ഒഎന്‍ജിസിയും എച്ച്പിസിഎല്ലും പരസ്പര ബഹുമാനത്തോടെ വര്‍ത്തിക്കണം: എം കെ സുരാന

ഒഎന്‍ജിസിയും എച്ച്പിസിഎല്ലും  പരസ്പര ബഹുമാനത്തോടെ  വര്‍ത്തിക്കണം: എം കെ സുരാന

ഇരു കമ്പനികളെയും ലയിപ്പിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് സുരാനയുടെ പ്രതികരണം

ന്യൂഡെല്‍ഹി: വിജയകരമായ ഏകീകരണത്തിനായി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷ (ഒഎന്‍ജിസി)നും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷ(എച്ച്പിസിഎല്‍)നും അവരവരുടെ ബിസിനസ് മേഖലകളിലെ സ്വയംഭരണാധികാരത്തെ പരസ്പരം ബഹുമാനിക്കണമെന്ന് എച്ച്പിസിഎല്‍ ചെയര്‍മാന്‍ എം കെ സുരാന. എച്ച്പിസിഎല്ലിനെ ഒഎന്‍ജിസിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് സുരാനയുടെ പ്രതികരണം.

എല്ലാ ലയനങ്ങള്‍ക്കും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ട്. അവരവരുടെ ബിസിനസ് മേഖലയിലെ സ്വയംഭരണാവകാശത്തെ പരസ്പരം ബഹുമാനിക്കുന്നുണ്ടെന്ന് രണ്ടു കമ്പനികളും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇരു കമ്പനികളുടെയും കഴിവുകളും ബിസിനസ് മേഖലകളും വ്യത്യസ്തമാണ്. കൂട്ടായി തീരുമാനിക്കുന്ന ഒരേയൊരു കാര്യം ഗ്രൂപ്പ് സ്ട്രാറ്റജിയാണ്. അല്ലാതെ ഈ തന്ത്രങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നതല്ല- സുരാന പറഞ്ഞു.
ലയനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഇതിലൂടെ എച്ച്പിസിഎല്ലിന് കൂടുതല്‍ റിഫൈനിംഗ് ശേഷിയും പ്രൊഡക്റ്റ് മാനേജ്‌മെന്റിനുള്ള സാധ്യതകളും ലോജിസ്റ്റിക്‌സ് പുനരേകീകരണവും ലഭ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയില്‍ വാങ്ങലുകളില്‍ കൂടുതല്‍ സ്വാധീനവും ഇതുവഴി കമ്പനിക്ക് ലഭിക്കുമെന്നും സുരാന വ്യക്തമാക്കി.

ഏറ്റെടുക്കലിനുശേഷം എച്ച്പിസിഎല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങളൊന്നും വരുത്താന്‍ ഒഎന്‍ജിസി പദ്ധതിയിട്ടിട്ടില്ലെന്ന് കമ്പനി ചെയര്‍മാന്‍ ശശി ശങ്കര്‍ പറഞ്ഞു. എച്ച്പിസിഎല്ലിന്റെ വളര്‍ച്ചാ പദ്ധതികളെയും ലയനം ബാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഒഎന്‍ജിസി- എച്ച്പിസിഎല്‍ കരാര്‍ പ്രഖ്യാപനത്തിനു ശേഷം ഏവരും ഉറ്റുനോക്കുന്നത് എച്ച്പിസിഎല്ലും മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡു(എംആര്‍പിഎല്‍)മായുള്ള ലയനത്തിലേക്കാണ്. ഇത് യുക്തിപരമായ നീക്കമാണെന്നും പ്രയോജനം കാണുന്നുണ്ടെന്നും ശങ്കര്‍ പറഞ്ഞു. ഒഎന്‍ജിസിക്ക് 71.63 ശതമാനം ഓഹരികളും എച്ച്പിസിഎല്ലിന് 16.96 ശതമാനം ഓഹരികളുമാണ് എംആര്‍പിഎല്ലിലുള്ളത്.

എച്ച്പിസിഎല്ലിന്റെ ഭൂരിപക്ഷ ഓഹരികള്‍ 37000 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ഒഎന്‍ജിസി സമ്മതിച്ചിരുന്നു. ഇരു കമ്പനികളിലും ഇടപാട് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇതോടെയാണ് തുടക്കമായത്. എച്ച്പിസിഎല്ലിന്റെ സ്വതന്ത്ര വ്യക്തിത്വം നിലനിര്‍ത്തുന്ന തരത്തിലുള്ളതായിരിക്കും കരാറെന്ന് പറയപ്പെടുന്നു.

എച്ച്പിസിഎല്ലിനെ സ്വന്തമാക്കുന്നതോടെ 60 ശതമാനം അസംസ്‌കൃത എണ്ണയും ഉല്‍പ്പാദിപ്പിക്കുന്ന ഒഎന്‍ജിസി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ റിഫൈനറായും മാറും. പ്രതിവര്‍ഷം 40 മില്യണ്‍ ടണ്‍ എണ്ണ ശുദ്ധീകരണ ശേഷി ആര്‍ജ്ജിക്കാന്‍ ഇതുവഴി സാധിക്കും. എച്ച്പിസിഎല്ലിന്റെ 14700 പെട്രോള്‍ പമ്പുകളുടെ നിയന്ത്രണവും കരാര്‍ പ്രകാരം ഒഎന്‍ജിസിക്ക് ലഭിക്കും.

Comments

comments

Categories: Business & Economy