എസ് സോമനാഥ് വിക്രം സ്‌പേസ് സെന്റര്‍ ഡയറക്റ്റര്‍

എസ് സോമനാഥ് വിക്രം സ്‌പേസ് സെന്റര്‍ ഡയറക്റ്റര്‍

തിരുവനന്തപുരം: മലയാളി ശാസ്ത്രജഞനും ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്റ്ററുമായ എസ് സോമനാഥ് വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ(വിഎസ്എസ്‌സി) പുതിയ ഡയറക്റ്ററായി ചുമതലയേറ്റു. വിക്ഷേപണ വാഹനത്തിന്റെ രൂപകല്‍പ്പനയ്ക്കായുള്ള സാങ്കേതികവിദ്യകളുടെ നവീകരണത്തിനും അടുത്ത മാസം വിക്ഷേപിക്കുന്ന ജിഎസ്എല്‍വി-മാര്‍ക്ക്II(എംകെ), പിഎസ്എല്‍വി-സി41 എന്നിവക്ക് മുന്‍ഗണന നല്‍കുമെന്ന് ചുമതലയേറ്റശേഷം സോമനാഥ് പറഞ്ഞു. വാര്‍ത്താവിനിമയത്തിനായുള്ള ജിസാറ്റ്-6എയും ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് സാറ്റ്‌ലൈറ്റായ ഐആര്‍എന്‍എസ്എസ്-1I മാണ് ഉടന്‍ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങള്‍.

1985 ല്‍ ഐഎസ്ആര്‍ഒയില്‍ ജോലിയില്‍ പ്രവേശിച്ച സോമനാഥ് പിഎസ്എല്‍വി പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ ഇന്റഗ്രേഷന്‍ ടീം ലീഡറായിരുന്നു. ലോഞ്ച് വെഹിക്കിളിന്റെ സിസ്റ്റം എന്‍ജിനീയറിംഗ് മേഖലയില്‍ അഗ്രഗണ്യനായ അദ്ദേഹം വിഎസ്എസ്‌സി അസോസിയേറ്റ് ഡയറക്റ്റര്‍(പ്രൊജക്റ്റ്‌സ്), ജിഎസ്എല്‍വി എംകെ-III ലോഞ്ച് വെഹിക്കിള്‍ പ്രൊജക്റ്റ് ഡയറക്റ്റര്‍ തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിടെക് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കേരള യൂണിവേഴ്‌സിറ്റിയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ഗോള്‍ഡന്‍ മെഡലോടെയാണ് എയറോസ്‌പേസ് എന്‍ജിനീയറിംഗില്‍ ബിരുദാനന്തരബിരുദം സോമനാഥ് നേടുന്നത്.

Comments

comments

Categories: FK News