ജന്‍ ധന്‍ യോജനയുടെ അടുത്ത ഘട്ടത്തിന് കൂടുതല്‍ പണം നല്‍കും

ജന്‍ ധന്‍ യോജനയുടെ അടുത്ത ഘട്ടത്തിന് കൂടുതല്‍ പണം നല്‍കും

73,689.72 കോടി രൂപയുടെ മൊത്തം നിക്ഷേപവുമായി 310 മില്യണ്‍ ഉപയോക്താക്കളാണ് ജന്‍ധന്‍ യോജനയ്ക്ക് കീഴിലുള്ളത്

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പദ്ധതി വിപൂലീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. അടുത്ത ഘട്ടത്തില്‍ പദ്ധതിക്ക് കീഴിലുള്ള ഓവര്‍ഡ്രാഫ്റ്റ് തുക ഇരട്ടിയാക്കാനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയിലൂടെ വായ്പ നല്‍കുന്നതിനുമാണ് ആലോചിക്കുന്നത്. 2014ലാണ് കേന്ദ്ര സര്‍ക്കാര്‍ ജന്‍ ധന്‍ യോജന പദ്ധതി ആരംഭിച്ചത്. രാജ്യത്തെ ഓരോ കുടുംബത്തിലും ചുരുങ്ങിയത് ഒരു ബാങ്ക് എക്കൗണ്ട് എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടം 2018 ഓഗസ്റ്റിലാണ് അവസാനിക്കുന്നത്.

പദ്ധതിയുടെ വിപുലീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫെബ്രുവരി 1നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നത്. ജന്‍ ധന്‍ യോജന ബാങ്ക് എക്കൗണ്ട് തുടങ്ങി 6 മാസം തൃപ്തികരമായി മുന്നോട്ടുപോയതിന് ശേഷം 5000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് നിലവില്‍ ഈ പദ്ധതി വഴി നല്‍കുന്നുണ്ട്. ഒരു വീട്ടിലെ ഒരു എക്കൗണ്ടിന് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ അംഗത്തിന്റെ പേരിലുള്ള ജന്‍ ധന്‍ എക്കൗണ്ടിന് ഇക്കാര്യത്തില്‍ മുന്‍ഗണനയുണ്ട്. അടിയന്തര ഫണ്ടുകളില്‍ ഈ തുക 10,000 രൂപ വരെയായി ഉയരും.

ഒന്നോ അതിലധികമോ പദ്ധതികളിലൂടെ ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സ്വീകരിക്കുന്ന എക്കൗണ്ടുകളുടെ ഓവര്‍ ഡ്രാഫ്റ്റ് തുക ഇരട്ടിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നല്ല പ്രവര്‍ത്തന ക്ഷമതയുള്ള എക്കൗണ്ടുകളിലൂടെ സഹായം നല്‍കുന്നതിനും വായ്പാദാതാക്കളില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തും. സീറോ ബാലന്‍സില്‍ ജന്‍ ധന്‍ എക്കൗണ്ട് തുറക്കാന്‍ സാധിക്കുമെങ്കിലും ചെക്ക് ബുക്ക് സൗകര്യം ലഭ്യമാകണമെങ്കില്‍ ചുരുങ്ങിയ ബാലന്‍സ് ആവശ്യമാണ്.

ജനുവരി 17ലെ കണക്ക്പ്രകാരം 73,689.72 കോടി രൂപയുടെ മൊത്തം നിക്ഷേപവുമായി 310 മില്യണ്‍ ഉപയോക്താക്കളാണ് ജന്‍ധന്‍ യോജനയ്ക്ക് കീഴിലുള്ളത്. ഏകദേശം 240 മില്യണ്‍ എക്കൗണ്ട് ഉടമകള്‍ക്ക് റൂപയ് ഡെബിറ്റ് കാര്‍ഡ് ഉണ്ടെന്ന് ജന്‍ധന്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സ്വാവലംബന്‍ പോലുള്ള മൈക്രോ ഇന്‍ഷുറന്‍സ്,പെന്‍ഷന്‍ പദ്ധതികളിലൂടെ പൂര്‍ണമായ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാക്കുക എന്നതായിരുന്നു ജന്‍ധന്‍ പദ്ധതിയുടെ രണ്ടാം ഘട്ട ലക്ഷ്യം.

കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ ബാങ്ക് എക്കൗണ്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് 2015ല്‍ ഗിന്നസ് റെക്കോര്‍ഡിലും ജന്‍ധന്‍ ഇടം നേടിയിരുന്നു. വിവിധ പ്രചാരണങ്ങളുടെ ഭാഗമായി 2015 ഓഗസ്റ്റ് 23 മുതല്‍ 29 വരെയുള്ള കാലയളവില്‍ 18 മില്യണോളം ബാങ്ക് എക്കൗണ്ടുകളാണ് ജന്‍ധന്‍ യോജന പദ്ധതി നേടിയത്.

Comments

comments

Categories: Business & Economy