങ്ങളെ സംബന്ധിച്ചുള്ള അവബോധവും കോര്‍പ്പറേഷന് മനസിലാക്കാന്‍ ഈ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് സഹായകമാകും. ഇതിനു പുറമെ പ്രോജക്റ്റ് റിപ്പോര്‍ട്ടിനൊപ്പം മറ്റു ചില രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. പദ്ധതിക്കായി യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുന്നതിനായി ജിഎസ്ടി രജിസ്‌ട്രേഷനുള്ള വിതരണക്കാരില്‍ നിന്നുള്ള ഇന്‍വോയ്‌സ് ലഭ്യമാക്കിയിരിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ലൈസന്‍സ്ഡ് എന്‍ഡജിനീയര്‍ സാക്ഷ്യപ്പെടുത്തിയ എസ്റ്റിമേറ്റ്, സാങ്കേതിക യോഗ്യത ആവശ്യമുള്ള സംരംഭമാണെങ്കില്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പ്രോജക്റ്റിനൊപ്പം ഹാജരാക്കിയിരിക്കണം. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ ജാമ്യം, വസ്തു ജാമ്യം, സ്ഥിര നിക്ഷേപം തുടങ്ങിയവ വായ്പയ്ക്കുള്ള ജാമ്യമായി സ്വീകരിക്കുന്നതാണ്.

സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ശക്തി പകരുന്നതിലേക്ക് മികച്ച സംഭാവനയാണ് പദ്ധതിയിലൂടെ കോര്‍പ്പറേഷന്‍ നല്‍കുന്നത്. രണ്ട് പതിറ്റാണ്ടിനിപ്പുറത്തേക്കുള്ള വളര്‍ച്ചയിലാകമാനം കോര്‍പ്പറേഷന് കരുത്തേകിയത് സാധാരണക്കാരനെ ഒപ്പം ചേര്‍ത്തു കൊണ്ടുള്ള പദ്ധതികള്‍ തന്നെയാണ്. വ്യവസായ, സംരംഭക മേഖലകളിലേക്ക് സാധാരണക്കാരനെ കൂടി കൈപിടിച്ചുയര്‍ത്തുന്ന കോര്‍പ്പറേഷന്‍, മേഖലയില്‍ സ്വന്തം പേര് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് പ്രയാണം തുടരുന്നത്.

 

Comments

comments

Categories: Slider, Top Stories