60 ദശലക്ഷം ഡോളര്‍ സമാഹരിക്കാനൊരുങ്ങി ബുക്ക്‌മൈഷോ

60 ദശലക്ഷം ഡോളര്‍ സമാഹരിക്കാനൊരുങ്ങി ബുക്ക്‌മൈഷോ

പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി ഗ്രോത്തുമായി കമ്പനി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്

മുംബൈ: ബിഗ്ട്രീ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോ ഏകദേശം 60 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി ഗ്രോത്തുമായി കമ്പനി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. ബുക്ക്‌മൈഷോയ്ക്ക് 750 ദശലക്ഷം ഡോളറിന്റെ മൂല്യമാണ് ടിപിജി ഗ്രോത്ത് കല്‍പ്പിക്കുന്നതെന്നും ഇടപാടിന്റെ ഭാഗമായി കമ്പനിയുടെ പത്തുശതമാനത്തിനു താഴെ ഓഹരികളാകും ടിപിജി ഗ്രോത്ത് സ്വന്തമാക്കുകയുമെന്നുമാണ് സൂചന.

ഇന്ത്യയിലെ കണ്‍സ്യൂമര്‍ മേഖലയില്‍ സജീവമായി ഇടപെടുന്ന നിക്ഷേപകരാണ് ടിപിജി ഗ്രോത്ത്. ബെംഗളൂരു ആസ്ഥാനമായ ഹെല്‍ത്ത്‌ടെക് കമ്പനിയായ റിയ ഹെല്‍ത്ത്‌കെയര്‍, ശസ്ത്രക്രിയ ഉപകരണങ്ങളുടെ നിര്‍മാതാക്കളായ കാന്‍സര്‍ ട്രീറ്റ്‌മെന്റ് സര്‍വീസസ് ഇന്റര്‍നാഷണല്‍, ദൂദ്‌ലാ ഡയറി, ലെന്‍സ്‌കാര്‍ട്ട് എന്നിവയിലും ടിപിജി ഗ്രോത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.

പേടിഎം പോലുള്ള കമ്പനികള്‍ സിനിമാ ടിക്കറ്റ് ബുക്കിംഗ് മേഖലയിലേക്ക് കടന്നുവന്നതിനെതുടര്‍ന്നുണ്ടായ മത്സരത്തില്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ പുതിയ നിക്ഷേപ സമാഹരണം ബുക്ക്‌മൈഷോയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ബുക്ക്‌മൈഷോയുടെ അഞ്ചാംഘട്ട നിക്ഷേപ സമാഹരണമാണിത്. നെറ്റ്‌വര്‍ക്ക് 18, ആക്‌സെല്‍ പാര്‍ട്‌ണേഴ്‌സ്, സെയ്ഫ് പാര്‍ട്‌ണേഴ്‌സ്, സ്ട്രിപ്‌സ് ഗ്രൂപ്പ് എന്നിവരില്‍ നിന്ന് പല ഘട്ടങ്ങളിലായി ബുക്ക്‌മൈഷോ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിംഗാണ് അടിസ്ഥാന ബിസിനസെങ്കിലും അടുത്ത കാലത്ത് കായിക-സംഗീത പരിപാടികളുടെ ടിക്കറ്റ് ബുക്കിംഗ് വിഭാഗത്തിലേക്കും കമ്പനി കടന്നുവന്നിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ചെന്നൈ ആസ്ഥാനമായ ഫാന്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് സേവനദാതാക്കളായ ഫാന്‍ടയ്ന്‍ സ്‌പോര്‍ട്‌സ്, ടിക്കറ്റ് ബുക്കിംഗ് പോര്‍ട്ടലായ ടിക്കറ്റ് ഗ്രീന്‍, ബെംഗളൂരു ആസ്ഥാനമായ മീഡിയ അനലക്റ്റിക് സ്റ്റാര്‍ട്ടപ്പായ ഇവന്റിഫിയര്‍, പ്രാദേശിക റെസ്റ്റോറന്റ് റെക്കമെന്റേഷന്‍ എന്‍ജിനായ ബര്‍പ് പോലുള്ള കമ്പനികളെ ബുക്ക്‌മൈഷോ ഏറ്റെടുത്തിരുന്നു.

രാജ്യത്തെ 650 നഗരങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിനോദപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട്. പ്രതിമാസം പത്ത് ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിംഗുകള്‍ പ്ലാറ്റ്‌ഫോം വഴി നടക്കുന്നുണ്ടെന്നാണ് കണക്ക്. ശ്രീലങ്ക, ഇന്തോനേഷ്യ, ന്യൂസിലാന്റ്, യുഎഇ എന്നിവിടങ്ങളിലും ബുക്ക്‌മൈഷോ സേവനം ലഭ്യമാണ്.

Comments

comments

Categories: Business & Economy