നാല് എയര്‍ബാഗുകളുമായി സ്‌കോഡ റാപിഡ് ടോപ് വേരിയന്റ്

നാല് എയര്‍ബാഗുകളുമായി സ്‌കോഡ റാപിഡ് ടോപ് വേരിയന്റ്

ഫ്രണ്ട് ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍ കൂടാതെ സ്റ്റൈല്‍ വേരിയന്റില്‍ ഇപ്പോള്‍ ആകെ നാല് എയര്‍ബാഗുകളായി

ന്യൂഡെല്‍ഹി : സ്‌കോഡ റാപിഡിന്റെ ടോപ് വേരിയന്റായ സ്റ്റൈലിന് രണ്ട് ഫ്രണ്ട് സൈഡ് എയര്‍ബാഗുകള്‍ കൂടി നല്‍കിയതായി സ്‌കോഡ ഇന്ത്യ അറിയിച്ചു. ഫ്രണ്ട് ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍ കൂടാതെ സെഡാന്റെ ടോപ് വേരിയന്റില്‍ ഇപ്പോള്‍ ആകെ നാല് എയര്‍ബാഗുകളായി. എതിരാളികളായ ഹോണ്ട സിറ്റിയുടെയും ഹ്യുണ്ടായ് വെര്‍ണയുടെയും ടോപ് വേരിയന്റുകള്‍ ആറ് എയര്‍ബാഗുകളുമായാണ് വരുന്നത്. ഇതേതുടര്‍ന്നാണ് സ്‌കോഡ റാപിഡിന്റെ സ്റ്റൈല്‍ വേരിയന്റില്‍ എയര്‍ബാഗുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. സ്‌കോഡ റാപിഡിന്റെ ജര്‍മ്മന്‍ കസിനായ ഫോക്‌സ്‌വാഗണ്‍ വെന്റോയില്‍ സ്റ്റാന്‍ഡേഡായി രണ്ട് എയര്‍ബാഗുകള്‍ മാത്രമാണുള്ളത്. സെഗ്‌മെന്റ് ലീഡറായ മാരുതി സുസുകി സിയാസിലും രണ്ട് എയര്‍ബാഗുകള്‍ മാത്രം.

സ്‌കോഡ റാപിഡ് ഫേസ്‌ലിഫ്റ്റ് 2016 നവംബറിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആക്റ്റീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നിവയാണ് വേരിയന്റുകള്‍. മെച്ചപ്പെട്ട സ്റ്റൈലിംഗ്, പുതിയ ഫീച്ചറുകള്‍ എന്നിവ റാപിഡ് ഫേസ്‌ലിഫ്റ്റിന് ലഭിച്ചു. എല്ലാ വേരിയന്റുകളിലും ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡ് ആയിരുന്നു. എന്നാല്‍ സെഗ്‌മെന്റില്‍ കടുത്ത മത്സരം നടക്കുന്നതും സുരക്ഷാ ഫീച്ചറുകള്‍ വര്‍ധിപ്പിക്കണമെന്ന് ബോധ്യപ്പെട്ടതുമാണ് എയര്‍ബാഗുകളുടെ എണ്ണം നാലായി വര്‍ധിപ്പിക്കാന്‍ കാരണമായത്.

റാപിഡ് ഫേസ്‌ലിഫ്റ്റിന് ലഭിക്കുന്ന ആദ്യ പരിഷ്‌കാരമല്ല ഇപ്പോഴത്തേത്. 2017 ഏപ്രിലില്‍ റിവേഴ്‌സ് കാമറ, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നീ ഫീച്ചറുകള്‍ നല്‍കിയിരുന്നു. സ്‌കോഡ റാപിഡ് സ്റ്റൈല്‍ വേരിയന്റിന്റെ മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല. ക്രോം ആക്‌സന്റുകളോടെ ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, സ്മാര്‍ട്ട്‌ലിങ്ക് കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗില്‍ ഓഡിയോ, ടെലിഫോണി കണ്‍ട്രോളുകള്‍, ഫോക്‌സ് ലെതര്‍ ഇന്റീരിയര്‍ തുടങ്ങിയവ കാണാം.

എതിരാളികളായ ഹോണ്ട സിറ്റിയുടെയും ഹ്യുണ്ടായ് വെര്‍ണയുടെയും ടോപ് വേരിയന്റുകള്‍ ആറ് എയര്‍ബാഗുകളുമായാണ് വരുന്നത്

മെക്കാനിക്കല്‍ കാര്യങ്ങളിലും മാറ്റമില്ല. 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 104 ബിഎച്ച്പി കരുത്തും 153 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഡീസല്‍ എന്‍ജിന്‍ 108 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ട് എന്‍ജിനുകളുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നത്. എന്നാല്‍ പെട്രോള്‍ വേരിയന്റിന് 6 സ്പീഡ് ടിപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍, ഡീസല്‍ വേരിയന്റിന് 7 സ്പീഡ് ഡിഎസ്ജി എന്നീ ഓട്ടോമാറ്റിക് ഓപ്ഷനുകളുമുണ്ട്.

Comments

comments

Categories: Auto