അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നവര്‍ക്ക് ഓഫര്‍: ന്യായീകരിച്ച് ട്രംപ് ഓര്‍ഗനൈസേഷന്‍

അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നവര്‍ക്ക് ഓഫര്‍:  ന്യായീകരിച്ച് ട്രംപ് ഓര്‍ഗനൈസേഷന്‍

മുംബൈ: ഡെല്‍ഹിയിലെ ട്രംപ് ടവറില്‍ ആദ്യ 100 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് ന്യൂയോര്‍ക്കിലേക്ക് വിമാനയാത്രയും ആതിഥ്യവും ഒരുക്കാനുള്ള തീരുമാനത്തെ ന്യായികരിച്ച് ട്രംപ് ഓര്‍ഗനൈസേഷന്‍.

അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയവരില്‍ ഓഫറിന് അര്‍ഹരായവര്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് ന്യൂയോര്‍ക്കില്‍ സല്‍ക്കാരം ഒരുക്കുന്നത്. എന്നാല്‍ യുഎസ് പ്രസിഡന്റെന്ന നിലയിലെ ഡൊണാള്‍ഡ് ട്രംപിന്റെ പദവിയെ അദ്ദേഹത്തിന്റ കുടുംബ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നതിലെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് ഒര്‍ഗനൈസേഷന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

റെസിഡന്‍ഷ്യല്‍ ഉടമകള്‍ക്കായുള്ള ഇവന്റുകള്‍ മുന്‍പും ട്രംപ് ഓര്‍ഗനൈസേഷന്‍ നടത്തിയിരുന്നുവെന്ന് സ്ഥാപനത്തിന്റെ യുഎസിലെ വക്താവ് പറഞ്ഞു. സമാനമായ പരിപാടികള്‍ കൊല്‍ക്കത്തയിലെയും ഡെല്‍ഹി – എന്‍സിആറിലെയും അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ക്കായി ഒരുക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുഗ്രാമിലെ 1.25 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലുള്ള പ്രൊജക്റ്റാണ് ട്രംപിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ആഢംബര റെസിഡന്‍ഷ്യല്‍ ഡെവലപ്പ്‌മെന്റ്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന നാലാമത്തെ ട്രംപ് ടവറായിരിക്കുമിത്. മുംബൈ, പൂണെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മറ്റു ടവറുകള്‍.

Comments

comments

Categories: Business & Economy