അതിരുകളില്ലാത്ത സ്‌നേഹ സാമ്രാജ്യം

അതിരുകളില്ലാത്ത സ്‌നേഹ സാമ്രാജ്യം

ഏഴ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ, സ്വദേശത്തെയും വിദേശത്തെയും ഭരണാധികാരികളുടെ പ്രിയപ്പെട്ട സുഹൃത്ത്, പ്രവാസി ഇന്ത്യന്‍ വ്യവസായികളില്‍ ഏറ്റവും വലിയ സമ്പന്നരിലൊരാള്‍. പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും ഉത്തുംഗങ്ങളില്‍ വിരാജിക്കുന്ന പത്മശ്രീ അഡ്വ. സി കെ മേനോന്റെ പത്തരമാറ്റുള്ള വ്യക്തിത്വത്തെ മഹത്തരമാക്കുന്നത് പക്ഷെ ഇതൊന്നുമല്ല; എക്കാലത്തും അദ്ദേഹം കെടാവിളക്കു പോലെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ഉല്‍ക്കടവും സഹജവുമായ സഹജീവി സ്‌നേഹവും ദീനാനുകമ്പയും ജീവകാരുണ്യവുമാണ്. ആലംബമില്ലാത്തവര്‍ക്കിടയില്‍ അത്താണിയായി, ദുരന്തമുഖങ്ങളില്‍ സാന്ത്വന സ്പര്‍ശമായി, മതാന്ധതയുടെ കൂരിരുട്ടില്‍ മതസാഹോദര്യത്തിന്റെ കൈത്തിരി വെട്ടമായി, പ്രവാസികള്‍ക്ക് താങ്ങും തണലുമായി കടന്നു വരുന്ന സി കെ മേനോന്‍ മലയാളികള്‍ക്ക് മുന്നില്‍ മനുഷ്യസ്‌നേഹത്തിന്റെ ഒരു പ്രകാശഗോപുരമാണ്

കഠിനാധ്വാനവും തികഞ്ഞ അര്‍പ്പണബോധവും കറപുരളാത്ത സത്യസന്ധതയും അചഞ്ചലമായ ഈശ്വരവിശ്വാസവുമാണ് തൃശൂര്‍ പുലിയംകോട്ട് നാരായണന്‍ നായരുടെയും ചേറില്‍ കാര്‍ത്ത്യായനി അമ്മയുടെയും പുത്രനായ ചേറില്‍ കൃഷ്ണമേനോന്‍ എന്ന സി കെ മേനോനെ രാജ്യാതിര്‍ത്തികള്‍ കടന്ന് വളര്‍ന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയും മഹാനായ ജീവകാരുണ്യ പ്രവര്‍ത്തകനുമാക്കി മാറ്റിയത്. ജി സി സി രാജ്യങ്ങളിലും യു കെ, സുഡാന്‍, സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും നിരവധിയായ ബിസിനസ് സംരംഭങ്ങളില്‍ വ്യാപൃതനായ സി കെ മേനോന്‍ ദോഹ ആസ്ഥാനമായ ബെഹ്‌സാദ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. കരമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള ഫ്യൂവല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സ്റ്റീല്‍ മാന്യുഫാക്ചറിംഗ്, എഞ്ചിനീയറിംഗ് മെഷീനറി – എക്യുപ്‌മെന്റ്‌സ് മാര്‍ക്കറ്റിംഗ്, കാര്‍ അസസറീസ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ബിസിനസുകള്‍.

തൃശൂരിലെ ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തിലാണ് 1949ല്‍ കൃഷ്ണ മേനോന്റെ ജനനം.അച്ഛന്‍ നാരായണന്‍ നായര്‍ അറിയപ്പെടുന്ന ബിസിനസുകാരനും ബസ് ഓപ്പറേറ്ററുമായിരുന്നു. ശ്രീരാമരാജ്യം എന്ന പേരില്‍ അദ്ദേഹത്തിന്റെ 20 ബസുകള്‍ തൃശൂര്‍ കേന്ദ്രമാക്കി അക്കാലത്ത് സര്‍വീസ് നടത്തിയിരുന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജിലും ശ്രീകേരളവര്‍മ കോളേജിലുമാണ് സി കെ മേനോന്‍ വിദ്യാഭ്യാസം നേടിയത്. ശ്രീകേരളവര്‍മ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ജബല്‍പ്പൂരില്‍ നിന്ന് നിയമ ബിരുദം നേടുകയും എഴുപതുകളുടെ മധ്യത്തില്‍ കേരള ഹൈക്കോടതിയില്‍ രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അദ്ദേഹം ഖത്തറിലേക്ക് യാത്രയായി.

ബെഹ്‌സാദ് ട്രേഡിംഗ് എന്റര്‍പ്രൈസസ്, ബെഹ്‌സാദ് ട്രാന്‍സ്‌പോര്‍ട്‌സ്, ബെഹ്‌സാദ് പ്ലാസ്റ്റിക് പ്രോഡക്ട്‌സ്, ഓറിയന്റല്‍ ബേക്കറി തുടങ്ങിയ ഗ്രൂപ്പിന്റെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളില്‍ ഒട്ടേറെ കേരളീയര്‍ ജോലി ചെയ്യുന്നു. വര്‍ഷം തോറും നൂറു കണക്കിന് മലയാളികള്‍ക്ക് ബെഹ്‌സാദ് ഗ്രൂപ്പ് ജോലി നല്‍കുന്നുണ്ട്. ഇവരുടെയെല്ലാം ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തുന്നതില്‍ സി കെ മേനോന്‍ ബദ്ധശ്രദ്ധനാണ്

ഖത്തറിലെ ആദ്യവര്‍ഷങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങളെ സി കെ മേനോന്‍ അതിജീവിച്ചത് കഠനിശ്രമവും നിശ്ചയദാര്‍ഢ്യവും മനക്കരുത്തും അചഞ്ചലമായ ഈശ്വരവിശ്വാസവും കൊണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സി കെ മേനോന്‍ തന്റെ ആദ്യ സ്‌പോണ്‍സറായ അന്തരിച്ച അലി ഹുസൈന്‍ ബഹ്‌സാദിനൊപ്പവും പിന്നീട് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദിനോട് ചേര്‍ന്നും ബിസിനസില്‍ ശക്തമായ സാന്നിധ്യമായി മാറി. 35 വര്‍ഷക്കാലം തന്റെ ജീവിതവും ആത്മാവും നല്‍കി വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്തതാണ് ഇന്ന് കാണുന്ന സി കെ മേനോന്റെ ബിസിനസ് സാമ്രാജ്യം.

മലയാളികളുടെ തൊഴില്‍ സംരക്ഷണത്തിനും നൈപുണ്യവികസനത്തിനും ബെഹ്‌സാദ് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സി കെ മേനോന്‍ വ്യക്തമാക്കുന്നു. ബെഹ്‌സാദ് ട്രേഡിംഗ് എന്റര്‍പ്രൈസസ്, ബെഹ്‌സാദ് ട്രാന്‍സ്‌പോര്‍ട്‌സ്, ബെഹ്‌സാദ് പ്ലാസ്റ്റിക് പ്രോഡക്ട്‌സ്, ഓറിയന്റല്‍ ബേക്കറി തുടങ്ങിയ ഗ്രൂപ്പിന്റെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളില്‍ ഒട്ടേറെ കേരളീയര്‍ ജോലി ചെയ്യുന്നു. വര്‍ഷം തോറും നൂറു കണക്കിന് മലയാളികള്‍ക്ക് ബെഹ്‌സാദ് ഗ്രൂപ്പ് ജോലി നല്‍കുന്നുണ്ട്. ഇവരുടെയെല്ലാം ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തുന്നതില്‍ സി കെ മേനോന്‍ ബദ്ധശ്രദ്ധനാണ്.

വ്യവസായ പ്രമുഖന്‍ എന്നതിനപ്പുറം മഹാനായ മനുഷ്യസ്‌നേഹി എന്ന നിലയിലാണ് സി കെ മേനോന്‍ കേരളത്തിന് സുപരിചിതനാകുന്നത്. സമ്പാദ്യത്തില്‍ വലിയ പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിലൂടെ ഒരുപാട് പേരുടെ ജീവിതങ്ങള്‍ പ്രകാശപൂര്‍ണമാകുന്നതില്‍ അദ്ദേഹം ആത്മസാക്ഷാത്്കാരത്തിന്റെ ആഹ്ലാദവും സംതൃപ്തിയും കണ്ടെത്തുന്നു. ഒരു വ്യവസായ സാമ്രാജ്യാധിപന്റെ മോടികളൊന്നുമില്ലാതെ മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു തൃശൂര്‍ക്കാരനായി സാംസ്‌കാരിക നഗരിയില്‍ അദ്ദേഹത്തെ കാണാം.ജീവകാരുണ്യ പ്രവര്‍ത്തനം തന്റെ ജീവിത ദൗത്യമായി കരുതുന്ന സി കെ മേനോന്‍ ജീവകാരുണ്യ മേഖലയില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. അത്രത്തോളം അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇഴചേര്‍ന്നു നില്‍ക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം തന്റെ ജീവിത ദൗത്യമായാണ് സി കെ മേനോന്‍ കരുതുന്നത്. കേരളത്തിന്റെയാകെ പ്രശംസ പിടിച്ചു പറ്റിയ നിരവധി ഇടപെടലുകള്‍ ജീവകാരുണ്യ മേഖലയില്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

2006ല്‍ തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറി താമസിക്കുന്ന 600 ഓളം ചേരിനിവാസികളെ പുനരധിവസിപ്പിക്കുന്നതിന് സഹായം തേടിയപ്പോള്‍ സി കെ മേനോന്‍ ദൗത്യമേറ്റെടുക്കുകയും ചേരി നിവാസികളുടെ പുനരധിവാസത്തിനായി നഗരപ്രാന്തത്തില്‍ 150 ഓളം വീടുകള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്തു. ഒന്നര കോടി ചെലവു വരുന്ന ഈ റെസിഡന്‍ഷ്യല്‍ പ്രോജക്ട് 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഒരു റെക്കോഡായിരുന്നു.

2009ല്‍ അന്നത്തെ നിയമസഭാ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ നിര്‍ധന വിഭാഗത്തില്‍ പെട്ട 260 പേരുടെ ജീര്‍ണാവസ്ഥയിലായ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കി. ഒരു കോടി രൂപയാണ് സേവന പദ്ധതിക്കായി ചെലവഴിച്ചത്. 2009ല്‍ തന്നെ എം എന്‍ ലക്ഷം വീട് പദ്ധതിക്കായി അന്നത്തെ റവന്യു – ഭവന മന്ത്രി ബിനോയ് വിശ്വത്തിന് രണ്ടു കോടി രൂപ കൊച്ചിയില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് സി കെ മേനോന്‍ കൈമാറുകയുണ്ടായി.

ഓട്ടിസവും സെറിബ്രല്‍ പാല്‍സിയും പോലുള്ള മാനസിക വ്യതിയാനങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കായി തൃപ്പൂണിത്തുറയില്‍ ആദര്‍ശ് എന്ന ഒരു മാതൃകാ സ്ഥാപനം ആരംഭിച്ചു കൊണ്ട് അദ്ദേഹം കാണിച്ച ദീനാനുകമ്പ ഒരുപാടു പേരുടെ പ്രശംസ പിടിച്ചു പറ്റി. 2007ല്‍ ആദര്‍ശിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലം ആയിരുന്നു.

2004ല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുനാമി ദുരന്തത്തിനിരയായവര്‍ക്ക് 40 ലക്ഷം രൂപയുടെ ധനസഹായം നല്‍കിക്കൊണ്ട് ആദ്യം രംഗത്തുവന്നവരില്‍ സി കെ മേനോനും ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട കേസില്‍ സൗദി അറേബ്യയിലെ റിയാദിലുള്ള ഒരു കോടതി വധശിക്ഷക്ക് വിധിച്ച നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ ഇരയുടെ കുടുംബത്തിന് 80 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയതും സൗദിയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൈ നഷ്ടപ്പെട്ട കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരു യുവാവിന് എട്ടു ലക്ഷം രൂപയുടെ ധനസഹായം നല്‍കിയതും അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയുടെ ഉദാരമനസ്‌കതക്കുള്ള ഉദാഹരണങ്ങളില്‍ ചിലത് മാത്രം.

കണ്ണൂര്‍ മൊകേരിയിലെ മുസ്ലീം സഹോദരങ്ങള്‍ക്കായി പത്തുലക്ഷം രൂപ ചെലവില്‍ ഒരു മോസ്‌ക് നിര്‍മിച്ചു നല്‍കിക്കൊണ്ട് സി കെ മേനോന്‍ മതനിരപേക്ഷ കേരളത്തിന് മറ്റൊരു ഉദാത്ത് മാതൃകയായി. സെപ്തംബര്‍ 18ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മോസ്‌ക് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തത്. രാജ്യത്തിന്റെ 13 നൂറ്റാണ്ടിലധികമുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമുസ്ലീം മുസ്ലീം മത വിശ്വാസികള്‍ക്കായി പള്ളി പണിത് നല്‍കുന്നതെന്ന് ചരിത്രരേഖകള്‍ കാണിക്കുന്നു. എട്ടാം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ കൊടുങ്ങല്ലൂരായ അന്നത്തെ മഹോദയപുരത്തെ രാജാവ് ചേരമാന്‍ പെരുമാളാണ് ഇതിന് മുമ്പ് ഇത്തരമൊരു വിപ്ലവകരമായ ചുവടുവെപ്പ് നടത്തിയിട്ടുള്ളത്. ഇതേ മാതൃകയില്‍ അല്‍ഫോന്‍സാമ്മയുടെ പൂര്‍ണകായ പ്രതിമ ചങ്ങനാശേരിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

മതസാഹോദര്യത്തിന് നല്‍കിയ സംഭാവനയുടെ പേരില്‍ മേനോനെ ഖത്തര്‍ ഗവണ്‍മെന്റിന്റെ അതിപ്രശസ്തമായ ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് സി കെ മേനോന്‍.

2009ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 2006ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ക്കുള്ള സര്‍ക്കാരിന്റെ അംഗീകാരമായി നോര്‍ക്ക റൂട്‌സിന്റെ സ്ഥിരം ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു. നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനാണ് അദ്ദേഹം ഇപ്പോള്‍. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2007ല്‍ ഇന്‍കെല്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ ഡയറക്ടറായി സി കെ മേനോനെ സര്‍ക്കാര്‍ നിയമിച്ചു. കേന്ദ്ര ഓവര്‍സീസ് അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് മുന്‍കൈയെടുത്ത് ആരംഭിച്ച ജീവകാരുണ്യ സ്ഥാപനമായ ഇന്ത്യന്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ട്രസ്റ്റീ ബോര്‍ഡ് അംഗമായും സി കെ മേനോന്‍ നിയമിതനായി.

കേന്ദ്ര ഗവണ്‍മെന്റ് സി കെ മേനോനെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അഡൈ്വസറി കൗണ്‍സിലിലെ അംഗമായും നിയമിച്ചു. ജെയ്ഹിന്ദ് ടി വിയുടെ ഡയറക്ടര്‍ ബോര്‍ഡംഗം, സിംഫണി ടിവിയുടെ ഡയറക്ടര്‍ ബോര്‍ഡംഗം, കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡംഗം, സി ബി എസ് ഇയില്‍ അഫിലിയേറ്റ് ചെയ്ത ദോഹയിലെ അല്‍ മിസ്‌നാദ് എഡ്യൂക്കേഷന്‍ സെന്റര്‍ (ഭാവന്‍സ് പബ്ലിക് സ്‌കൂള്‍ ദോഹ) ചെയര്‍മാന്‍, ഇന്ത്യയിലെ ആദ്യത്തെ പലിശ രഹിത ധനകാര്യസ്ഥാപനമായ അല്‍ ബറാക്ക ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider