ആലിബാബയുടെ ലോകത്തെ സന്തോഷവാന്‍

ആലിബാബയുടെ ലോകത്തെ സന്തോഷവാന്‍

പരാജയങ്ങള്‍ക്കും നഷ്ടബോധങ്ങള്‍ക്കുമപ്പുറം വീണ്ടും വീണ്ടും ശ്രമിക്കുന്നവരെ ജീവിതം അവസരങ്ങളുടെ രൂപത്തില്‍ സഹായിക്കുക തന്നെ ചെയ്യും. പക്ഷേ, ആ അവസരം നമുക്ക് കാണുവാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ കണ്ണും കാതും തുറിന്നിരിക്കണം

മുപ്പതോളം ജോലികള്‍ക്കായി ശ്രമിച്ചിട്ടും കിട്ടാതെ വരികയും, മൂന്നു തവണ പ്രവേശന പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്താല്‍ നിങ്ങളുടെ മനോഭാവം എന്തായിരിക്കും? ഞാന്‍ ശ്രമിക്കുന്നതൊന്നും എനിക്ക് ലഭിക്കുന്നില്ല, ഞാന്‍ ഒരു പരാജയമാണ് എന്ന മാനസിക നിലയിലേക്ക് നിങ്ങള്‍ എത്തുമോ? പക്ഷേ, നിരന്തരമായ അവഗണനകള്‍ക്കുമപ്പുറം വിജയത്തിന്റെ സുവര്‍ണ്ണ സിംഹാസനം സ്വന്തമാക്കിയ ഒരു വ്യക്തിയുണ്ട്. ആ വ്യക്തിയാണ് ആലിബാബ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിലൂടെ ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയ ജാക്ക് മാ.

പ്രൈമറി സ്‌കൂളില്‍ രണ്ടു തവണ പരാജയപ്പെട്ട ജാക്ക് മാ മിഡില്‍ സ്‌കൂളില്‍ മൂന്നു തവണയാണ് തോറ്റത്. കെഎഫ്‌സി ചൈനയില്‍ വന്നപ്പോള്‍ ജോലിക്ക് അപേക്ഷിച്ചവരില്‍ ജാക്ക് മായും ഉണ്ടായിരുന്നു. 24 പേരാണ് ഇന്റര്‍വ്യൂവിന് ഉണ്ടായിരുന്നത്. അതില്‍ 23 പേരെയും കെഎഫ്‌സി തെരഞ്ഞെടുത്തു. എന്നാല്‍ കഴിവില്ല എന്ന കാരണം പറഞ്ഞ് ജാക്ക് മായെ തഴയുകയും ചെയ്തു. പൊലീസ് സേനയിലേക്ക് അപേക്ഷ അയച്ചപ്പോള്‍ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ജാക്ക് മാ അടക്കം അഞ്ചുപേരാണ്. ബാക്കി നാലുപേരെയും നിയമിച്ചപ്പോള്‍ ഇത്തവണയും ജാക്ക് മാ തിരസ്‌കരിക്കപ്പെടുകയാണുണ്ടായത്. ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രവേശനത്തിനായി പത്തുതവണ ശ്രമിച്ചുവെങ്കിലും തിരസ്‌കരണമായിരുന്നു ഫലം.

പല ആളുകളുടെയും ജീവിതത്തില്‍ തിരസ്‌കരണങ്ങളോ പരീക്ഷയില്‍ പരാജയമോ സംഭവിക്കുമ്പോള്‍ എല്ലാ സന്തോഷവും നഷ്ടപ്പെട്ട് ദുഃഖാകുലരായി ഇരിക്കുന്നത് കാണാറുണ്ട്. അതിന്റെ കാരണം ജീവിതത്തിന്റെ സ്വഭാവം മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നതുകൊണ്ടാണ്. ഒരു കൈകൊണ്ട് പ്രഹരിക്കുമ്പോള്‍ മറുകൈകൊണ്ട് തലോടുന്നവളാണ് ജീവിതം.

പരാജയങ്ങള്‍ക്കും നഷ്ടബോധങ്ങള്‍ക്കുമപ്പുറം വീണ്ടും വീണ്ടും ശ്രമിക്കുന്നവരെ ജീവിതം അവസരങ്ങളുടെ രൂപത്തില്‍ സഹായിക്കുക തന്നെ ചെയ്യും. പക്ഷേ, ആ അവസരം നമുക്ക് കാണുവാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ കണ്ണും കാതും തുറന്നിരിക്കണം. ജീവിതത്തില്‍ സംഭവിച്ച പരാജയങ്ങളും നഷ്ടങ്ങളും പ്രിയപ്പെട്ടവരുടെ വേര്‍പാടും രോഗങ്ങളുമൊക്കെ പലരുടെയും സന്തോഷം പലപ്പോഴും തല്ലിക്കെടുത്താറുണ്ട്. പക്ഷേ, തിരിച്ചറിയുക, ജീവിതത്തില്‍ മോശമായത് സംഭവിക്കുമ്പോഴും ദുഃഖിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളോരോരുത്തരുമാണ്.

ദുഃഖിക്കാന്‍ നൂറുകണക്കിനു കാരണങ്ങള്‍ ജാക്ക് മാ എന്ന വ്യക്തിക്കുണ്ടായിരുന്നു. എന്നാല്‍ നിരന്തരമായ അവഹേളനങ്ങളും പരാജയങ്ങളും തിരസ്‌കരണങ്ങളും നേരിട്ടപ്പോഴും അദ്ദേഹം ദുഃഖിച്ചില്ല. മറിച്ച് പുഞ്ചിരിക്കുന്ന മുഖത്തോടെ ജീവിതം വച്ചുനീട്ടുന്ന അവസരങ്ങള്‍ക്കായി അദ്ദേഹം കാതോര്‍ത്തു.

പന്ത്രണ്ട് വയസുള്ളപ്പോഴാണ് ഇംഗ്ലിഷ് പഠിക്കണമെന്ന മോഹം ജാക്ക് മായ്ക്കുണ്ടായത്. ചൈനയിലെ ഹാന്‍ഷ്വു പ്രവിശ്യയിലായിരുന്നു ജാക്ക് മാ താമസിച്ചിരുന്നത്. എന്നാല്‍ ഇംഗ്ലിഷ് പഠനത്തിനു സഹായിക്കുന്ന പുസ്തകങ്ങളൊന്നും അക്കാലത്ത് ഹാന്‍ഷ്യുവില്‍ സുലഭമായിരുന്നില്ല. ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കുന്ന സെന്ററുകളാവട്ടെ അവിടത്തുകാര്‍ക്ക് കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല. ഇതിനൊരു പോംവഴിയും ജാക്ക് മാ തന്നെ കണ്ടുപിടിച്ചു. ഹാന്‍ഷ്വുവിലെ ഷാന്‍ഗ്രിലാ ഹോട്ടലില്‍ ഇംഗ്ലിഷ് സംസാരിക്കുന്ന ധാരാളം വിദേശ ടൂറിസ്റ്റുകള്‍ എത്തുമായിരുന്നു. എല്ലാ ദിവസവും രാവിലെ ജാക്ക് മാ ഹോട്ടലിലെത്തി ഒരു ഫ്രീഗൈഡായി വിനോദ സഞ്ചാരികളെ സഹായിക്കാന്‍ തുടങ്ങി. ഒന്‍പത് വര്‍ഷത്തോളം ഇത് തുടര്‍ന്നു. ഇംഗ്ലിഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുന്നതിനും ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മനസിലാക്കാനും ഒരു രൂപ പോലും പ്രതിഫലം പറ്റാതെ സേവനമനുഷ്ഠിച്ച ഈ കാലഘട്ടം സഹായകരമായെന്നാണ് അതേക്കുറിച്ച് ജാക്ക് മാ പിന്നീട് പറഞ്ഞിട്ടുള്ളത്.

ജാക്ക് മാ ചിരിക്കുമ്പോള്‍ ഉള്ളു തുറാണ് ചിരിക്കുന്നത്. ഓരോ തവണ ചിരിക്കുമ്പോഴും ജാക്ക് മായുടെ കവിളുകള്‍ക്കു ചുറ്റിലും ചുളിവുകള്‍ വീഴും. ഒരാള്‍ ആത്മാര്‍ത്ഥമായാണ് ചിരിക്കുന്നത് എതിന്റെ സൂചനയാണത്. ബിസിനസിലെ തിരക്കുകള്‍ വര്‍ധിക്കുമ്പോള്‍ ചിരി മായുവരുടെ ലോകത്ത് ഒരു അത്ഭുതമാകുകയാണ് ജാക്ക് മാ. പ്രശ്‌നങ്ങളും പ്രതിസന്ധികളുമല്ല മറിച്ച് മനോഭാവമാണ് നമ്മുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും വിജയവും നിര്‍ണ്ണയിക്കുന്നത് എന്നതിന്റെ മികവുറ്റ ഉദാഹരണമാണ് ജാക്ക് മായുടെ ജീവിതം.

സദാ സന്തോഷിച്ചുകൊണ്ടിരിക്കുക. ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ മാറി പ്രകാശത്തിന്റെ സൂര്യരശ്മികള്‍ ജീവിതത്തില്‍ പതിച്ചുതുടങ്ങും. ജീവിതം സന്തോഷപ്രദമാകട്ടെ ജീവിതം സുഖകരമാകട്ടെ

(ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ സ്പീക്കറും സൈക്കോളജിസ്റ്റും എഴുത്തുകാരനുമാണ് ലേഖകന്‍. മൊബീല്‍: 9447259402)

Comments

comments