കെഎംഎ വനിതാ മാനേജേഴ്‌സ് ഫോറം ഉദ്ഘാടനം ചെയ്തു

കെഎംഎ വനിതാ മാനേജേഴ്‌സ് ഫോറം ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) വനിതാ മാനേജേഴ്‌സ് ഫോറം ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനും ദേശീയ പുരസ്‌കാര ജേതാവുമായ രാധിക മേനോന്‍, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഉമ പ്രേമന്‍ എന്നിവര്‍ചേര്‍ന്ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു.

വിജ്ഞാനമാണ് ഒരാള്‍ക്കു തന്റെ പ്രൊഫഷനില്‍ തുടരാനും വിജയിക്കാനും മാനദണ്ഡമാകുന്നതെങ്കില്‍, അവിടെ ലിംഗവിവേചനത്തിന്റെ ആവശ്യമെന്താണെന്നു രാധിക തന്റെ പ്രസംഗത്തില്‍ ചോദിച്ചു. അങ്ങേയറ്റത്തെ നിശ്ചയദാര്‍ഢ്യവും കരുത്തും മനഃശക്തിയും കൂസലില്ലാത്ത സ്വഭാവവുമാണു തന്റെ പ്രൊഫഷണല്‍ വിജയത്തിനു കാരണമായതെന്നു രാധിക ചൂണ്ടിക്കാട്ടി. ഏഴു മത്സ്യത്തൊഴിലാളികളെ സാഹസികമായി കടലില്‍ നിന്നു രക്ഷപെടുത്തിയ രാധികയ്ക്കു 2016ല്‍ എന്‍എംഇസിയുടെ ഗാലന്ററി അവാര്‍ഡ് ലഭിച്ചിരുന്നു. രാജ്യത്തെ പ്രഥമ വനിതകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിജയം വരിച്ച വനിത എന്ന ബഹുമതിയും നല്‍കി.

വൈകിപ്പോയ ചികിത്സ മൂലം ഭര്‍ത്താവ് മരണമടഞ്ഞതിനു ശേഷം ഉമ പ്രേമന്‍ 1997ല്‍ ആരംഭിച്ച ശാന്തി മെഡിക്കല്‍ ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍ ഇന്ന് മനുഷ്യ സേവനരംഗത്തെ നിറസാന്നിധ്യമാണ്. അജ്ഞാതനായ വ്യക്തിക്കു വൃക്ക ദാനം ചെയ്തതിലൂടെ ശ്രദ്ധേയായ ഉമ തന്റെ സ്ഥാപനത്തിലൂടെ ഇതിനോടകം 20,000ലേറെ ഹൃദയശസ്ത്രക്രിയകളും രണ്ടുലക്ഷത്തിലേറെ ഡയാലിസിസ് ചികിത്സകളും സൗജന്യമായും കുറഞ്ഞ ചെലവിലും നടത്തിക്കൊടുത്തു. സിഎന്‍എന്‍ റിയല്‍ ഹീറോ അവാര്‍ഡ്2015, വനിത വിമന്‍ ഓഫ് ദി ഇയര്‍2015 എന്നിവയടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഉമയ്ക്കു ലഭിച്ചിട്ടുണ്ട്.

കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎംഎ വനിതാ വിമന്‍ മാനേജേഴ്‌സ് ഫോറം ചെയര്‍പേഴ്‌സണ്‍ മരിയ ഏബ്രഹാം സ്വാഗതവും കെഎംഎ സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Comments

comments

Categories: Business & Economy