ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമാകുമെന്ന് ഐഎംഎഫ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമാകുമെന്ന് ഐഎംഎഫ്

ചൈനീസ് സമ്പദ് വ്യവസ്ഥയിലെ പുനഃക്രമീകരണത്തിന്റെ ഭാഗമായി വളര്‍ച്ചാ മാന്ദ്യം തുടരും

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യ വളര്‍ച്ചാ വേഗത്തില്‍ ചൈനയെ മറികടക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ റിപ്പോര്‍ട്ട്. ചൈന ഈ വര്‍ഷം 6.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നുമാണ് ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി എന്നിവ സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യം കരകയറുകയാണെന്നും ഐഎംഎഫ് നിരീക്ഷിക്കുന്നു.

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്ല്യുഇഒ) റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാ മുന്നേറ്റം വ്യക്തമാക്കിയിരിക്കുന്നത്. 2019ലും മികച്ച മുന്നേറ്റം പ്രകടമാക്കി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമാകുമെന്നാണ് ഐഎംഎഫ് നിരീക്ഷിക്കുന്നത്.

2019ല്‍ 6.4 ശതമാനമാണ് ചൈനയില്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയെ അപേക്ഷിച്ച് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ചൈനയാണ് മുന്നിട്ട് നിന്നിരുന്നത്. 2016ല്‍ 7.1 ശതമാനം വളര്‍ച്ചയുമായി വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറി. എന്നാല്‍ 2016ന്റെ അവസാനത്തില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലും പിന്നീട് വന്ന ചരക്ക് സേവന നികുതിയും 2017ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ 6.7 ശതമാനമാക്കി കുറച്ചു. 6.8 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം ചൈനയുടെ വളര്‍ച്ചാ നിരക്ക്.

വായ്പാ വളര്‍ച്ചയുടെ നിയന്ത്രണത്തിനും ചൈനയുടെ ദീര്‍ഘമായ സാമ്പത്തിക സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായി സാമ്പത്തിക ഉത്തേജന നടപടികളെ ചൈന വെട്ടിച്ചുരുക്കിയെന്നാണ് ഐഎംഎഫ് ഇക്കണോമിക് കൗണ്‍സിലറും റിസര്‍ച്ച് ഡയറക്റ്ററുമായ മൗറിസ് ഒബ്‌സ്റ്റ്‌ഫെല്‍ഡ് പറയുന്നത്. വളര്‍ച്ചയെ സന്തുലിതമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ വളര്‍ച്ചാ വേഗം വരും വര്‍ഷങ്ങളിലും കുറയുമെന്ന സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറച്ച് കാലം സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോക്കം പോയെങ്കിലും ഇന്ത്യ മികച്ച വളര്‍ച്ചാ വേഗത്തിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ തന്നെ ഐഎംഎഫ് ചൂണ്ടിക്കാണിച്ചിരുന്നു. ഉയര്‍ന്ന നിക്ഷേപവും കയറ്റുമതി ഉയര്‍ത്തിയതും ഇന്ത്യയുടെ അനുകൂല ഘടകങ്ങളായാണ് ഐഎംഎഫ് കണക്കാക്കുന്നത്.

Comments

comments

Categories: Business & Economy