എസ്സാര്‍ സ്റ്റീലിനായി ബിഡുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി

എസ്സാര്‍ സ്റ്റീലിനായി ബിഡുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി

ജനുവരി 29 ആണ് ബിഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതിയായി അറിയിച്ചിരുന്നത്

മുംബൈ: കടബാധ്യതയില്‍ കുരുങ്ങിയ എസ്സാര്‍ സ്റ്റീലിനു വേണ്ടി ബിഡുകള്‍ സമര്‍പ്പിക്കേണ്ട കാലാവധി ഫെബ്രുവരി രണ്ടാം വാരം വരെ ദീര്‍ഘിപ്പിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള കമ്പനികള്‍ക്ക് നിര്‍ദേശങ്ങളുടെ ഘടനയും ധനസമാഹരണവും അന്തിമമായി നിശ്ചയിക്കുന്നതിനാണ് തിയതി പുതുക്കി നല്‍കിയത്.

ജനുവരി 29 ആണ് ബിഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതിയായി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ എസ്സാര്‍ ഗ്രൂപ്പിന്റെ പ്രശ്‌നപരിഹാര ഉദ്യോഗസ്ഥനു ( റെസലൂഷന്‍ പ്രൊഫഷണല്‍സ്-ആര്‍പി)മായി ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയില്‍ ബിഡിംഗ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനമാകുകയായിരുന്നു. ടാറ്റ സ്റ്റീല്‍, നിപ്പോണ്‍ സ്റ്റീല്‍, വേദാന്ത റിസോഴ്‌സസ്, ആര്‍സലര്‍ മിത്തല്‍ എന്നിവ എസ്സാര്‍ സ്റ്റീലിനായുള്ള ബിഡ്ഡിംഗിന്റെ നടപടിക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

സ്റ്റീല്‍ പ്ലാന്റിന്റെ സാങ്കേതികവും പ്രവര്‍ത്തനപരവുമായ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ട് കമ്പനികളുടെ നിരവധി അന്വേഷണങ്ങളാണ് ആര്‍പിക്ക് ലഭിച്ചിട്ടുള്ളത്. ഇത്തരം അന്വേഷണങ്ങളോട് പ്രതികരിച്ചെങ്കിലും ബിഡര്‍മാര്‍ക്ക് അവരുടെ ഓഫര്‍ വിലയിരുത്തേണ്ടതുണ്ടെന്ന് എസ്സാര്‍ സ്റ്റീലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കാലാവധി നീട്ടി നല്‍കുന്നത് വായ്പാദാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.

Comments

comments

Categories: Business & Economy