ദുബായില്‍ ജുമൈറയുടെ പുതിയ ഹോട്ടല്‍ ബ്രാന്‍ഡ്

ദുബായില്‍ ജുമൈറയുടെ പുതിയ ഹോട്ടല്‍ ബ്രാന്‍ഡ്

ട്രാവല്‍ രംഗത്തെ പുതിയ ആവശ്യകത കണക്കിലെടുത്താണ് സബീല്‍ ഹൗസിന് ജുമൈറ തുടക്കമിടുന്നത്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷ്വറി ഹോട്ടല്‍ കമ്പനിയായ ജുമൈറ നഗരത്തില്‍ സബീല്‍ ഹൗസ് എന്ന പേരില്‍ പുതിയ ഹോട്ടല്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്തു. ജുമൈറ ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത് ബ്രാന്‍ഡാണിത്. ആദ്യ ബ്രാന്‍ഡായ സ്റ്റേ ഡിഫറന്റ് വമ്പന്‍ വിജയമായിരുന്നു. ഹോസിപ്റ്റാലിറ്റി രംഗത്ത് മികച്ച പുരസ്‌കാരങ്ങള്‍ നേടാനും ബ്രാന്‍ഡിനായി.

മാറി വരുന്ന ട്രാവല്‍ ആവശ്യകത കണക്കിലെടുത്താണ് പുതിയ ബ്രാന്‍ഡ് ലോഞ്ച് ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു. സബീല്‍ ഹൗസ് ബ്രാന്‍ഡില്‍ നിരവധി ഹോട്ടലുകള്‍ തുറക്കാന്‍ ജുമൈറയ്ക്ക് പദ്ധതിയുണ്ട്. യുഎഇ, സൗദി അറേബ്യ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളില്‍ പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുമുണ്ട്.

ബിസിനസ് ട്രാവലേഴ്‌സിനെയും ലഷര്‍ ട്രാവലേഴ്‌സിനെയും ലക്ഷ്യമിട്ടാണ് പുതിയ ഹോട്ടല്‍ എന്നാണ് ജുമൈറ വ്യക്തമാക്കിയത്. ജുമൈറയുടെ വികസന പ്രവര്‍ത്തനങ്ങളിലെ നിര്‍ണായക നാഴികക്കല്ലായിരിക്കും സബീല്‍ ഹൗസിന്റെ തുടക്കമെന്ന് ജുമൈറ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാര്‍ക്ക് ഡര്‍ഡന്നെ പറഞ്ഞു. പുതിയ ഡെസ്റ്റിനേഷനുകളും പുതിയ ക്ലൈന്റുകളും ജുമൈറയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ റിലാക്‌സ്ഡ് ആയ, അനന്യസാധാരണമായ അന്തരീക്ഷത്തില്‍ അഭൂതപൂര്‍വമായ ഹോസ്പിറ്റാലിറ്റി അനുഭവമായിരിക്കും സബീല്‍ ലഭ്യമാക്കുകയെന്ന് കമ്പനി അറിയിച്ചു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലായി 19 ജുമൈറ ബ്രാന്‍ഡഡ് ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്.

ജുമൈറയുടെ നേതൃസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസമാണ് കമ്പനി ജോസ് സില്‍വയെ നിയമിച്ചത്. ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ 35 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട് സില്‍വയ്ക്ക്. പ്രശസ്തമായ ഫോര്‍ സീസണ്‍സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സില്‍ 25 വര്‍ഷത്തെ സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച നടപടികളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.

ജുമയ്‌റയുടെ സിഇഒ എന്ന നിലയില്‍ അദ്ദേഹം കമ്പനിയുടെ അന്താരാഷ്ട്ര വികസന പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ബുര്‍ജ് അല്‍ അറബ് ജുമയ്‌റയാണ് കമ്പനിയുടെ പതാകവാഹക ബ്രാന്‍ഡ്. 25 പ്രോപ്പര്‍ട്ടികള്‍ ഇപ്പോള്‍ പണിപ്പുരയിലാണ്.

Comments

comments

Categories: Arabia