നാസികിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും ആശാവര്‍ക്കര്‍മാരെയും ഏകോപിപ്പിച്ച് മേഖലയിലെ ഗര്‍ഭിണികളെ സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനമാണ് മാതൃത്വ കാഴ്ചവെക്കുന്നത്
അമ്മയാവുക, ഒരു കുട്ടി ഉണ്ടാവുക എന്നതൊക്കെയും ഒരു സ്ത്രീയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളില്‍ ഒന്നാണ്. എന്നാല്‍ സുരക്ഷിത മാര്‍ഗത്തിലൂടെയുള്ള പ്രസവം ആണ് ആരോഗ്യ മേഖലയെ പലപ്പോഴും വെല്ലുവിളിക്കുന്ന ഘടകം. എന്നാല്‍ മേഖലയുടെ പരമപ്രധാനമായ ലക്ഷ്യങ്ങളിലൊന്നും അതു തന്നെയാണ്. ഇന്ത്യയിലിന്നും മാതൃശിശു മരണങ്ങള് കുറവല്ല. പണ്ടു കാലത്തെ അപേക്ഷിച്ച് ഇതില്‍ വലിയ തോതില്‍ കുറവുണ്ടെങ്കിലും മാതൃമരണങ്ങള്‍ പാടെ തൂത്തെറിയാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഗര്‍ഭാവസ്ഥയിലെ കൃത്യമായ കണ്ടെത്തലുകളും നിര്‍ണയങ്ങളും ഒരു പരിധിവരെ ഈ റിസ്ക് കുറയ്ക്കുമെന്നു തന്നെയാണ് അരോഗ്യമേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ ഇതിനേകുറിച്ച് പ്രതികരിക്കുന്നത്.
ജെജെ ഹോസ്പിറ്റല്‍ മുംബൈ നടത്തിയ ഒരു സര്‍വേ പ്രകാരം, പ്രസവ സമയത്ത് സ്ത്രീകളില്‍ ഭൂരിഭാഗം പേരും മരണഭയവും പേറി, അഥവാ സമാന അനുഭവങ്ങളിലൂടെ കടന്നു പോകുന്നതായി വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. സ്ത്രീകളിലെ ഇത്തരം ആകുലതകള്‍ നീക്കാനും അവര്‍ക്കാവശ്യമായ ആരോഗ്യകരമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് മാതൃത്വ എന്ന മൊബീല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം. അമ്മയാകാന്‍ പോകുന്ന സ്ത്രീകളുടെ മാനസികവ്യഥ കുറയ്ക്കുക എന്നതു തന്നെയാണ് ഇവരുടെ പരമപ്രധാന ലക്ഷ്യം. പ്രിതേഷ് അഗര്‍വാള്‍, അഭിഷേക് വര്‍മ, ഗരിമ ദോസര്‍ എന്നീ മൂവര്‍ സംഘമാണ് ഈ സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നത്. മാതൃമരണം കുറയ്ക്കുക എന്നതു മാത്രമല്ല, മാതൃത്വം അനുഭവിക്കുന്നതിലും ഉപരി ആസ്വദിക്കാനും സുരക്ഷിതമായ പ്രസവം സാധ്യമാക്കാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
2016ല്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സംഘടിപ്പിച്ച ഏഴു ദിവസം നീണ്ട ബൂട്ട് ക്യാംപില്‍ വെച്ചാണ് ഈ സംരംഭത്തിനു തുടക്കമിടാനുള്ള ആശയത്തിലേക്ക് മൂവര്‍ സംഘം എത്തിയത്. സമൂഹത്തില്‍ നിലനില്ക്കുന്നതും എന്നാല്‍ പരിഹരിക്കപ്പെട്ടാല്‍ ദശലക്ഷക്കണക്കിന് പ്രയോജനപ്പെടുകയും ചെയ്യുന്ന ഒരു നൂതന ആശയമാണ് അവര്‍ മാതൃത്വയിലൂടെ നടപ്പാക്കിയത്. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ആളുകളോടും ഗര്‍ഭിണികളോടും ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ നിരീക്ഷണങ്ങള്‍ക്കു ശേഷം മാതൃമരണത്തെ തുടച്ചു നീക്കുന്ന തരത്തിലുള്ള ഒരു പരിഹാരമാണ് അവര്‍ കണ്ടെത്താന്‍ ശ്രമിച്ചത്. ഉള്‍നാടന്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ഗര്‍ഭിണികളുടെ ഡാറ്റാ ലിസ്റ്റിലൂടെ അവരുടെ ആരോഗ്യാവസ്ഥ വിദഗ്ധ ഡോക്റ്റര്‍മാര്‍ക്ക് യഥാസമയം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇതുവഴി ഒരുക്കിയത്.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ആവശ്യമായ അടിയന്തര സഹായം ലഭ്യമാക്കുക മാത്രമല്ല, മറിച്ച് ഗ്രാമീണ മേഖലയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും ഡിജിറ്റല്‍ അവബോധം സൃഷ്ടിക്കാനും മാതൃത്വ കാരണമായിട്ടുണ്ട്. നിലവില്‍ 1000 ല്‍ പരം സ്ഥിര ഉപയോക്താക്കള്‍ മാതൃത്വയ്ക്കുണ്ട്. 13000ല്‍ പ്പരം ഗര്‍ഭിണികളുടെ ഡാറ്റാ അവലോകനവും ഇതില്‍ ഉള്‍പ്പെടുന്നു
പ്രാരംഭ നടപടികള്‍
ബൂട്ട് ക്യാംപിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 2016 മാര്‍ച്ചില്‍ ഡിജിറ്റല്‍ ഇംപാക്റ്റ് സ്ക്വയര്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് അവര്‍ തുടക്കമിട്ടു. ” പ്രസവം, മാതൃത്വം എന്നിവയുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തി നല്‍കുകയായിരുന്നു ഈ പ്ലാറ്റ്ഫോമിലൂടെ അവര്‍ ഉദ്ദേശിച്ചത്. ആളുകളുടെ സംശയങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചാല്‍ അവരിലെ ആകുതലകളും ആശങ്കകളും നീക്കാന്‍ കഴിയുമെന്ന തിരിച്ചറിവും ഇതിന് ഊര്‍ജ്ജമേകി” , പ്രതീഷ് പറയുന്നു.
നാസികിലെ നഗര, ഗ്രാമ മേഖലകളെ ഒന്നടങ്കം ലക്ഷ്യമിട്ടായിരുന്നു അവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല ക്രമീകരിച്ചത്. നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റും ഗ്രാമീണ മേഖലയിലെ അരോഗ്യ സുരക്ഷാ കേന്ദ്രങ്ങളെയും അവര്‍ ഇതിനായി ഒപ്പം ചേര്‍ത്തു. വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഗര്‍ഭിണികള്‍ അഭിമുഖീകരിക്കുന്നതും ഇവിടെ നടപ്പിലാക്കേണ്ടതുമായ പലവിധ പരിഹാരമാര്‍ഗങ്ങളാണ് മാതൃത്വ സംരംഭകര്‍ക്കു ലഭിച്ചത്. ഗര്‍ഭിണികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍, അവരുടെ ആകുലതകള്‍ക്കുള്ള പരിഹാര മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് നടപ്പിലാക്കാനുള്ള ആശയത്തിനുള്ള തുടക്കമായിരുന്നു അത്.
മൊബീല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമായതുകൊണ്ടുതന്നെ ട്രൈബല്‍ വില്ലേജുകളില്‍ മൊബീല്‍ കണ്ക്റ്റിവിറ്റിയായിരുന്നു മാതൃത്വക്ക് തുടക്കത്തില്‍ ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിച്ചത്. മറ്റൊന്ന് ഗ്രാമീണ മേഖലയിലെ ആരോഗ്യ സുരക്ഷാ കേന്ദ്രങ്ങളിലെ നഴ്സുമാര്‍ക്കും മറ്റും ഡിജിറ്റല്‍ പ്ലാറ്റ്ഫോം എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവില്ലായ്മയും. തുടര്‍ന്ന് മികച്ച പരിശീലന പദ്ധതികളിലൂടെ ഡിജിറ്റല്‍ രംഗത്ത് അവരെ പ്രായോഗിക പരിജ്ഞാനമുള്ളവരാക്കി മാറ്റാനും അവര്‍ മുന്‍കൈയെടുത്തു.
ആരോഗ്യരംഗത്തെ വിവിധ മേഖലകളിലെ ഏകോപനം
മാതൃത്വയുടെ പ്രാരംഭ ഘട്ടം ഇന്റര്‍നെറ്റ് കൂടാതെ ഉപയോഗിക്കാവുന്നതും പ്രദേശിക ഭാഷയിലുള്ളതുമായിരുന്നു. 2016 ഓഗസ്റ്റ് 5 ന് മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശമായ അംബോലിയിലും അതിനു കീഴിലുള്ള എട്ടോളം മേഖലകളിലെയും കോര്‍ത്തിണക്കി ഇതു നടപ്പാക്കി. എല്ലാ ഗ്രാമീണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഗര്‍ഭിണികളുടെ ഡാറ്റാ, അവരുടെ ആരോഗ്യ വിവരങ്ങളും റിപ്പോര്‍ട്ടുകളും അടങ്ങിയ വിവരങ്ങള്‍ ഇതുവഴി മാതൃത്വ പ്ലാറ്റ്ഫോമില്‍ ലഭ്യമായിരിക്കും. വിദഗ്ധ ഡോക്റ്റര്‍മാര്‍ക്ക് ഇതുവഴി പ്രസവത്തില്‍ റിസ്ക് കൂടുതലുള്ളവരെയും അല്ലാത്തവരെയും തിരിച്ചറിയാനും, മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.
അംബോളിയിലെ മാതൃത്വയുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായതോടെ 2017 ഏപ്രിലില്‍ നാസികിലെ 5 താലൂക്കുകളില്‍ കൂടി ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മേഖലയിലെ ആരോഗ്യ സുരക്ഷാ കേന്ദ്രങ്ങളിലുള്ള ജോലിക്കാര്‍, സൂപ്പര്‍വൈസര്‍, ഡോക്റ്റര്‍മാര്‍ എന്നിവരെ മാത്രമല്ല ഗ്രാമീണ മേഖലയിലെ ആശാ വര്‍ക്കര്‍മാരെയും മാതൃത്വയില് ഡാറ്റാ അറിയിപ്പുകള് നല്‍കാനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടുകള്‍തോറും ഗര്‍ഭിണികളെ സ്ഥിരം സന്ദര്‍ശിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ അവരുടെ ആരോഗ്യാവസ്ഥ കൈമാറാന്‍ കഴിയുമെന്നതിനാലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചികില്‍സ കിട്ടാതെയോ കണ്ടെത്താന്‍ കഴിയാതെപോയോ ഒരു ഗര്‍ഭിണിയുടേയും ജീവന് അപകടത്തിലാകരുത് എന്ന മാതൃത്വയുടെ ആശയത്തിന് ഗ്രാമങ്ങളില്‍ നിന്നു തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഗ്രാമീണ സ്ത്രീകള്‍ക്ക് ഡിജിറ്റല്‍ അവബോധം
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ആവശ്യമായ അടിയന്തര സഹായം ലഭ്യമാക്കുക മാത്രമല്ല, മറിച്ച് ഗ്രാമീണ മേഖലയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും ഡിജിറ്റല്‍ അവബോധം സൃഷ്ടിക്കാനും മാതൃത്വ കാരണമായിട്ടുണ്ട്.
നിലവില്‍ 1000 ല്‍ പരം സ്ഥിര ഉപയോക്താക്കള്‍ മാതൃത്വയ്ക്കുണ്ട്. 13000ല്‍ പ്പരം ഗര്‍ഭിണികളുടെ ഡാറ്റാ അവലോകനവും ഇതില്‍ ഉള്‍പ്പെടുന്നു. ഭാവിയില്‍ റെഫറല്‍ മൊഡ്യൂള്‍, ഇന്‍ഫൊര്‍മേഷന്‍ മൊഡ്യൂള്‍, ബെര്‍ത്ത് പ്രിപ്പയേര്ഡ്നസ് മൊഡ്യൂള്‍ എന്നിങ്ങനെ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി മാതൃത്വ വിപുലമാക്കാന്‍ സംരംഭകര്‍ പദ്ധതിയിടുന്നുണ്ട്. നാസികിലെ ഗ്രാമീണ പ്രദേശങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി നടക്കുന്ന മാതൃമരണങ്ങളുടെ തോതില്‍ വ്യതിയാനമുണ്ടാക്കാന്‍ ഇതിനോടകം മാതൃത്വയ്ക്ക് കഴിഞ്ഞിട്ടുണ്ട്.