പ്രധാനമന്ത്രിയുടെ ദാവോസ് പ്രസംഗത്തിന് കൈയടിച്ച് ചൈനയും; ആഗോളവത്കരണം പ്രോത്സാഹിപ്പിക്കാന്‍ കൈകോര്‍ക്കാമെന്ന് ചൈന

പ്രധാനമന്ത്രിയുടെ ദാവോസ് പ്രസംഗത്തിന് കൈയടിച്ച് ചൈനയും; ആഗോളവത്കരണം പ്രോത്സാഹിപ്പിക്കാന്‍ കൈകോര്‍ക്കാമെന്ന് ചൈന

ബെയ്ജിംഗ് : ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ ചൈന സ്വാഗതം ചെയ്തു. ആഗോളവത്കരണത്തിന്റെ കാലത്ത് ചില രാജ്യങ്ങള്‍ അവനവനിലേക്ക് ചുരുങ്ങുവെന്നും സംരക്ഷണവാദം ഉയര്‍ത്തുന്നുവെന്നുമുള്ള വിമര്‍ശനമാണ് ചൈനക്ക് ഇഷ്ടപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘ അമേരിക്ക ഫസ്റ്റ്’ നയത്തിനെതിരായ പരോക്ഷ വിമര്‍ശനമായാണ് ഇത് വിലയിരുത്തപ്പെട്ടത്. എച്ച്1ബി വിസ നിര്‍ത്തലാക്കാനും ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്ക് വിലക്കേര്‍പ്പെടുത്താനുമുളള ട്രംപിന്റെ ഉദ്ദേശങ്ങളെ ഇന്ത്യ നേരത്തെ തന്നെ എതിര്‍ക്കുന്നുണ്ട്. മോദിയുടെ പ്രസംഗത്തിനെ ചൈന സ്വാഗതം ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. പ്രധാനമന്ത്രി മോദിയുടെ സംരക്ഷണ വാദത്തിനെതിരായ പ്രസ്താവന ശ്രദ്ധയില്‍ പെട്ടെന്നും ആഗോളവത്കരണമാണ് പുതിയ കാലത്തിലെ ട്രെന്‍ഡെന്ന് സൂചിപ്പിക്കുന്നതുമാണ് പ്രസംഗമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ച്യൂന്‍യിംഗ് ബെയ്ജിംഗില്‍ പ്രതികരിച്ചു. ആഗോളവത്കരണം വികസ്വര രാഷ്ട്രങ്ങളുടെയടക്കം എല്ലാ രാജ്യങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്നതാണ്. ലോക സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കാന്‍ ആഗോളവത്കരണത്തിലൂന്നി ഇന്ത്യടക്കം എല്ലാ രാജ്യങ്ങളുമായും സഹകരിക്കാന്‍ ചൈന ആഗ്രഹിക്കുന്നു. ഇന്ത്യ ചൈനയുടെ വലിയ അയല്‍ക്കാരനാണ്. ഏറ്റവും വേഗത്തില്‍ വികസിക്കുന്ന രണ്ട് രാജ്യങ്ങളും തമ്മില്‍ ശക്തവും സ്ഥിരവുമായ ഉഭയകക്ഷി ബന്ധം ബെയ്ജിംഗ് ആഗ്രഹിക്കുന്നു. ആഗോളവത്കരണം പ്രോത്‌സാഹിപ്പിക്കുകയെന്നത് ഇരു രാജ്യങ്ങളും പങ്കിടുന്ന താത്പര്യമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

Comments

comments