ആലിബാബയുടെ പ്രമോഷന്‍ മാതൃക ഇന്ത്യയില്‍ നടപ്പാക്കാന്‍ ബിയാനി

ആലിബാബയുടെ പ്രമോഷന്‍ മാതൃക ഇന്ത്യയില്‍ നടപ്പാക്കാന്‍ ബിയാനി

ന്യൂഡെല്‍ഹി: ചൈനീസ് ഇ-കൊമേഴ്‌സ് വമ്പന്‍ ആലിബാബയുടെ പ്രമോഷന്‍ മോഡല്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനിക്ക് പദ്ധതി. രണ്ട് മാസം മുമ്പ് ചൈനയിലെ ഷോപ്പിംഗ് ഉത്സവമായ സിംഗ്ള്‍സ് ഡേയുടെ പ്രവണതകള്‍ മനസിലാക്കുന്നതിന് ബിയാന്‍ ചൈന സന്ദര്‍ശിച്ചിരുന്നു. ആലിബാബ സ്ഥാപകനായ ജാക്ക് മാ ഷോപ്പിംഗ് ഫെസ്റ്റിലിനോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ബിയാനിയും പങ്കെടുത്തിരുന്നു. നിരവധി പ്രശസ്ത വ്യക്തികളാണ് ആലിബാബയുടെ ഇവന്റില്‍ പങ്കെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ 25.3 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വില്‍പ്പനയാണ് ആലിബാബ നേടിയത്. ഇത് ഇന്ത്യയില്‍ അനുകരിക്കാനാണ് ബിയാനിയുടെ ശ്രമം.

‘ഒരു ദശാബ്ദം മുമ്പാണ് ഞങ്ങള്‍ റിപ്പബ്ലിക് ഡേ വില്‍പ്പന ആരംഭിച്ചത്. താരങ്ങളെ പങ്കെടുപ്പിച്ച് ഫേസ്ബുക്കില്‍ ലൈവ് ഗെയിമിംഗ് ഷോയ നടത്തുന്നതിലും പോപ്-അപ് സ്റ്റോറുകള്‍ തുറക്കുന്നതിലുമെല്ലാം ആലിബാബയില്‍ നിന്ന് പ്രചോദനം സ്വീകരിച്ചു. ഓഫ്‌ലൈന്‍ സ്റ്റോറുകളെയും ഓണ്‍ലൈന്‍ ഷോപ്പിംഗിനെയും ചേര്‍ത്തുവെക്കുന്ന ആശയമാണിത്. ഞങ്ങളുടെ വില്‍പ്പനയുടെ 10 ശതമാനത്തോളം ഇപ്പോള്‍ തന്നെ ഇത്തരത്തിലാണ് ലഭ്യമാകുന്നത്’, ബിയാനി പറഞ്ഞു.

റിപ്പബ്ലിക് ദിന ആഴ്ചയില്‍ അഞ്ച് ദിവസത്തെ മെഗാ ഡിസ്‌കൗണ്ട് മേളയിലൂടെ ആയിരം കോടിയിലേറെ രൂപയുടെ വില്‍പ്പന നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006 ജനുവരി 26ന് ആരംഭിച്ച റിപ്പബ്ലിക് ഡേ വില്‍പ്പന ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ്. ഗ്രൂപ്പിന്റെ വാര്‍ഷിക വില്‍പ്പനയുടെ 5-7 ശതമാനം സംഭാവന ചെയ്യുന്നത് റിപ്പബ്ലിക് ഡേ വില്‍പ്പനയാണ്.

ഈ വര്‍ഷം റിപ്പബ്ലിക് ഡേ വില്‍പ്പനയ്ക്ക് മുമ്പായി ഏകദേശം 50 ഓളം സെന്ററുകളില്‍ ബിഗ് ബാസാര്‍ പോപ്- അപ് സ്റ്റോറുകള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ആരംഭിക്കും. രണ്ട് ഡസനോളം സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന ഒരു 24 മണിക്കൂര്‍ ഫേസ്ബുക്ക് ലൈവ് എന്റര്‍ടൈന്‍മെന്റ് ഷോ വഴി 30 മില്യണ്‍ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനാണ് ഫ്യൂച്ചര്‍ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഓരോ മണിക്കൂറിലും എക്‌സ്‌ക്ലുസീവ് ഓഫറുകളും കൂപ്പണുകളും ഇതിനൊപ്പം പ്രഖ്യാപിക്കും.

Comments

comments

Categories: Business & Economy