മാരുതി സുസുകി സ്വിഫ്റ്റ് ഇനി ഗുജറാത്തില്‍ നിര്‍മ്മിക്കും

മാരുതി സുസുകി സ്വിഫ്റ്റ് ഇനി ഗുജറാത്തില്‍ നിര്‍മ്മിക്കും

ബലേനോയുടെ കൂടെ സ്വിഫ്റ്റ് നിര്‍മ്മിക്കുന്നത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുമെന്ന് ആര്‍എസ് കല്‍സി

ന്യൂഡെല്‍ഹി : മാരുതി സുസുകി സ്വിഫ്റ്റിന്റെ ഉല്‍പ്പാദനം ഹരിയാണയില്‍നിന്ന് ഗുജറാത്തിലേക്ക് മാറ്റും. ഹരിയാണയിലെ പ്ലാന്റുകളില്‍ സ്വിഫ്റ്റിന്റെ ഉല്‍പ്പാദനം തുടങ്ങി പതിമൂന്ന് വര്‍ഷത്തിനുശേഷമാണ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത്. പുതിയ തലമുറ സ്വിഫ്റ്റ് വിപണിയില്‍ വെന്നിക്കൊടി പാറിക്കുമെന്നുതന്നെയാണ് മാരുതി പ്രതീക്ഷിക്കുന്നത്. കോംപാക്റ്റ് കാര്‍ സെഗ്‌മെന്റില്‍ പുതിയ സ്വിഫ്റ്റ് മോഡല്‍ മാരുതിയുടെ വിപണി വിഹിതം വര്‍ധിപ്പിക്കുമെന്നും കണക്കുകൂട്ടുന്നു.

2016 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഗുജറാത്ത് പ്ലാന്റില്‍ നിലവില്‍ ബലേനോയാണ് നിര്‍മ്മിക്കുന്നത്. ബലേനോയുടെ കൂടെ സ്വിഫ്റ്റ് നിര്‍മ്മിക്കുന്നത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുമെന്ന് മാരുതി സുസുകി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി പറഞ്ഞു. ഉല്‍പ്പാദന ആസൂത്രണം കുറേക്കൂടി ഫലപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വിജയം വരിച്ച മോഡലുകളിലൊന്നാണ് മാരുതി സുസുകി സ്വിഫ്റ്റ്. 2005 ല്‍ അവതരിപ്പിച്ചശേഷം 18 ലക്ഷത്തോളം യൂണിറ്റ് സ്വിഫ്റ്റ് കാറുകളാണ് വിറ്റുപോയത്. തുടക്കത്തില്‍ ഹരിയാണയിലെ ഗുരുഗ്രാമിലാണ് കാര്‍ നിര്‍മ്മിച്ചിരുന്നത്. പിന്നീട് ഹരിയാണയിലെതന്നെ മനേസര്‍ പ്ലാന്റിലേക്ക് മാറ്റുകയായിരുന്നു.

തുടക്കത്തില്‍ ഗുരുഗ്രാമിലാണ് സ്വിഫ്റ്റ് നിര്‍മ്മിച്ചിരുന്നത്. പിന്നീട് ഹരിയാണയിലെതന്നെ മനേസര്‍ പ്ലാന്റിലേക്ക് മാറ്റിയിരുന്നു

നെക്സ്റ്റ്-ജെന്‍ സ്വിഫ്റ്റ് ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായി കല്‍സി അറിയിച്ചു. ഫെബ്രുവരി 9 ന് തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ സ്വിഫ്റ്റ് അവതരിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റായി സുസുകിയുടെ ഗുജറാത്ത് പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കും. 2018-19 ഓടെ 2.5 ലക്ഷം യൂണിറ്റായി ഉല്‍പ്പാദനശേഷി പരമാവധിയെത്തും.

ഗുജറാത്ത് പ്ലാന്റില്‍ രണ്ടാമത്തെ പ്രൊഡക്ഷന്‍ ലൈനിന്റെ പ്രവര്‍ത്തനങ്ങളുമായി സുസുകി മുന്നോട്ടുപോവുകയാണ്. പ്രതിവര്‍ഷം രണ്ടര ലക്ഷം യൂണിറ്റാണ് ഈ പ്രൊഡക്ഷന്‍ ലൈനിന്റെയും പരമാവധി ശേഷി. 2018-19 അവസാന പാദത്തില്‍ ഈ പ്രൊഡക്ഷന്‍ ലൈന്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് പ്രൊഡക്ഷന്‍ ലൈനിനും എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ലൈനിനുമായി ആകെ 9,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഗുജറാത്തില്‍ മൂന്നാമതൊരു പ്രൊഡക്ഷന്‍ ലൈന്‍ കൂടി സ്ഥാപിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ സമയക്രമം വെളിപ്പെടുത്തിയിട്ടില്ല.

Comments

comments

Categories: Auto