സാമ്പത്തിക ശീതയുദ്ധം

സാമ്പത്തിക ശീതയുദ്ധം

റഷ്യന്‍ ബാങ്കുകള്‍ക്കെതിരേ ഉപരോധം, പാശ്ചാത്യ ശക്തികള്‍ക്കെതിരേ പുടിന്‍

ആയുധപ്പന്തയത്തിലേര്‍പ്പെടുന്നെന്ന പേരില്‍ റഷ്യക്കെതിരേ പുതിയ രീതിയിലുള്ള യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക ഉള്‍പ്പെടുന്ന പാശ്ചാത്യചേരി. റഷ്യന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമെതിരേയുള്ള ഉപരോധമാണ് അവരുടെ പ്രധാന ആയുധം. രാജ്യത്തു നിന്നുള്ള രണ്ടാമത്തെ ആഗോളബാങ്ക് വിടിബിയുടെ മേധാവി ആന്ദ്രേ കോസ്റ്റിന്‍ രാജ്യത്തെ സാമ്പത്തിക രംഗത്ത് യുദ്ധാന്തരീക്ഷം ഉണ്ടാക്കിയ നടപടിയെപ്പറ്റിയുള്ള ആശങ്ക ബിസിനസ് തലവന്മാരോട് പങ്കുവെച്ചു. ഈ നില തുടരുന്നത് യുദ്ധപ്രഖ്യാപനത്തിലേക്കാകും നയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കുമെന്ന് ഭയമുണ്ടെന്ന് ആരോപിച്ച് രാജ്യാന്തര ധനവിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ പോലും ഇടപാടു നടത്തുന്നതിനെ റഷ്യന്‍ ബാങ്കുകളെ അമേരിക്ക വിലക്കുമെന്നാണ് അവരുടെ ആശങ്ക.

സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിക്കാനുള്ള എതിരാളികളായ നാറ്റോസഖ്യത്തിന്റെ നീക്കം അപകടകരമാണെന്നും അത് വന്‍അത്യാഹിതത്തിലേക്കാകും നയിക്കുകയെന്നും പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. അതെ, നാം പുതിയൊരു ആയുധപ്പന്തയത്തിനൊരുങ്ങുകയാണ്. യൂറോപ്പില്‍ നാറ്റോ വന്‍ ആയുധവിന്യാസത്തിനൊരുങ്ങിയ സാഹചര്യത്തിലാണിത്. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ റഷ്യക്കു മടിയില്ല. എന്നാല്‍ ഇതിന്റെ ഗുണഭോക്താക്കള്‍ പട്ടാളത്തലവന്മാരും ആയുധനിര്‍മാതാക്കളും മാത്രമായിരിക്കുമെന്ന് ഓര്‍ക്കണമെന്നും കോസ്റ്റിന്‍ പറഞ്ഞു. ലോകസാമ്പത്തിക ഫോറത്തില്‍ ആഗോള വളര്‍ച്ചയെ അനുമോദിച്ച് ബിസിനസ് മേധാവികള്‍ സംസാരിച്ചതിനു പിന്നാലെയായിരുന്നു കോസ്റ്റിന്റെ മുന്നറിയിപ്പ്.

നാറ്റോസഖ്യത്തിന്റെ വിമര്‍ശകനായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പിന്നീട് സഖ്യത്തെ അംഗീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. നാറ്റോസംഖ്യരാഷ്ട്രങ്ങളെല്ലാം പ്രതിരോധത്തിന് സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ രണ്ടു ശതമാനം ചെലവഴിക്കാമെന്ന് പ്രതിജ്ഞയെടുത്തിരുന്നെങ്കിലും ബ്രിട്ടണ്‍ മാത്രമാണ് അതു പാലിച്ചത്. ഈ തുക അടയ്ക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. തങ്ങള്‍ക്ക് ബില്‍ പാസാക്കാനുള്ളതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യമുന്നയിച്ചത്. അതിനു തയാറായില്ലെങ്കില്‍ അംഗങ്ങള്‍ ഭവിഷ്യത്തു നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും യുഎസ് കളിക്കുന്നത് അപകടകരമായ കളിയാണെന്ന് കോസ്റ്റിന്‍ പറയുന്നു. യൂറോപ്പ് കൂടുതല്‍ തുക അടയ്ക്കണമെന്നാണ് അമേരിക്ക പറയുന്നത്, ആര്‍ക്കു വേണമിത്, ഇത് വളരെ അപകടകരമായി നീക്കമാണെന്നും ദാവോസിലെ ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം പറഞ്ഞു.

യുഎസ് കോണ്‍ഗ്രസില്‍ അടുത്തയാഴ്ച റഷ്യക്കെതിരേയുള്ള ഉപരോധം ചര്‍ച്ചയ്‌ക്കെടുക്കുകയാണ്. വിടിബി ബാങ്കും സ്‌ബെര്‍ ബാങ്കുമാണ് ഉപരോധത്തിനുള്ളവയുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്വിഫ്റ്റ് ഇടപാടുകളില്‍ നിന്നുള്ള വിലക്ക് രാജ്യാന്തര സാമ്പത്തിക വിനിമയങ്ങളെ അസാധ്യമാക്കും

യുഎസ് കോണ്‍ഗ്രസില്‍ അടുത്തയാഴ്ച റഷ്യക്കെതിരേയുള്ള ഉപരോധം ചര്‍ച്ചയ്‌ക്കെടുക്കുകയാണ്. വിടിബി ബാങ്കും സ്‌ബെര്‍ ബാങ്കുമാണ് ഉപരോധത്തിനുള്ളവയുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്വിഫ്റ്റ് ഇടപാടുകളില്‍ നിന്നുള്ള വിലക്ക് രാജ്യാന്തര സാമ്പത്തിക വിനിമയങ്ങളെ അസാധ്യമാക്കും. അമേരിക്കയിലേക്ക് യാത്രചെയ്യുന്നതില്‍ നിന്ന് കോസ്റ്റിനെ വിലക്കിയാലും ആ രാജ്യത്ത് എക്കൗണ്ട് ഉണ്ടെങ്കിലും തന്നെ വിഷമിപ്പിക്കുകയില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ വിടിബി തകരുന്നത് തന്നെ ആശങ്കപ്പെടുത്തുന്നു, അത് റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഗുരുതരമായി ബാധിക്കും. ഇരു രാജ്യങ്ങളുടെയും സ്ഥാപനപതിമാരെ തിരിച്ചുവിളിക്കുന്നതു പോലുള്ള നിര്‍ണായക ചുവടുകളിലേക്ക് അത് വഴുതിപ്പോകാം.

ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനത്തിനു സമാനമാണ്. ഇത് ശീതയുദ്ധത്തേക്കാള്‍ സംഗതി വഷളാക്കും, ഏറെ അപകടകരവുമാണിത്. അമേരിക്ക തീക്കൊള്ളി കൊണ്ടാണു തലചൊറിയുന്നത്. ഉപരോധം പിന്‍വലിക്കാത്ത പക്ഷം ഉത്തരകൊറിയക്കെതിരേ യുഎസ് നടത്തുന്ന നീക്കങ്ങള്‍ക്ക് റഷ്യയുടെ പിന്തുണയുണ്ടാകില്ല. രാജ്യാന്തര ബന്ധങ്ങള്‍ തകരുന്നതിന്റെ ഉത്തരവാദിത്തം അവര്‍ക്കു മാത്രമാണെന്നും കോസ്റ്റിന്‍ വ്യക്തമാക്കി. ഏതായാലും വലിയൊരു സംഘര്‍ഷത്തിനു നടുവിലേക്കാണ് അമേരിക്ക ലോകത്തെ എത്തിച്ചിരിക്കുന്നത്. യുദ്ധത്തേക്കാള്‍ സാമ്പത്തിക നയങ്ങള്‍ ജനങ്ങളെ ശാക്തീകരിക്കാനും ഉപദ്രവിക്കാനും ആയുധമാകുന്ന ആഗോള സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ലോകചരിത്രത്തിലെ തന്നെ കാലുഷ്യത്തിന്റെ ഏറ്റവും വലിയ ഏടാണ് അമേരിക്കയും റഷ്യയും തമ്മിലുണ്ടായ ശീതയുദ്ധം. കമ്യൂണിസം അംഗീകരിച്ച സോവിയറ്റ് യൂണിയനും അമേരിക്ക നേതൃത്വം നല്‍കുന്ന മുതലാളിത്ത ലോകവും തമ്മിലുള്ള സൈദ്ധാന്തിക പോരാട്ടത്തില്‍ സംഘര്‍ഷവും കടുത്ത മാല്‍സര്യവുമാണ് ഇരുചേരികളും പുലര്‍ത്തിയിരുന്നത്. 1940-കളുടെ മധ്യത്തില്‍ തുടങ്ങി സോവിയറ്റ് യൂണിയന്റെ പതനത്തിനിടയാക്കിയ 1990 വരെയാണ് ശീതയുദ്ധകാലം. കുപ്രചാരണങ്ങളും ചാരവൃത്തിയും ആയുധകിടമല്‍സരവും വ്യാവസായികപുരോഗതിയും മാത്രമല്ല ബഹിരാകാശപന്തയവും സാങ്കേതികവിദ്യാവികസനവും അണ്വായുധനിര്‍മാണവും ഈ കാലഘട്ടത്തിന്റെ സംഭാവനകളായിരുന്നു.

Comments

comments

Categories: Slider, World