സ്വാദൂറും സ്‌നേഹകോര്‍ട്ട്

സ്വാദൂറും സ്‌നേഹകോര്‍ട്ട്

തൃശൂര്‍ സ്വരാജ് റൗണ്ടിലെത്തിയാല്‍ വടക്കുംനാഥനെ തൊഴാതെ ഭക്തനായ ഒരാളും മടങ്ങില്ലെന്നാണു പറയപ്പെടുന്നത്. അതേസമയം ഭക്ഷണ പ്രിയനായ ഒരാളാണ് തൃശൂരിലേക്കെത്തുന്നതെങ്കിലോ ? തൃശ്ശിവപ്പേരൂര്‍ വിമണ്‍സ് ഫുഡ് കോര്‍ട്ടിലെ ചേച്ചിമാരുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയറിയാതെ മടങ്ങില്ല എന്നുതന്നെ പറയാം.  അത്രത്തോളമാണ് ഇവിടുത്തെ കൈപ്പുണ്യത്തിന്റെ പെരുമ. തൃശൂര്‍ നടുവിലാല്‍ ജംഗ്ഷന്റെ മുഖമുദ്രയായി വിമണ്‍സ് ഫുഡ് കോര്‍ട്ട് മാറിയത് കഠിനാധ്വാനത്തിലൂടെ വിജയം കൊയ്യുന്ന ഒരുകൂട്ടം സ്ത്രീകളുടെ പ്രയത്‌നഫലമായാണ്. ഒന്‍പത് വര്‍ഷമായി സ്ത്രീ സംരംഭകര്‍ക്കു പരിശീലനം നല്‍കുന്ന അജയകുമാറിന് അപ്രതീക്ഷിതമായാണ് തൃശൂര്‍ നഗരമധ്യത്തില്‍ ഉചിതമായ ഒരു സ്ഥലം ലഭിച്ചത്. നീണ്ട കാലത്തെ സംരംഭകത്വ പരിചയമുള്ള അദ്ദേഹം കഠിനാധ്വാനത്തിനു തയാറുള്ള ഒരുകൂട്ടം സ്ത്രീകളെ ഒപ്പം കൂട്ടി. അങ്ങനെ  തൃശൂര്‍ നടുവിലാല്‍ ജംഗ്ഷനിലെ കോര്‍പ്പറേഷന്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വിമണ്‍സ് ഫുഡ് കോര്‍ട്ടിനു തുടക്കമിട്ടു. സ്ത്രീകളുടെ കളക്ടീവ് എന്റര്‍പ്രണര്‍ഷിപ്പിന് കേരളത്തിലെ തന്നെ മികച്ച ഉദാഹരണമായി ഈ സ്ഥാപനം ഇപ്പോള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

നിലവില്‍ കുടുംബശ്രീ കഫേയില്‍ എട്ടോളം ചെറു സംരംഭക ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വിഭാഗവും നോക്കി നടത്തുന്നത് സ്ത്രീകള്‍ തന്നെ. രജനി ജയരാജ് നേതൃത്വം നല്‍കുന്ന അന്നപൂര്‍ണയെന്ന മീല്‍സിന്റെ വിഭാഗം, സുനിതയുടെ നേതൃത്വത്തില്‍ തയാറാക്കുന്ന നോണ്‍വെജ് വിഭവങ്ങള്‍, രുചി പ്രേമികള്‍ക്കായി വിവിധയിനം ജ്യൂസുകള്‍ ഒരുക്കി രമ, രുചിയോടെ ചായ പകര്‍ന്നു നല്‍കി രാധ, തനി നാടന്‍ പലഹാരങ്ങള്‍ ഒരുക്കി ഷീല, ശാന്ത എന്നിവര്‍, ദോശകളില്‍ വൈവിധ്യമൊരുക്കി ഷൈനി, മിനി എന്നിവര്‍ വിമണ്‍സ് ഫുഡ്‌കോര്‍ട്ട് എന്ന സ്ഥാപനത്തിനു കീഴില്‍ അണിനിരക്കുന്നു. സംരംഭങ്ങള്‍ ചെയ്‌തോ സ്ഥാപനങ്ങള്‍ നടത്തിയോ മുന്‍പരിചയമൊന്നുമില്ലാതിരുന്ന വനിതകളാണ് ഇന്ന് സ്ഥാപനത്തിന്റെ നിയന്ത്രണം കൈയാളുന്നത്. സാധാരണക്കാരായ വീട്ടമ്മമാര്‍ മാത്രമാണ് ഇവരെല്ലാം. സംരംഭകത്വത്തിന്റെ ആവേശവും മതിയായ പരിശീലനവും നല്‍കി ഈ വീട്ടമ്മമാരെ ബിസിനസ് രംഗത്തേയ്ക്കു കൈപിടിച്ചു നടത്തിയത് അവര്‍ സ്‌നേഹത്തോടെ സാര്‍ എന്നു വിളിക്കുന്ന പരിശീലകനും കോ-ഓര്‍ഡിനേറ്ററുമായ കെ പി അജയകുമാറാണ്. ഇന്ന് സ്വരാജ് റൗണ്ടിനെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്ന വന്‍കിട ഹോട്ടലുകളുമായിപ്പോലും കിടപിടിക്കുന്ന തരത്തില്‍ വിമണ്‍സ് ഫുഡ്‌കോര്‍ട്ട് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും സമീപ പഞ്ചായത്തുകളിലുമുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍. 60000 രൂപ മുതല്‍ 90000 രൂപവരെയാണ് ഈ സ്ഥാപനത്തിന്റെ ദിനംപ്രതിയുള്ള വിറ്റുവരവെന്ന് അജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ വനിതകളെ അണിനിരത്തി വിജയകരമായി നടപ്പാക്കുന്ന ഒരു സംരംഭം കേരളത്തില്‍ തന്നെ ആദ്യമാണെന്നും അദ്ദേഹം പറയുന്നു. ഓരോരുത്തരും ഇവിടെ ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസസാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇടമുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഓരോരുത്തര്‍ക്കും ചെയ്യേണ്ട ദൗത്യം വളരെ ചെറുതാണ്. അവര്‍ ഏതു മേഖലയിലാണോ കേന്ദ്രീകരിച്ചിരിക്കുന്നത് അതില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചാല്‍ മതി. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ ആളുകളെ ആകര്‍ഷിക്കുന്ന നൂതനവും വ്യത്യസ്തവുമായ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാവകാശം ലഭിക്കുന്നുണ്ട്, അജയകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ ജോലിഭാരം പരമാവധി കുറച്ച് അവരെ കൂടുതല്‍ നൂതന ആശയങ്ങളിലേക്കു കൈപിടിച്ചുനടത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിന് ആക്കം കൂട്ടാന്‍ ഓരോ കാലാവസ്ഥയ്ക്കും ആഘോഷങ്ങള്‍ക്കും അനുസൃതമായ ഭക്ഷ്യമേളകള്‍ വിമണ്‍സ് ഫുഡ്‌കോര്‍ട്ടില്‍ സംഘടിപ്പിക്കുന്നു. ഭക്ഷ്യമേളകളില്‍ വ്യത്യസ്ത വിഭവങ്ങള്‍ രുചിപ്രേമികള്‍ക്കായി ഒരുക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നു. മലബാറില്‍ നിന്നും കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ എത്തിച്ചു പ്രത്യേക പരിശീലനവും നല്‍കുന്നു. വിമണ്‍സ് കഫേയിലെ വട്ടയപ്പവും മിനി സദ്യയും ഏറെ പ്രസിദ്ധമാണ്. ഓരോ സീസണിലും പ്രചാരത്തിലുള്ള നാടന്‍ വിഭവങ്ങള്‍ ഇവര്‍ പ്രത്യേക രീതിയിലാണ് ഇവിടെ ആളുകള്‍ക്കു മുന്നിലെത്തിക്കുന്നത്.

രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പതു വരെയാണ് ഫുഡ്‌കോര്‍ട്ടിന്റെ പ്രവര്‍ത്തന സമയം. രാവിലെ ഏഴു മണി മുതല്‍ മൂന്നുവരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്‍പതുവരെയും രണ്ട് ഷിഫ്റ്റുകളായാണ് ഇവരുടെ പ്രവര്‍ത്തനം. വാടക, വൈദ്യുതി, വെള്ളം തുടങ്ങിയ പൊതുവായ ചെലവുകളെല്ലാം പങ്കുവയ്ക്കുന്നു. ഓരോരുത്തരുടെയും കീഴില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് അതാതു സംരംഭകര്‍ തന്നെയാണ് വേതനം നല്‍കുന്നത്.

ഏറ്റവും കൂടുതല്‍ മാറ്റങ്ങളും വികസനവും ഉണ്ടാകുന്ന ഒന്നാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍. ഇതിലേക്കു വളരെ സാധാരണക്കാരെ ആകര്‍ഷിക്കുക, മേഖലയുടെ സാധ്യതകളെ അവരുടെ ജീവിതത്തിനു വേണ്ടി ഉപയോഗിക്കുക എന്നിവയ്ക്കാവശ്യമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതെന്ന് അജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊരു വേറിട്ട മാതൃക തന്നെയാണ്. പാചകത്തില്‍ സ്ത്രീകള്‍ക്ക് നൈസര്‍ഗികമായൊരു വാസനയുണ്ടെന്ന് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ടുള്ളവരെല്ലാം സമ്മതിക്കും. ഈ കഴിവിനൊപ്പം മികച്ച പരിശീലനം കൂടി ലഭിച്ചതോടെ വുമണ്‍സ് ഫുഡ്‌കോര്‍ട്ട് മാതൃകാ വിജയമായി. തുടങ്ങിയ കാലത്ത് ചെറിയ സ്ഥലപരിമിതിയില്‍ സസ്യാഹാരം മാത്രം വിളമ്പി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇന്ന് തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി സൗകര്യങ്ങളും ലാഭവുമായി മുന്നോട്ട് പോവുകയാണ്.

സ്വാദിനൊപ്പം ആരോഗ്യത്തിനും മുന്‍ഗണന

സ്ത്രീകള്‍ നടത്തുന്ന ഭക്ഷ്യശാല ആയതിനാല്‍ സ്വാദിന്റെ കാര്യത്തില്‍ സംശയിക്കേണ്ടതില്ല. തങ്ങളുടെ ആഹാരത്തിന് എത്രത്തോളം രുചിയുണ്ടോ, അത്രത്തോളം തന്നെ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളാണ് ഇവരുടെ അടുക്കളയിലൊരുങ്ങുന്നത്. കാലം മാറിയെങ്കിലും കര്‍ക്കിടക മാസത്തില്‍ ആരോഗ്യപരിപാലനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളെല്ലാം. എന്നാല്‍ കര്‍ക്കിടകക്കഞ്ഞി തയാറാക്കാനോ മരുന്നു കണ്ടെത്താനോ ആരും മെനക്കെടാറില്ല. അതേസമയം ഔഷധക്കഞ്ഞികള്‍ക്കു പുറമേ ഇലവര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളായിരുന്നു ഇത്തവണത്തെ കര്‍ക്കടകമാസത്തില്‍ വിമണ്‍സ് ഫുഡ് കോര്‍ട്ടില്‍ തയാറാക്കിയ പ്രത്യേക വിഭവം. താള്, തകര തുടങ്ങി ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമായ ഇലവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയ ആഹാരക്കൂട്ടുകളായിരുന്നു ഇവിടെ ഒരുക്കിയത്. വിമണ്‍സ് ഫുഡ്‌കോര്‍ട്ടിലെ പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ശേഖരിച്ച പച്ചക്കറികളും ഇലകളും ഉപയോഗിച്ചായിരുന്നു ഭക്ഷണം തയാറാക്കിയത്. ഒപ്പം, ഇത്തരത്തിലുള്ള ഇലകളും ഔഷധസസ്യങ്ങളും പരിചയപ്പെടുത്താന്‍ അവയുടെ പ്രദര്‍ശനവും ഫുഡ്‌കോര്‍ട്ടില്‍ സംഘടിപ്പിച്ചിരുന്നു.

കര്‍ക്കിടകത്തില്‍ മാത്രമല്ല ഏതു സമയത്തും ആരോഗ്യപ്രദമായ ഭക്ഷ്യ വസ്തുക്കള്‍ ഫുഡ്‌കോര്‍ട്ടില്‍ ലഭ്യമാണ്. ശരീരക്ഷീണം അകറ്റാന്‍ കല്‍ക്കണ്ടം നെല്ലിക്ക ജ്യൂസ്, പ്രമേഹ രോഗികള്‍ക്കായി മഞ്ഞള്‍ നെല്ലിക്ക ജ്യൂസ്, ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കാരറ്റ് നെല്ലിക്ക ജ്യൂസ്, ബീറ്റ്‌റൂട്ട് നെല്ലിക്ക ജ്യൂസ്, കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാന്‍ വെള്ളരി നെല്ലിക്ക ജ്യൂസ്, ഊര്‍ജസ്വലതയ്ക്ക് തേന്‍ നെല്ലിക്ക ജ്യൂസ് എന്നിങ്ങനെ ഏതുപ്രായത്തിലുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിനു പ്രയോജനപ്പെടുന്ന ഭക്ഷണ വിഭവങ്ങളാണ് ഇവിടത്തെ തീന്‍മേശകളില്‍ വിളമ്പുന്നത്. മറ്റു വിഭവങ്ങളും തയാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാത്ത തരത്തിലാണ്. ഭക്ഷണം കഴിക്കാനെത്തുന്ന ഉപഭോക്താക്കളുടെ മുമ്പില്‍വച്ചു തന്നെയാണ് ആഹാരം പാകം ചെയ്തു നല്‍കുന്നത്. നാടന്‍ ഭക്ഷ്യ വിഭവങ്ങളായ വട്ടയപ്പം മുതല്‍ ഫൈവ്സ്റ്റാര്‍ ഭക്ഷണം വരെ ഇവിടെ ലഭ്യമാണ്. മിതമായ നിരക്കായതിനാല്‍ നൂറുകണക്കിനാളുകളാണ് ദിവസവും ഫുഡ്‌കോര്‍ട്ടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.

ആത്മവിശ്വാസത്തിന്റെ തിളക്കം

വിമണ്‍സ് ഫുഡ്‌കോര്‍ട്ടിലെ നോണ്‍ വെജ് വിഭവങ്ങള്‍ പാകം ചെയ്യുന്നതും ആ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതും സുനിതയെന്ന വീട്ടമ്മയാണ്. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം പാചകം ചെയ്തു തുടക്കമിട്ട ഫുഡ്‌കോര്‍ട്ടില്‍ സഹായിയായി എത്തിയതായിരുന്നു സുനിത. വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന കാലത്ത് വിരുന്നുകാരെത്തിയാല്‍ പോലും തനിയെ ഭക്ഷണം തയാറാക്കാന്‍ സുനിതയ്ക്കു ഭയമായിരുന്നു. അതിഥികളെത്തിയാല്‍ ചേച്ചിമാരെ ഒപ്പം കൂട്ടിയായിരുന്നു അക്കാലങ്ങളില്‍ സുനിത ഭക്ഷണം തയാറാക്കിയിരുന്നത്.

വിമണ്‍സ് ഫുഡ്‌കോര്‍ട്ട് തുടങ്ങിയ ശേഷം ആറു മാസം കഴിഞ്ഞാണ് നോണ്‍-വെജ് വിഭവങ്ങള്‍കൂടി ഇവിടുത്തെ അടുക്കളയില്‍ പാകം ചെയ്തു തുടങ്ങുന്നത്. നോണ്‍വെജ് ഭക്ഷണം തയാറാക്കാന്‍ ആ കെട്ടിടത്തിലെ തന്നെ കടമുറികള്‍ വാങ്ങുകയായിരുന്നു. സ്ഥാപന നടത്തിപ്പുകാരനായിരുന്ന അജയകുമാര്‍ പുതിയ സംരംഭം നോക്കി നടത്താന്‍ സുനിതയെ ഏല്‍പ്പിച്ചു. അല്‍പ്പം ഭയത്തോടെയാണെങ്കിലും പുതിയ ദൗത്യം സുനിത ഏറ്റെടുത്തു.

പിന്നീട് വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു ഈ വീട്ടമ്മ. ഇപ്പോള്‍ സുനിതയ്ക്കു കീഴില്‍ എട്ട് വനിതാ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. മുന്‍പ് വീട്ടില്‍ പാചകം ചെയ്യുകയെന്നതില്‍ കൂടുതല്‍ ഒരു നോണ്‍വെജ് സ്‌പെഷലിസ്റ്റ് ഒന്നുമല്ല ഞാന്‍. എന്നാല്‍ ഈ സംരംഭം ഏറ്റെടുത്ത ശേഷം ഞാന്‍ ഇവിടെ നിന്നു കൂടുതല്‍ പഠിച്ചു. ഇപ്പോള്‍ എത്ര ആളുകള്‍ക്കു ഭക്ഷണം തയാറാക്കാനും എനിക്കു ഭയമില്ല. ഫുഡ് കോര്‍ട്ടിലെ ഈ നോണ്‍വെജ് സംരംഭത്തില്‍ മാത്രം ഒരു ദിവസം അന്‍പതിനായിരം രൂപയുടെ കച്ചവടം നടക്കുന്നുണ്ട്, പറഞ്ഞു നിര്‍ത്തുമ്പോള്‍ സുനിതയുടെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം.

Comments

comments

Related Articles