രാജ്യത്തെ ആദ്യ സ്‌കൂള്‍ 4.0 ബഹുമതി ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിന്

രാജ്യത്തെ ആദ്യ സ്‌കൂള്‍ 4.0 ബഹുമതി ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിന്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സ്‌കൂള്‍ 4.0 എന്ന ബഹുമതി തിരുവനന്തപുരം പേയാടുള്ള ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നേടി. ഇന്ത്യയിലും ഏഷ്യയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതില്‍ 10 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഡെല്‍ഹി ആസ്ഥാനമായ ടെക്‌നോപാക് അഡ്‌വൈസേഴ്‌സ് എന്ന സ്ഥാപനമാണ് ഈ ബഹുമതിക്കായി ഗ്രീന്‍വാലി സ്‌കൂളിനെ തെരഞ്ഞെടുത്തത്.

വ്യക്തിഗത പഠന പദ്ധതി, പരിമിതമായ വിഷയ വിഭജനം, ഫിനോമിനന്‍ ബേസ്ഡ് ലേണിംഗ്, ക്ലാസ് മുറികള്‍ക്കപ്പുറമുള്ള പഠന മേഖല, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സ്‌കൂള്‍ പശ്ചാത്തലം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ 4.0 സര്‍ട്ടിഫിക്കേഷന് സ്‌കൂളുകളെ തെരഞ്ഞെടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി കോര്‍പ്പറേറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെ അവരെ ഭാവിയിലേക്കായി തയ്യാറാക്കുകയെന്നതാണ് സ്‌കൂള്‍ 4.0 എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.

ഏതൊരു വിജ്ഞാന സമ്പദ്ഘടനയുടെയും രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളാണ് വിദ്യാഭ്യാസവും വ്യവസായവുമെന്ന് ടെക്‌നോപാക് എജുക്കേഷന്‍ പ്രാക്റ്റീസ് മേധാവി അരബിന്ദോ സക്‌സേന പറഞ്ഞു. വ്യവസായ മേഖല ഇന്ന് വേഗത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് വേഗത്തിലുള്ള ഈ മാറ്റത്തിനൊപ്പമെത്താനുള്ള ഏക വഴി അതിന് നേതൃത്വം നല്‍കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുന്നതായി കണ്ടതിനെ തുടര്‍ന്നാണ് ഗ്രീന്‍വാലി സ്‌കൂളിന് സ്‌കൂള്‍ 4.0 സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോകം നാലാം വ്യവസായ വിപ്ലവത്തിന്റെ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ മാറുന്ന സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിനില്ലെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും ഉടച്ചുവാര്‍ക്കേണ്ടതുണ്ടെന്നും സക്‌സേന പറഞ്ഞു.

‘പുതുയുഗ സിദ്ധികള്‍ പകര്‍ന്നു നല്‍കാനുള്ള ചുമതല പ്രധാനമായും സ്‌കൂളുകള്‍ക്കാണ്. ടെക്‌നോപാര്‍ക് സ്‌കൂള്‍ 4.0 എന്ന ആശയത്തിന് രൂപം നല്‍കിയത് ഇന്‍ഡസ്ട്രി 4.0യുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. സ്‌കൂളുകള്‍ ഈ മാതൃക സ്വീകരിക്കുകയാണെങ്കില്‍ നാളത്തെ നേതാക്കളെ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിക്കും,’ അരബിന്ദോ സക്‌സേന പറഞ്ഞു.

രാജ്യത്തെ ഭാവി വിദ്യാഭ്യാസത്തിന്റെ പതാകവാഹകരാവുകയെന്നത് വലിയ നേട്ടമാണെന്ന് ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപകന്‍ ബാലമുരളി വിജയരാജ് പറഞ്ഞു. ‘ദേശീയ, അന്തര്‍ദേശീയ ബോര്‍ഡുകളുടെ പരിധികള്‍ക്കകത്ത് നിന്നു കൊണ്ട് വിദ്യാര്‍ത്ഥി അധിഷ്ഠിത വ്യക്തിഗത പഠന സംവിധാനം രൂപപ്പെടുത്തണമെന്ന കാര്യത്തില്‍ തുടക്കം മുതലേ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനായി ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ഏറ്റവും മികച്ച വിഭവങ്ങള്‍ തെരഞ്ഞെടുത്തു. ചലനാത്മകമായ 21ാം നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കേരളത്തിലെ പ്രത്യേകിച്ച് തിരുവനന്തപുരത്തെ കുട്ടികളെ പ്രാപ്തരാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ ബാലമുരളി പറഞ്ഞു.

7 മുതല്‍ 13 വയസ് വരെയുള്ള കുട്ടികള്‍ക്കായി ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സീഡ് എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പരിപാടി സംഘടിപ്പിക്കും. മൂന്ന് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഇതിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുക. കുട്ടികളുടെ സര്‍ഗാത്മകത, യുക്തിപൂര്‍വമായ ചിന്ത, സങ്കീര്‍ണമായ കണക്കുകള്‍ വിജയകരമായി ചെയ്യാനുള്ള കഴിവ് എന്നിവ പരിശോധിക്കുന്നതാകും ഇത്. കുട്ടികള്‍ക്ക് 21ാം നൂറ്റാണ്ടിലെ സിദ്ധികള്‍ തിരിച്ചറിഞ്ഞ്, വികസിപ്പിച്ച് പകര്‍ന്ന് നല്‍കാനാണ് ഈ ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 9,10,11 തീയതികളില്‍ നടക്കും. പരീക്ഷയില്‍ വിജയിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പൂര്‍ണമായും സൗജന്യമായ സ്‌കോളര്‍ഷിപ്പ് അനുവദിക്കും.

Comments

comments