കണ്ണൂര്‍ വിമാനത്താവളം: വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

കണ്ണൂര്‍ വിമാനത്താവളം: വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിശദീകരിക്കാനും പുതിയതായി ആരംഭിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളെപ്പറ്റി ധാരണയുണ്ടാക്കാനും വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മലബാര്‍ മേഖലയിലെയും കണ്ണൂരിലെയും ടൂറിസം സാധ്യതകളും വിമാനത്താവള പദ്ധതിയുടെ പുരോഗതിയും കണ്ണൂര്‍ വിമാനത്താവള എംഡി പി ബാലകിരണ്‍ വിശദീകരിച്ചു. അടുത്തമാസം മുതല്‍ വിമാനത്താവളത്തില്‍ കൊമേഴ്‌സ്യല്‍/ഓഫീസ് സ്‌പേസ് അലോട്ട്‌മെന്റ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റണ്‍വേ ദീര്‍ഘിപ്പിക്കുമ്പോള്‍ കണ്ണൂര്‍ രാജ്യത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ വിമാനത്താവളമാകും.

10,33,000 സ്‌ക്വയര്‍ ഫീറ്റ് ടെര്‍മിനലില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. 48 ചെക്ക് ഇന്‍ കൗണ്ടറുകള്‍, 16 വീതം എമിഗ്രേഷന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍, മൂന്ന് കണ്‍വേയര്‍ ബെല്‍റ്റുകള്‍, 12 എസ്‌കലേറ്ററുകള്‍, 15 എലിവേറ്ററുകള്‍ എന്നിവ ഇവിടെയുണ്ടാകും. 750 മീറ്റര്‍ ഫ്‌ളൈ ഓവര്‍ പൂര്‍ത്തിയായിട്ടുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിപ്രകാരം ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതായും എംഡി വിമാനക്കമ്പനി പ്രതിനിധികളെ അറിയിച്ചു.

ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേസ്, സ്‌പൈസ് ജെറ്റ് പ്രതിനിധികള്‍ നിലവില്‍ അവര്‍ സര്‍വീസ് നടത്തുന്ന മേഖലകളില്‍നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്താനും, തുടര്‍ന്ന് കണ്ണൂരില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകളും പരിഗണിക്കാമെന്ന് അറിയിച്ചു.
അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാരായ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ എന്നിവര്‍ കണ്ണൂരില്‍ നിന്നും തിരിച്ചും സര്‍വീസിനുള്ള താല്‍പ്പര്യം അറിയിച്ചു.

കമല്‍ കികാനി (ഗോ എയര്‍), രജത് കുമാര്‍ (ഇന്‍ഡിഗോ), നെവില്‍ മേത്ത (ജെറ്റ് എയര്‍വേസ്), ജഗ്‌തേഷ് സൈനി (എയര്‍ ഏഷ്യ), സഞ്ജയ് എ എസ് (ഗള്‍ഫ് എയര്‍), നിധി മെഹ്‌റ (ഖത്തര്‍ എയര്‍വേസ്), മോന്‍സി ജോണ്‍ (സ്‌പൈസ് ജെറ്റ്), എസ് ബി എസ് ജേക്കബ് (എയര്‍ ഇന്ത്യ), ബാലു എബ്രഹാം (ഒമാന്‍ എയര്‍), ശ്രീജിത്ത് വാര്യര്‍ (എത്തിഹാദ് എയര്‍വേസ്), അനില്‍ വിജയന്‍ (എയര്‍ അറേബ്യ) എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തെ പ്രതിനിധീകരിച്ച് ചീഫ് പ്രൊജക്റ്റ് എന്‍ജിനീയര്‍ കെ എസ് ഷിബുകുമാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എസ് ജയകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ അഭിലാഷ് വലിയല്‍ തുടങ്ങിയര്‍ പങ്കെടുത്തു.

 

Comments

comments

Categories: Business & Economy