4000 ടെലിനോര്‍, ടാറ്റ ടെലി ജീവനക്കാരെ എയര്‍ടെല്‍ ഏറ്റെടുക്കും

4000 ടെലിനോര്‍, ടാറ്റ ടെലി ജീവനക്കാരെ എയര്‍ടെല്‍ ഏറ്റെടുക്കും

15 ശതമാനത്തോളം ജീവനക്കാരെ വിദേശ വിപണികളില്‍ വിന്യസിക്കും

ന്യൂഡെല്‍ഹി: ലയനത്തിന് ശേഷം ടെലിനോര്‍ ഇന്ത്യ, ടാറ്റ ടെലിസര്‍വീസസ് എന്നിവയുടെ കണ്‍സ്യൂമര്‍ മൊബിലിറ്റി ബിസിനസുകളിലെ മൊത്തം 6,000ത്തോളം ജീവനക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗത്തെയും ഭാരതി എയര്‍ടെല്‍ നിലനിര്‍ത്തും. സുനില്‍ മിത്തലിന്റെ ഉടമസ്ഥയിലുള്ള എയര്‍ടെല്‍ രണ്ട് ടെലികോമുകളെയും ഏറ്റെടുത്ത ശേഷം 15 ശതമാനത്തോളം ജീവനക്കാരെ വിദേശ വിപണികളില്‍, പ്രത്യേകിച്ച് ആഫ്രിക്കയിലാണ് വിന്യസിക്കുക.

ലയനത്തിന് ശേഷമുള്ള വിവിധ ആവശ്യകതകള്‍ പരിഗണിച്ച് ജീവനക്കാരെ എങ്ങനെ വിന്യസിക്കുമെന്നത് ആസൂത്രണം ചെയ്യുകയാണ്. ഇന്ത്യയിലെ ബിസിനസിലേക്ക് എയര്‍ടെലിന് ഏറ്റെടുക്കാന്‍ കഴിയുന്നത്രയും ജീവനക്കാരെ പരിഗണിക്കും. ഏതാനും ചിലരെ എയര്‍ടെലിന്റെ അന്താരാഷ്ട്ര സേവനങ്ങളിലും മറ്റ് ഗ്രൂപ്പ്, അനുബന്ധ കമ്പനികളിലും നിയമിക്കുമെന്നും എയര്‍ടെല്‍ വക്താവ് വ്യക്തമാക്കി.

ഒക്‌റ്റോബറിലെ കണക്ക്പ്രകാരം ടാറ്റ ടെലിയുടെ കണ്‍സ്യൂമര്‍ മൊബിലിറ്റി ബിസിനസില്‍ 5,000 ജീവനക്കാരാണുള്ളത്. ടെലിനോര്‍ ഇന്ത്യക്ക് 2,000 ജീവനക്കാരുണ്ട്. ചില ജീവനക്കാര്‍ ഇരു കമ്പനികളില്‍ നിന്നും വിട്ടുപോയെങ്കിലും ടാറ്റ ടെലിയിലെ ചില ജീവനക്കാര്‍ ടാറ്റ ഗ്രൂപ്പില്‍ മറ്റ് ചില റോളുകളില്‍ ജോലി നേടി.

നഷ്ടത്തെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ടാറ്റ ടെലി സര്‍വീസസിനെ ഏറ്റെടുക്കുമെന്ന് 2017 ഒക്‌റ്റോബറിലാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ടാറ്റ ടെലി-എയര്‍ടെല്‍ ലയനത്തിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി), ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ അനുമതി ആവശ്യമാണ്. ടെലിനോര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള തീരുമാനം 2017 ഫെബ്രുവരിയിലാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. എന്‍സിഎല്‍ടി, ടെലികോം വകുപ്പ് എന്നിവയുടെ അനുമതി ഈ ലയനത്തിന് ആവശ്യമാണ്.

Comments

comments

Categories: Business & Economy