വിദേശ നിക്ഷേപ ഉടമ്പടി: ഇന്ത്യന്‍ ഭേദഗതി നീക്കം വിജയിക്കുമോ?

വിദേശ നിക്ഷേപ ഉടമ്പടി: ഇന്ത്യന്‍ ഭേദഗതി നീക്കം വിജയിക്കുമോ?

ആഗോള സമ്പദ്‌രംഗത്ത് ഇന്ത്യ നേടിയെടുത്ത സമീപകാലനേട്ടങ്ങള്‍ വിലപേശലിനെ സഹായിക്കുമോയെന്നു കാത്തിരുന്നു കാണാം

2017-ല്‍ 50 രാജ്യങ്ങളുമായുള്ള നിക്ഷേപ ഉടമ്പടി റദ്ദാക്കിയ ഇന്ത്യ, അന്താരാഷ്ട്രവ്യവഹാരത്തില്‍ പുതിയ നിബന്ധനകള്‍ അംഗീകരിക്കാന്‍ ചില രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വിദേശമൂലധനം അവശ്യമായി കരുതിയിരുന്ന 1990-കളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി അത്തരം നിര്‍ദേശങ്ങള്‍ കുറച്ചു കൂടിയ അവകാശവാദമായാണ് വിദേശ രാജ്യങ്ങള്‍ പരിഗണിക്കുന്നത്. ഇത്തരം തുറന്ന സമീപനം തിരിച്ചടിയാകുമെന്നു മനസിലാക്കി അവ റദ്ദാക്കി, പുതിയ മാതൃകയിലുള്ള ഉടമ്പടിക്കായാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനു വേണ്ടി വളര്‍ന്നു വരുന്ന ലോക വിപണികളായ ഇന്തോനേഷ്യയെയും ബ്രസീലിനെയും പോലുള്ള സമ്പദ്‌വ്യസ്ഥകള്‍ക്കു സമാനമായ തന്ത്രങ്ങള്‍ ഇന്ത്യ സ്വീകരിക്കണമെന്നാണ് നിയമോപദേശകര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ നിയന്ത്രിതമായ ഇത്തരമൊരു സമീപനത്തെ വിദേശ ബിസിനസ് പങ്കാളികള്‍ നിരസിക്കുകയാണ്.

നിലവില്‍ ഇരുപതോളം രാജ്യാന്തര വ്യവഹാരങ്ങളാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ തോല്‍ക്കുന്ന കക്ഷി, കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. വൊഡാഫോണ്‍, കെയ്ണ്‍ എനര്‍ജി, ഡ്യുറ്റ്‌ഷെ ടെലികോം തുടങ്ങിയ ആഗോളകമ്പനികളാണ് എതിര്‍കക്ഷികള്‍. നികുതികുടിശിക, കരാര്‍ ലംഘനം തുടങ്ങിയ കേസുകളാണ് മിക്കവയും

ഇന്ത്യക്ക് ഈ ശ്രമങ്ങളില്‍ എങ്ങുമെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിര്‍ദേശങ്ങള്‍ വിദേശ നിക്ഷേപകര്‍ക്ക് തീരെ സുരക്ഷ ഉറപ്പു വരുത്തുന്നില്ലെന്നാണ് വിദേശരാജ്യങ്ങളുടെ നിലപാട്. ഇന്ത്യയുമായി നിക്ഷേപത്തിനു സന്നദ്ധത പ്രകടിപ്പിച്ചിരുന്ന ഓസ്‌ട്രേലിയ, ഇറാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയെല്ലാം ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. ഉടമ്പടി നിര്‍ദേശങ്ങളില്‍ അവര്‍ കാണുന്ന ഏറ്റവും വലിയ ആശങ്ക, എന്തെങ്കിലും കേസ് ഉടലെടുത്താല്‍ അന്താരാഷ്ട്ര കോടതിയില്‍ എത്തും മുമ്പ് അഞ്ചു വര്‍ഷമെങ്കിലും ഇന്ത്യന്‍ കോടതിയില്‍ വാദിച്ചിരിക്കണമെന്ന വ്യവസ്ഥയാണ്. ഇന്ത്യയില്‍ വിദേശ കമ്പനികള്‍ക്ക് അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യത കുറവാണെന്നതും അവരെ തടയുന്നു. നികുതിസംബന്ധമായ കാര്യങ്ങളിലും തദ്ദേശ ഭരണകൂടങ്ങള്‍ എടുക്കുന്ന നടപടികളിലും രാജ്യത്തിനെതിരേ വിദേശനിക്ഷേപകര്‍ക്ക് തര്‍ക്കമുന്നയിക്കാന്‍ സാധ്യമല്ലെന്ന നിര്‍ദേശവും അസ്വീകാര്യമാണെന്നാണ് അവരുടെ നിലപാട്.

നിലവില്‍ ഇരുപതോളം രാജ്യാന്തര വ്യവഹാരങ്ങളാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ തോല്‍ക്കുന്ന കക്ഷി, കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. വൊഡാഫോണ്‍, കെയ്ണ്‍ എനര്‍ജി, ഡ്യുറ്റ്‌ഷെ ടെലികോം തുടങ്ങിയ ആഗോളകമ്പനികളാണ് എതിര്‍കക്ഷികള്‍. നികുതികുടിശിക, കരാര്‍ ലംഘനം തുടങ്ങിയ കേസുകളാണ് മിക്കവയും. നികുതി ആനുകൂല്യങ്ങള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട്, ജാപ്പനീസ് വാഹനനിര്‍മാതാവായ നിസാന്‍ കമ്പനി, ഇന്ത്യക്കെതിരേ 770 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് നല്‍കിയിട്ടുണ്ട്. ജപ്പാനുമായുള്ള ഉഭയകക്ഷി വാണിജ്യ- നിക്ഷേപ ഉടമ്പടിയുടെ സംരക്ഷണം വ്യവഹാരത്തിനു ബാധകമാണ്. നിരവധി രാജ്യങ്ങള്‍ നികുതിസംബന്ധമായ ക്ലെയിമുകള്‍ പരിമിതപ്പെടുത്തുമ്പോള്‍ നികുതികള്‍ ഒഴിവാക്കാനുള്ള ഇന്ത്യയുടെ നീക്കം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇത് നിക്ഷേപകരെ നികുതിനിയമങ്ങളിലോ നഷ്ടപരിഹാരക്കേസുകളിലോ പെടാന്‍ ഇടയാക്കുമെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഇന്ന് ലോകസാമ്പത്തികരംഗത്ത് നിര്‍ണായകശക്തിയായി മാറിക്കഴിഞ്ഞ ഇന്ത്യയുടെ വിലപേശല്‍ ശക്തി തുലോം വര്‍ധിച്ചിരിക്കുന്നു. 1991-ലെ ലോകസാമ്പത്തിക പ്രതിസന്ധിയില്‍ നിന്നൊക്കെ രാജ്യം വളരെ മുന്നേറിയിരിക്കുന്നു. മോദിസര്‍ക്കാരിന്റെ ബിസിനസ് അനുകൂല നയങ്ങള്‍, മുന്‍ഭരണകൂടങ്ങളേക്കാള്‍ നേട്ടങ്ങള്‍ സമ്പദ്‌രംഗത്ത് കൊണ്ടുവന്നിരിക്കുന്നു. മോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്ത 2014-നു ശേഷം വിദേശ നിക്ഷേപരംഗത്ത് വലിയ കുതിപ്പുണ്ടായി. 2013-ലെ നേരിട്ടുള്ള വിദേശ നിക്ഷേപ നിരക്ക് 22 ബില്യണ്‍ ഡോളറായിരുന്നത് 2016-ല്‍ 46 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. എന്നാലിത് ആ വര്‍ഷം ബ്രസീല്‍ നേടിയ വിദേശനിക്ഷേപത്തേക്കാള്‍ (59 ബില്യണ്‍ ഡോളര്‍) കുറവാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാവേഗത കുറഞ്ഞിട്ടുമുണ്ട്.

ഉടമ്പടികള്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയതീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് യൂറോപ്യന്‍യൂണിയന്‍ പ്രതികരിച്ചു കഴിഞ്ഞു. ഇത് വിദേശനിക്ഷേപകരെ രണ്ടായി വിഭജിച്ചിരിക്കുന്നുവെന്നാണ് യൂണിയന്റെ വാദം. മുന്‍കാല ഉടമ്പടികളുടെ സംരക്ഷണം പഴയ പങ്കാളികള്‍ക്കു കിട്ടുമ്പോള്‍ പുതിയ വിദേശ നിക്ഷേപകര്‍ക്ക് ഭേദഗതികളുടെ ഫലമായി തീരെ സംരക്ഷണമില്ലാത്ത സാഹചര്യമുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. യൂറോപ്യന്‍ നിക്ഷേപകര്‍ക്കുവേണ്ടി മുമ്പുണ്ടായിരുന്ന സംരക്ഷണം പുനഃസ്ഥാപിക്കാന്‍ വഴിതേടുന്നതിനൊപ്പം ഇന്ത്യയുമായി നിക്ഷേപവുമുള്‍പ്പെടുത്തിക്കൊണ്ടുള്ള സ്വതന്ത്രവ്യാപാരക്കരാറിനും യൂണിയന്‍ ശ്രമിച്ചു വരുകയാണ്. 2004 മുതല്‍ ഇന്ത്യയുമായി കരാറിലേര്‍പ്പെടാന്‍ ചര്‍ച്ചകള്‍ നടത്തുന്ന കാനഡ, ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടും ഇപ്പോള്‍ ഒരു ചുവട് പിന്നോട്ടു വെച്ചിരിക്കുകയാണ്. നിര്‍ദേശങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തും വരെ നിക്ഷേപകര്‍ കാത്തിരിക്കുകയാണെന്ന് കനേഡിയന്‍ വാണിജ്യമന്ത്രി ഫ്രാങ്കോയ്‌സ് ഫിലിപ്പെ ഷാംപെയ്ന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ മതിയായ നിക്ഷേപത്തിന് കാനഡ ഒരുക്കമാണ്, എന്നാല്‍ നിയതമായ ഒരു ചട്ടക്കൂടു വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. തങ്ങളുടെ നിക്ഷേപത്തിന് ഉറപ്പും സ്ഥൈര്യവും പ്രവചനാത്മകതയും വേണമെന്നാണ് നിക്ഷേപകര്‍ താല്‍പര്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍, ഇറാന്‍ സര്‍ക്കാരുകളും ഇത്തരത്തിലുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ നിക്ഷേപം കൂടുതല്‍ സ്വീകരിച്ച ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളാകട്ടെ ഇത്തരം ഉടമ്പടി നിര്‍ദേശങ്ങളില്‍ വ്യാകുലപ്പെടുന്നില്ല. ഇരുരാജ്യങ്ങളും ഉടന്‍ ഉഭയസമ്മതക്കരാറില്‍ ഒപ്പിട്ടേക്കുമെന്നാണു റിപ്പോര്‍ട്ട്. വിദേശത്തു നിക്ഷപം നടത്തിയിട്ടുള്ള ഇന്ത്യന്‍ കമ്പനികളെയും ഈ നിര്‍ദേശങ്ങള്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉടമ്പടികളില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. മൂലധനക്ഷാമം അനുഭവിക്കുന്ന ഇന്ത്യ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഏതായാലും മാതൃകാ ഉടമ്പടി കരട് തയാറായി വരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ നില ഏറെ മെച്ചപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ അനുകൂലവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാനാകുമെന്നു തന്നെയാണ് വിശ്വസിക്കപ്പെടുന്നത്. അതെ, ഇന്ത്യ ഒടുവില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുകയാണെന്നു തന്നെ പ്രത്യാശിക്കാം.

Comments

comments

Categories: Slider, Top Stories

Related Articles