പണത്തിനു പകരം സെല്‍ഫി

പണത്തിനു പകരം സെല്‍ഫി

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിക്കഴിഞ്ഞാല്‍ ഒരു സെല്‍ഫിയോ വിരലടയാളമോ മാത്രം മതി ബില്ലടയ്ക്കാനെന്നു വന്നാലോ? ഈ സൗകര്യം അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മാസ്റ്റര്‍കാര്‍ഡ് ഉടമകള്‍ക്ക് ഉപയോഗിക്കാനാകും. യൂറോപ്പിലെ ഡെബിറ്റ്, ക്രെഡിറ്റ് ഉടമകള്‍ക്ക് സൗകര്യം വിനിയോഗിക്കാം. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അനുസരിച്ച് ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് വേണ്ട നടപടികളെടുക്കാന്‍ ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.

ബയോമെട്രിക് കാര്‍ഡുകളിലൂടെ പണമടയ്ക്കാനുള്ള സംവിധാനം മാസ്റ്റര്‍കാര്‍ഡ് തയാറാക്കിയിരുന്നെങ്കിലും അവിടെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു വിദഗ്ധര്‍ കരുതുന്നു. ബില്‍റ്റ് ഇന്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറോടു കൂടിയ കാര്‍ഡാണ് അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്കിന്റെ പ്രാദേശിക ശാഖകളില്‍ ചെന്ന് വിരലടയാളം പതിപ്പിക്കാനാകും. ഇത് കാര്‍ഡിനകത്തെ ചിപ്പിനുള്ളില്‍ സംരക്ഷിക്കപ്പെടും. ഇതിന്റെ ആദ്യപരീക്ഷണങ്ങള്‍ ആഫ്രിക്കയില്‍ നടക്കുകയും ചെയ്തു.

ഇങ്ങനെയൊക്കെയാണെങ്കിലും ബയോമെട്രിക് സാങ്കേതികവിദ്യ 100 ശതമാനം സുരക്ഷിതമാണെന്ന് പറയാനാകില്ലെന്നാണു വിദഗ്ധമതം. ജര്‍മനിയിലെ സെക്യൂരിറ്റി റിസര്‍ച്ച് ലാബിലെ ചീഫ് സയന്റിസ്റ്റ് കാഴ്‌സറ്റണ്‍ നോളിന്റെ അഭിപ്രായത്തില്‍ ഒരു ഗ്ലാസില്‍ പതിഞ്ഞ വിരലടയാളം മതി ഇതിന്റെ പകര്‍പ്പെടുത്ത് വ്യാജവിരലടയാളം സൃഷ്ടിക്കാന്‍. ഇത് പാസ്‌വേഡുകളേക്കാള്‍ അരക്ഷിതമാകുമെന്നാണ് അദ്ദേഹം പറയുന്നത്. കാരണം പാസ്‌വേഡുകള്‍ മാറ്റാനാകും, എന്നാല്‍ വിരലടയാളം ഒരിക്കലും മാറ്റാനാകില്ല.

എന്നാല്‍, സെല്‍ഫി സ്‌കാന്‍ ചെയ്യുന്നതോടെ ഇത്തരം തട്ടിപ്പുകള്‍ക്ക് അവസാനമാകുമെന്നാണ് കരുതുന്നത്. ഉദാഹരണത്തിന് പ്രതിവാരഷോപ്പിംഗിന് ഹോം കംപ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ പണമടയ്ക്കുന്നതിന് നിങ്ങളോട് തിരിച്ചറിയല്‍ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടും. ബാങ്കിംഗ് ആപ്ലിക്കേഷനില്‍ ലോഗ്ഇന്‍ ചെയ്ത ശേഷം നിങ്ങളുടെ സെല്‍ഫിയോ വിരലടയാളമോ മൊബീലില്‍ എടുത്ത് അയയ്ക്കണം. ഇതിനായില്ലെങ്കില്‍ ബില്ലടയ്ക്കുന്നതില്‍ പരാജയപ്പെടും.

തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വ്യാജഐഡന്റിറ്റി നിര്‍മിക്കാന്‍ ഇത് ബുദ്ധിമുണ്ടാക്കും. എന്നാല്‍ ഈ സംവിധാനത്തില്‍ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടിയും വരുന്നില്ല. ഒരു പ്രത്യേക കോഡ് അടങ്ങിയ സന്ദേശവാക്യം ഫോണിലേക്ക് അയയ്ക്കാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം. കംപ്യൂട്ടറില്‍ തെളിഞ്ഞിരിക്കുന്ന പേയ്‌മെന്റ് സ്‌ക്രീനില്‍ ഈ കോഡ് അടിക്കുന്നതോടെ പണമടയ്ക്കല്‍ പൂര്‍ത്തിയാകും.

 

Comments

comments

Categories: Tech