അഞ്ച് ലക്ഷം രൂപയില്‍ താഴെ വില വരുന്ന മികച്ച കാറുകള്‍

അഞ്ച് ലക്ഷം രൂപയില്‍ താഴെ വില വരുന്ന മികച്ച കാറുകള്‍

താങ്ങാവുന്ന വിലയില്‍ നല്ല ഒന്നാന്തരം പുതു തലമുറ കാറുകള്‍ അന്വേഷിക്കുന്നവരാണ് പലരും. ആദ്യമായി കാര്‍ വാങ്ങാനുദ്ദേശിക്കുന്ന മിക്കവരും ഇത്തരമൊരു കാറായിരിക്കും തിരയുന്നത്. അഞ്ച് ലക്ഷം രൂപയില്‍ താഴെ വില വരുന്ന മികച്ച കാറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മൂസിക്, മൊബീല്‍ കണക്റ്റിവിറ്റി, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളെല്ലാം നല്‍കുന്നതാണ് പുതിയ തലമുറ കാറുകള്‍. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടോപ് കാറുകള്‍ ഇനി പറയുന്നവയാണ്. മികച്ച ഡ്രൈവിംഗ് അനുഭവം ഈ കാറുകള്‍ സമ്മാനിക്കും.

മാരുതി സുസുകി ഇഗ്‌നിസ്

പുതിയ ലുക്ക്, പേഴ്‌സണലൈസേഷന്‍ സൗകര്യം എന്നിവയാണ് മാരുതി സുസുകി ഇഗ്‌നിസിനെ പ്രിയപ്പെട്ട കാറുകളിലൊന്നാക്കി മാറ്റിയത്. കോംപാക്റ്റ് വലുപ്പവും പവര്‍ഫുള്‍ എന്‍ജിനും റോഡില്‍ ഇഗ്‌നിസിന്റെ ഡ്രൈവറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) വേരിയന്റായും മാരുതി സുസുകി ഇഗ്‌നിസ് ലഭിക്കും. പുതിയ തലമുറയിലുള്ളവര്‍ മാന്വല്‍ ട്രാന്‍സ്മിഷനേക്കാള്‍ എഎംടി (ഓട്ടോമാറ്റിക് കാറുകള്‍) ഇഷ്ടപ്പെടുന്നവരായിരിക്കും.

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10

ഗുഡ് ലുക്കിംഗ് ഹാച്ച്ബാക്കാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10. കഴിഞ്ഞ വര്‍ഷം കാറിന്റെ ഫേസ് ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഇപ്പോള്‍ അഗ്രസീവ് ലുക്കാണ് കാഴ്ച്ചവെയ്ക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളും കാണാം. പുതിയ 1.2 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ലഭിക്കും. രണ്ട് എന്‍ജിനുകളുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ചേര്‍ത്തുവെച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിന്റെ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റും ലഭിക്കും. ആപ്പിള്‍ കാര്‍പ്ലേ, ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി

പരിഷ്‌കരിച്ച ഫ്രണ്ട്, റിയര്‍ ബംപറുകള്‍, എക്‌സ്ട്രാ ക്ലാഡിംഗ്, ഫോഗ് ലാംപ് ക്ലസ്റ്റര്‍ എന്നിവയോടെയാണ് മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി എന്ന കോംപാക്റ്റ് കാര്‍ വരുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പരിഷ്‌കരിച്ചതാണ് പുതിയ മഹീന്ദ്ര കെയുവി 100 ലെ ഫ്രണ്ട് ഗ്രില്ല്. കാര്‍ ഇപ്പോള്‍ കൂടുതല്‍ അഗ്രസീവ് ആണ്. അല്‍പ്പം നീളം കൂടിയിട്ടുണ്ട്. വിശാലമായ കാബിന്‍, ഗുഡ് ലുക്കിംഗ്, എസ് യുവി സ്റ്റാന്‍സ് എന്നിവ എടുത്തുപറയേണ്ടതാണ്.

ഫോഡ് ഫിഗോ എസ്

നല്ല ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഹാച്ച്ബാക്കാണ് ഫോഡ് ഫിഗോ എസ്. സ്‌പോര്‍ടിനെസ് പ്രദര്‍ശിപ്പിക്കുന്ന രൂപകല്‍പ്പനയാണ് ഫിഗോയുടെ കൈമുതല്‍. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇല്ല എന്ന സത്യം വളരെ നിരാശപ്പെടുത്തുന്നതായി. എന്നാല്‍ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുമ്പോള്‍ നല്‍കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

ടാറ്റ ടിയാഗോ

2017 ല്‍ ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ഹാച്ച്ബാക്കാണ് ടിയാഗോ. ഡ്രൈവ് ചെയ്യാന്‍ മറ്റൊരു നല്ല ഹാച്ച്ബാക്കാണ് ടാറ്റ ടിയാഗോ. കംഫര്‍ട്ടബിള്‍ സീറ്റിംഗ് സമ്മാനിക്കുന്നത്ര വിശാലമാണ് ഇന്റീരിയര്‍. എഎംടി ഗിയര്‍ബോക്‌സ് കാറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.

റെനോ ക്വിഡ്


ഇന്ത്യയില്‍ വന്‍ വിജയം നേടിയ റെനോ കാറാണ് ക്വിഡ്. എഎംടി ഓപ്ഷനോടെ 1.0 ലിറ്റര്‍ എന്‍ജിന്‍ നല്‍കിയതും ക്വിഡ് ക്ലൈംബര്‍ എന്ന വേരിയന്റ് അവതരിപ്പിച്ചതും റെനോ ക്വിഡിനെ കൂടുതല്‍ ആകര്‍ഷകമാക്കി. ടോപ് വേരിയന്റുകളില്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. താങ്ങാവുന്ന വില, നല്ല ഇന്റീരിയര്‍ സ്‌പേസ് എന്നിവ റെനോ ക്വിഡിനെ അദ്വിതീയനാക്കുന്നു.

മാരുതി സുസുകി സെലേറിയോ എക്‌സ്

സെലേറിയോ എക്‌സിന്റെ ബംപറുകള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചിട്ടുണ്ട്. വൈറ്റ് ആക്‌സന്റുകളോടെ ഓള്‍ ബ്ലാക്ക് ഇന്റീരിയറാണ് കാണുന്നത്. കറുത്ത നിറത്തിലുള്ള സീറ്റുകളിലെ ഓറഞ്ച് ആക്‌സന്റുകള്‍ വാഹനത്തിന് സ്‌പോര്‍ടി സ്വഭാവം നല്‍കുന്നു. സെലേറിയോ, സെലേറിയോ എക്‌സ് എന്നിവ തമ്മില്‍ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല.

Comments

comments

Categories: Auto