പോക്കറ്റ് ഏസെസ് ലോക്കോയെ സ്വന്തമാക്കി

പോക്കറ്റ് ഏസെസ് ലോക്കോയെ സ്വന്തമാക്കി

ഇടപാടിന്റെ ഭാഗമായി ലോക്കോയുടെ സഹസ്ഥാപകര്‍ പോക്കറ്റ് ഏസെസിന്റെ ഭാഗമാകും

ന്യൂഡെല്‍ഹി: സെക്ക്വോയ കാപ്പിറ്റല്‍ പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ മീഡിയ കമ്പനിയായ പോക്കറ്റ് ഏസെസ് ആന്‍ഡ്രോയിഡ് ക്വിസ് ഗെയിം ആപ്പായ ലോക്കോയെ ഏറ്റെടുത്തു. ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോക്കറ്റ് ഏസെസ് തയാറായില്ലെങ്കിലും ഒരു ദശലക്ഷം ഡോളറിനാണ് ഇടപാട് നടന്നതെന്നാണ് അനൗദ്യോഗിക വിവരം. തല്‍സമയ ഗെയിം ഷോകള്‍ ആരംഭിച്ചുകൊണ്ട് പുതിയ ഡിജിറ്റല്‍ മീഡിയ ഫോര്‍മാറ്റിലേക്ക് ചുവടുവെക്കാനുള്ള പോക്കറ്റ് ഏസെസ് തന്ത്രത്തിന്റെ ഭാഗമാണ് ഇടപാട്.

ഇടപാടിനുശേഷവും സ്വതന്ത്രമായ ബിസിനസ് യൂണിറ്റായിട്ടായിരിക്കും ലോക്കോ പ്രവര്‍ത്തിക്കുന്നത്. ലോക്കോയുടെ സഹസ്ഥാപകരായ അഭിഷേക് മാധവന്‍, ചേതന്‍ ദെംബ്രെ, സുശീല്‍ കുമാര്‍ എന്നിവര്‍ പോക്കറ്റ് ഏസെസിന്റെ ഭാഗമാകും. ലോക്കോയുടെ ഗെയിമിംഗ് വിഭാഗം വികസിപ്പിക്കുമെന്നും അടുത്ത 18 മാസത്തിനുള്ളില്‍ കമ്പനിയില്‍ മൂന്നു മുതല്‍ അഞ്ചു ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും പോക്കറ്റ് ഏസെസ് സഹസ്ഥാപകന്‍ അനിരുദ്ധ് പണ്ഡിത അറിയിച്ചു. ലോക്കോയിലെ ഉള്ളടക്കത്തെ തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനും പോക്കറ്റ് ഏസെസിന് പദ്ധതിയുണ്ട്.

ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്ത് ക്വിസ് ഗെയിമില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്ന ലോക്കോ ആപ്പിള്‍ വിജയിക്ക് 10,000 രൂപയോളം പേടിഎം വാലെറ്റ് വഴി നേടാനും കഴിയും. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറങ്ങിയ ആപ്ലിക്കേഷന് 40,000 ലധികം ഡൗണ്‍ലോഡുകള്‍ ലഭിച്ചതായും ഒരേ സമയം 6,500 ലധികം ഉപഭോക്താക്കള്‍ ക്വിസ് ഗെയിം കളിക്കുന്നുണ്ടെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് വീഡിയോ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്ന പോക്കറ്റ് ഏസെസ് യുവജനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെക്ക്വോയ കാപ്പിറ്റല്‍ ഇന്ത്യ, നോര്‍ത്ത് ബേസ് മീഡിയ, ആരിന്‍ കാപ്പിറ്റല്‍ എന്നിവരില്‍ നിന്ന മൂന്നു ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു.

Comments

comments

Categories: Business & Economy