കെഎസ്ഡിപിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

കെഎസ്ഡിപിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഡിപിയ്ക്ക് (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്) ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ലോകാരോഗ്യസംഘടനയുടെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയില്‍ നിന്നും കമ്പനി അധികൃതര്‍ ഏറ്റുവാങ്ങി. മന്ത്രിമാരായ എ സി മൊയ്തീന്‍, ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ ടീച്ചര്‍, കെഎസ്ഡിപി ചെയര്‍മാന്‍ സി ബി ചന്ദ്രബാബു, എം ഡി ശ്യാമള എന്നിവര്‍ സന്നിഹിതരായിരുന്നു.

കെഎസ്ഡിപി നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഗുണമേന്‍മയോടൊപ്പം സുരക്ഷ, കാര്യക്ഷമത എന്നിവയില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ ലോകവിപണിയില്‍ വില്‍ക്കാനാവും. ഇത് സാധ്യമായാല്‍ കമ്പനിയുടെ വിറ്റുവരവ് പത്തു മടങ്ങ് വര്‍ധിക്കും.

നിലവില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ആവശ്യമായ മരുന്നുകളും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള വിവിധ മരുന്നുകളും, ജന്‍ ഔഷധിക്ക് ആവശ്യമായ മരുന്നുകളുമാണ് കെഎസ്ഡിപിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പൊതുമേഖലാ ഔഷധ നിര്‍മാണ കമ്പനിയായ കെഎസ്ഡിപിയ്ക്ക് 32 കോടിയോളം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ലോക നിലവാരത്തിലുള്ള നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. മെയ് മാസത്തോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ പ്ലാന്റും ലോകാരോഗ്യസംഘടനയുടെ അംഗീകാരവും ലഭിച്ചതോടെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണികളിലേക്കും മരുന്ന് നല്‍കാന്‍ സാധിക്കും.

Comments

comments

Categories: Life