അമേരിക്കന്‍ തീന്‍മേശകള്‍ ബ്രിട്ടന്റെ കാല്‍ക്കീഴില്‍

അമേരിക്കന്‍ തീന്‍മേശകള്‍ ബ്രിട്ടന്റെ കാല്‍ക്കീഴില്‍

അമേരിക്കന്‍ വിപണിയെ കീഴ്‌പ്പെടുത്തി ബ്രിട്ടീഷ് ഭക്ഷ്യകമ്പനികളുടെ മുന്നേറ്റം

ബ്രിട്ടീഷുകാരുടെ കറിപ്രേമം ഇന്ത്യയില്‍ നിന്നുണ്ടായതാണ്. എരിവുമസാല ചേര്‍ന്ന കറികളൊക്കെ അവര്‍ക്കു മറ്റ് ഏതു പാശ്ചാത്യരേക്കാളും പിടിക്കും. എന്നാല്‍ ഇന്ന് അമേരിക്കക്കാരും ഇക്കാര്യത്തില്‍ അവരുടെ വഴിയേ ആണ് സഞ്ചാരം. ബ്രിട്ടീഷ് ഭക്ഷ്യനിര്‍മാതാക്കളായ ഗ്രേസ് ഇതു മനസിലാക്കിക്കൊണ്ടാണ് അമേരിക്കയില്‍ 2013-ല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടണില്‍ തങ്ങള്‍ വിളമ്പുന്ന എല്ലാ ആഹാരങ്ങളും അമേരിക്കയ്ക്കു പരിചയപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തതെന്ന് ഗ്രേസ് സിഇഒ ആന്തണി ഫ്‌ളെച്ചര്‍ പറയുന്നു. അവരുടെ അഭിരുചി അറിയുകയായിരുന്നു ലക്ഷ്യം. ചിലത് ഏറ്റു, ചിലത് സ്വീകരിക്കപ്പെട്ടില്ല. മാങ്ങാചട്ണി അത്തരത്തിലൊന്നായിരുന്നു. എരിവുള്ള മഞ്ഞക്കറി കണ്ട് അവര്‍ ഇതെന്തു സാധനമാണെന്ന് അമ്പരന്നു.

നിരവധി ബ്രിട്ടീഷ് ഭക്ഷ്യകമ്പനികള്‍ ഇന്ന് യുഎസിന്റെ അപ്രമാദിത്വം തകര്‍ക്കാനായി അവിടേക്കു കടന്നു ചെല്ലുന്നു. 326 ദശലക്ഷം വരുന്ന യുഎസ് ജനസംഖ്യയെ ഭീമന്‍ വിപണിയായാണ് അവര്‍ കാണുന്നത്. എങ്കിലും ഈ അമേരിക്കന്‍ വിപണിയിലേക്കുള്ള നുഴഞ്ഞുകയറ്റം അത്രയെളുപ്പമല്ലെന്ന് ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍ ടെസ്‌കോ സാക്ഷ്യപ്പെടുത്തുന്നു. ആറു വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം ഒരു ബില്യണ്‍ പൗണ്ടിലധികം നഷ്ടം നേരിട്ട കാലിഫോര്‍ണിയയിലെ തങ്ങളുടെ സംരംഭം, ഫ്രെഷ് ആന്‍ഡ് ഈസി 2013-ല്‍ വില്‍ക്കേണ്ടി വന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായപ്രകടനം.

പിന്നെയെങ്ങനെയാണ് ബ്രിട്ടീഷ് കമ്പനികള്‍ക്ക് യുഎസില്‍ വെന്നിക്കൊടി നാട്ടാനാകുകയെന്ന ചോദ്യമുയരുന്നു. ഗ്രേസ് പോലുള്ള കമ്പനികള്‍ ഇതിനുള്ള തന്ത്രങ്ങള്‍ അവധാനതയോടെ മെനഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ഭക്ഷ്യപായ്ക്കറ്റുകളില്‍ ഏതൊക്കെയാണ് ഏറ്റവും കൂടുതല്‍ യുഎസ് വിപണിയില്‍ വിറ്റു പോകുന്നതെന്നും ഏതെല്ലാം കളം പിടിക്കുന്നില്ലെന്നും അവര്‍ കണ്ടെത്തി. അമേരിക്കക്കാരുടെ രുചിമുകുളങ്ങളെ രസംപിടിപ്പിക്കാനാകുന്ന ചേരുവകളെന്തെന്നും മനസിലാക്കി. വെബ്‌സൈറ്റിലൂടെ തങ്ങളുടെ പുതുക്കിയ ഉല്‍പ്പന്ന ശ്രേണി അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് വിജയകാരണമെന്ന് ഫെഌച്ചര്‍ പറയുന്നു. ഇതിലൂടെ മണിക്കൂറില്‍ 15,000 റേറ്റിംഗ് ലഭിച്ചത് വന്‍ നേട്ടമായി മാറി. അമേരിക്കന്‍ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് വളരെ പെട്ടെന്നു തന്നെ തങ്ങള്‍ക്കറിയാനായെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

നിരവധി ബ്രിട്ടീഷ് ഭക്ഷ്യകമ്പനികള്‍ ഇന്ന് യുഎസിന്റെ അപ്രമാദിത്വം തകര്‍ക്കാനായി അവിടേക്കു കടന്നു ചെല്ലുന്നു. 326 ദശലക്ഷം വരുന്ന യുഎസ് ജനസംഖ്യയെ ഭീമന്‍ വിപണിയായാണ് അവര്‍ കാണുന്നത്. എങ്കിലും ഇതത്രയെളുപ്പമല്ലെന്ന് ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍ ടെസ്‌കോ സാക്ഷ്യപ്പെടുത്തുന്നു

രുചിവൈവിധ്യം

ഗ്രേസ് അവതരിപ്പിച്ച മിക്‌സഡ് നട്‌സ് പോലുള്ള സ്‌നാക്ക് പായ്ക്കറ്റുകള്‍ അമേരിക്കക്കാര്‍ ഇഷ്ടപ്പെട്ടപ്പോള്‍, മാങ്ങാചട്ണി, ഓറഞ്ച്- ചോക്ലേറ്റ് മിശ്രിതം പൂശിയ ജാഫ കേക്ക് എന്നിവയ്ക്ക് അവിടെ സ്വീകാര്യതയില്ലെന്ന് തങ്ങളുടെ ഉല്‍പ്പന്നശ്രേണി അമേരിക്കയില്‍ അവതരിപ്പിച്ചു, ദിവസങ്ങള്‍ക്കകം തന്നെ കമ്പനി തിരിച്ചറിഞ്ഞു. ബ്രിട്ടീഷുകാരുടെ പ്രിയവിഭവമായ ജാഫ കേക്ക് അതേ പോലെയല്ല, തികച്ചും അപരിചിതമായ അമേരിക്കയില്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ യുഎസ് അഭിരുചി അറിഞ്ഞുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ കമ്പനി ശ്രമിച്ചു. ബാര്‍ബിക് സോസ് പോലുള്ള ഭക്ഷ്യവസ്തുക്കളുടെ പാചകവിധിയില്‍ അല്‍പ്പം മാറ്റം വരുത്തി. പോപ് കോണുകളില്‍ അല്‍പ്പം കൊഴുപ്പും ചെറിയ ഉത്തേജകവും ചേര്‍ത്തു. ഏറ്റവും വേഗം ഭക്ഷ്യപായ്ക്കുകള്‍ വീട്ടുപടിക്കലെത്തിക്കുന്ന യുഎസ് പാഴ്‌സല്‍ ഡെലിവറി കമ്പനികളെ സംബന്ധിച്ച് വിശദപഠനം നടത്തിയാണ് അവര്‍ പാഴ്‌സല്‍ സര്‍വീസുകള്‍ തെരഞ്ഞെടുത്തത്. ഇന്ന് ഗ്രേസിന്റെ വാര്‍ഷികവരുമാനത്തിന്റെ പകുതിയോളം, ഏകദേശം 75.8 മില്യണ്‍ പൗണ്ട് യുഎസില്‍ നിന്നാണ്.

വിപണിയിലെ മാറ്റം

കോഴിമാംസവിഭവമായ ചിക്കന്‍ നഗറ്റുകള്‍ക്ക് സസ്യാഹാര ബദല്‍ സൃഷ്ടിച്ചാണ് ക്വോണ്‍ എന്ന ഭക്ഷ്യശൃംഖലയുമായി ഡേവിഡ് വില്‍സണ്‍ യുഎസ് വിപണിയിലേക്ക് പ്രവേശിച്ചത്. 2000-ലാണ് മാംസവിഭവങ്ങള്‍ക്കു ബദല്‍ ഉല്‍പ്പന്ന ശ്രേണി അവതരിപ്പിക്കാന്‍ സ്ഥാപനം തുടങ്ങിയത്. മാട്ടിറച്ചിക്കൊത്തുകള്‍ക്ക് പകരം ഇറ്റാലിയന്‍ പലഹാരമായ സ്പഗറ്റി ബോലോഗ്നീസ് അവതരിപ്പിച്ചാണ് ബ്രിട്ടീഷ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. അമേരിക്കക്കാരുടെ കോഴിപ്രിയത്തിന് തുരങ്കം വെച്ച് വില്‍സണും കൂട്ടരും ക്വോണ്‍ നഗറ്റുകള്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കപ്പെട്ട ഉല്‍പ്പന്നത്തിന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളുടെ പിന്തുണ വര്‍ധിച്ചതോടെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

സുദീര്‍ഘ ഗവേഷണം

അമേരിക്കയില്‍ താമസമുറപ്പിച്ച ഡേവിസ് വില്‍സണ്‍, ഗ്രീന്‍സീഡ് ഗ്രൂപ്പ് എന്ന പേരില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാരംഭിച്ചു. ബ്രിട്ടണിലെയും മറ്റു രാജ്യങ്ങളിലെയും ഭക്ഷ്യകമ്പനികള്‍ക്ക് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹായനിര്‍ദേശങ്ങള്‍ നല്‍കുന്ന സ്ഥാപനമാണിത്. അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഏതു കമ്പനിയും ആദ്യം ചെയ്യേണ്ടത് സാധ്യതാപഠനമാണെന്ന് വില്‍സണ്‍ പറയുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ അമേരിക്കന്‍ നഗരങ്ങളില്‍ ചെന്ന് ഒരാഴ്ച നിന്ന് അവധിയാഘോഷം പോലെ കാര്യങ്ങള്‍ പഠിക്കുകയെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റൊറന്റുകള്‍, ചന്തകള്‍ എന്നിവയിലെല്ലാം കയറിയിറങ്ങി അമേരിക്കന്‍ ഭക്ഷ്യസംസ്‌കാരം നേരിട്ട് അറിയുകയാണ് വേണ്ടത്. ഇതിനു ശേഷം ഭക്ഷ്യമേളകളില്‍ പങ്കെടുക്കണം, ആദ്യം സന്ദര്‍ശകനായും പിന്നീട് സ്റ്റാള്‍ ഉടമയായും.

തനതു വിഭവങ്ങള്‍ അവതരിപ്പിച്ച് വാങ്ങാനാളുണ്ടോ എന്നു പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങാന്‍ ആളുണ്ടോ എന്നു മനസിലാക്കണം. കോര്‍പ്പറേറ്റുകളെ പ്രതീക്ഷിക്കേണ്ട ചെറിയ സ്വതന്ത്ര സ്‌റ്റോറുകളെയാണ് ആദ്യം ആശ്രയിക്കേണ്ടത്. നിങ്ങള്‍ വിജയം വരിച്ചില്ലെങ്കില്‍ അമേരിക്കയിലെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരിക്കലും നിങ്ങളെ തേടിവരില്ല. ഉല്‍പ്പന്നം വാങ്ങാന്‍ സാധ്യതയുള്ള കക്ഷികളെ കണ്ടുപിടിക്കാന്‍ തദ്ദേശീയരായ വിദഗ്ധരെ ആശ്രയിക്കാവുന്നതാണ്. അവര്‍ നിങ്ങള്‍ക്കു മാര്‍നിര്‍ദേശം നല്‍കുകയും നിയമോപദേശം നല്‍കുകയും ചെയ്യും. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് മാര്‍ക്കറ്റിംഗിനു നിങ്ങള്‍ക്കേറെ ക്ലേശിക്കേണ്ടി വരില്ലെന്ന് വില്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും കിട്ടുന്ന കാര്യമിതാണ്. താന്‍ ക്വോണ്‍ വിപണിയിലിറക്കിയ സമയത്ത് ഏറ്റവും ചെലവേറിയ കാര്യമായിരുന്നു അതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

ജൈവ ചായ, ഔഷധ ഉല്‍പ്പാദക-വിതരണക്കാരായ ബ്രിട്ടീഷ് കമ്പനി പുക്ക ഹെര്‍ബ്‌സും വിപണനമേളകളില്‍ പങ്കെടുക്കണമെന്ന് ഭക്ഷ്യോല്‍പ്പാദകരായ സഹകമ്പനികളെ ഉപദേശിക്കുന്നു. യുഎസിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലുമുള്ള മേളകളില്‍ പങ്കെടുക്കുന്നത് സാധ്യതാ കക്ഷികളെ കണ്ടു മുട്ടാന്‍ സഹായകമാണെന്നാണ് അവരുടെ അനുഭവം. തങ്ങളുടെ ആദ്യ വിദേശപങ്കാളിയെ കണ്ടെത്തിയത് ജര്‍മനിയിലെ വിപണനമേളയിലാണെന്ന് കമ്പനി സ്ഥാപകന്‍ ടിം വെസ്റ്റ്‌വെല്‍ വ്യക്തമാക്കി. പിന്നീട് 2009-ല്‍ യുഎസില്‍ നടന്ന ചായ മേളയില്‍ വടക്കുകിഴക്കന്‍ അമേരിക്കയില്‍ നിന്നുള്ള മൊത്തക്കച്ചവടക്കാരനെയും കണ്ടെത്താനായെന്ന് അദ്ദേഹം പറയുന്നു. 2001-ല്‍ സ്ഥാപിച്ച കമ്പനിയുടെ വിറ്റുവരവിന്റെ 10 ശതമാനം യുഎസ് വിപണിയില്‍ നിന്നാണ്.

സ്റ്റിക്ക് ടോഫീ കമ്പനിയുടമയും ബ്രിട്ടീഷ് പ്രവാസിയുമായ ട്രേസി കാര്‍ലോസ് 2003-ലാണ് സംരംഭം തുടങ്ങിയത്. നാലു മില്യണ്‍ ഡോളറാണ് കമ്പനിയുടെ വാര്‍ഷികവരുമാനം. ഓള്‍ ഫുഡ്‌സ് മാര്‍ക്കറ്റ്, വാള്‍മാര്‍ട്ട്, കോസ്റ്റ്‌കോ തുടങ്ങിയ യുഎസിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റുകളാണ് സ്റ്റിക്കി ടോഫീയുടെ വിതരണക്കാര്‍. പുതുമയുളള ഉല്‍പ്പന്നം പുറത്തിറക്കി ക്ഷമയോടെ കാത്തരിക്കുകയെന്നതാണ് അവരുടെ ഉപദേശം. നൂതനമായ ഉല്‍പ്പന്നം നന്നായി ബ്രാന്‍ഡിംഗ് നടത്തി, ദീര്‍ഘകാലവിപണി ലക്ഷ്യമാക്കി കാത്തിരിക്കുകയാണു വേണ്ടതെന്ന് അവര്‍ പറയുന്നു. ഈ സമീപനം പിന്തുടര്‍ന്ന ബ്രിട്ടീഷ് ഉല്‍പ്പാദകരായ ബ്ര്യൂഡോഗിന്റെ നേട്ടം ട്രേസിയുടെ ഉപദേശത്തിന് അടിവരയിടുന്നു. ഒഹിയോ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ന് ഈ രംഗത്തെ നിറസാന്നിധ്യമാണ്.

അമേരിക്കന്‍ ജീവിതരീതിക്ക് അനുയോജ്യമായ സവിശേഷമായ ബ്രാന്‍ഡ് അവതരിപ്പിക്കുകയാണ് യുഎസ് വിപണിയില്‍ ഇടിച്ചു കയറുന്നതിനുള്ള ഏക മാര്‍ഗമെന്ന് വില്‍സണ്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കാം. മികച്ച വിപണനതന്ത്രവും മികച്ച സാമ്പത്തികപിന്തുണയും ഒട്ടൊരു ക്ഷമാശീലവുമുണ്ടെങ്കില്‍ ഇവിടെ മുന്നേറാം. ശരിയായ പ്രവേശനത്തിന് വില കൂടുമെങ്കിലും അതു സാധ്യമാകുന്ന പക്ഷം അതൊരു അതിസാഹസമായി നിങ്ങള്‍ക്കു തോന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

 

Comments

comments

Categories: Slider, Top Stories