കാലിത്തീറ്റ കുംഭകോണം : മൂന്നാമത്തെ കേസില്‍ ലാലു യാദവിന് 5 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും; മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രക്കും 5 വര്‍ഷം തടവ്

കാലിത്തീറ്റ കുംഭകോണം : മൂന്നാമത്തെ കേസില്‍ ലാലു യാദവിന് 5 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും; മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രക്കും 5 വര്‍ഷം തടവ്

റാഞ്ചി : കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ചായ്ബാസ ട്രഷറി കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും. കേസില്‍ ലാലു കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ചായ്ബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ വകമാറ്റിയ കേസിലാണ് ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്. ലാലുവിനൊപ്പം കുറ്റക്കാരമെന്ന് കണ്ടെത്തിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെയും കോടതി ശിക്ഷിച്ചു. മിശ്രയും 5 വര്‍ഷം കാരാഗൃഹവാസം അനുഭവിക്കുകയും 5 ലക്ഷം രൂപ പിഴയായി നല്‍കുകയും വേണം. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലാണ് ഇതോടെ ലാലു യാദവിലെ കുറ്റക്കാരനായി കണ്ട് കോടതി ശിക്ഷിക്കുന്നത്. ആദ്യ കേസുകളില്‍ 3.5 വര്‍ഷം തടവിന് വിധിക്കപ്പെട്ട നേതാവ് ഇപ്പോള്‍ റാഞ്ചിയിസെ ബിര്‍സമുണ്ട ജയിലിലാണ്. ആര്‍എസ്എസും ബിജെപിയും നിതീഷ് കുമാറും ചേര്‍ന്ന് ലാലുവിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും മേല്‍ക്കോടതിയില്‍ ശിക്ഷ ചോദ്യം ചെയ്യുമെന്നും മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചു. കോടതിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പറഞ്ഞു.

 

Comments

comments

Categories: FK News, Politics, Top Stories