ഹിമജീവികളുടെ അന്തകനായ ഹിമസുനാമി

ഹിമജീവികളുടെ അന്തകനായ ഹിമസുനാമി

അലാസ്‌കയില്‍ ഹിമസുനാമി കവര്‍ന്നത് 52 കസ്തൂരിക്കാളകളുടെ ജീവന്‍

അലാസ്‌കയില്‍ ഹിമസുനാമി ഒരുക്കിയ കെണിയില്‍പ്പെട്ട് ചത്തത് 52 കസ്തൂരിക്കാളകള്‍. മണിക്കൂറില്‍ 60-100 മീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഹിമവാതമാണ് കസ്തൂരിക്കാളപ്പറ്റത്തിന്റെ അന്തകനായത്. ജലാശയത്തിനു ചുറ്റും കൂടിയ മൃഗങ്ങളെ മഞ്ഞു പുതയ്ക്കുകയായിരുന്നു. ഹിമയുഗത്തെ വരെ അതിജീവിച്ച മൃഗങ്ങളുടെ പരമ്പരയില്‍പ്പെട്ട പിന്മുറക്കാര്‍ ഇത്തവണ ജീവനോടെ കുഴിച്ചു മൂടപ്പെടുകയായിരുന്നു. യുഎസ് നാഷണല്‍ പാര്‍ക്ക് സര്‍വീസിലെ ജീവശാസ്ത്രജ്ഞന്‍ മാര്‍സി ജോണ്‍സണ്‍ പറയുന്നത് വിമാനത്തില്‍ നിന്ന് താഴേക്കു നോക്കിയപ്പോള്‍ സംഭവസ്ഥലത്തു മഞ്ഞു മാത്രമാണ് കാണാനായതെന്നാണ്. കുറച്ചു താഴ്ന്നപ്പോള്‍ 50-ലധികം കറുത്ത പുള്ളികള്‍ കണ്ടെത്തി. കുറേക്കൂടി അടുത്തെത്തിയപ്പോഴാണ് മഞ്ഞിനു മുകളില്‍ ഉയര്‍ന്ന കൊമ്പും ജടപിടിച്ച രോമങ്ങളും കണ്ടെത്താനായത്. മഞ്ഞില്‍ കുടുങ്ങിയ 52 കസ്തൂരിക്കാളകളായിരുന്നു അതെന്ന് മനസിലായെന്നും അവര്‍ അറിയിച്ചു.

ഹിമസുനാമിയില്‍ കടലിലെ തിരമാലകള്‍ കണക്കെ മഞ്ഞ് ഉയരുകയും ഒരു മൈല്‍ വരെ ഉള്ളിലേക്ക് അടിച്ചു കയറുകയുമായിരുന്നു. 1.6 അടി കനവും 15 അടി നീളവുമുള്ള മഞ്ഞുഫലകങ്ങളുടെ വേലിയേറ്റത്തില്‍ 52 മൃഗങ്ങളും പെട്ടു പോകുകയായിരുന്നു. ഒന്നൊഴിയാതെ അവയെല്ലാം കൂറ്റന്‍ തിരകളില്‍ മുങ്ങി. 13 അടിവരെ ഉയരത്തിലാണ് തിരമാലകള്‍ അടിച്ചതെന്ന് അലാസ്‌കയുടെ വടക്കന്‍തീരവാസികള്‍ പറയുന്നു. കാറ്റില്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് തിരമാലയായി ഇങ്ങനെ അടിച്ചുയരുന്നതിനെ അവര്‍ ഇവു അഥവാ ഇവുനിക്ക് എന്നാണ് വിളിക്കുന്നത്. മേയ് മാസത്തിലാണ് ഹിമസുനാമി അടിച്ചത്. ഇവയുടെ പേരില്‍ കാള എന്നുണ്ടെങ്കിലും കന്നുകാലികളേക്കാള്‍ കാട്ടാട്, മലയാട് തുടങ്ങിയ വന്യജീവികളുമായാണ് ഇവ അടുത്തു നില്‍ക്കുന്നത്. 360 കിലോഗ്രാമോളം ഭാരം വരുന്ന ആര്‍ട്ടിക് വന്‍കരയിലെ ഏറ്റവും വലിയ ഈ സസ്തനികളെ 1975 വരെ റഷ്യയില്‍ കാണാമായിരുന്നു.

ധ്രുവമേഖലയിലെ വലിയ കാലാവസ്ഥാമാറ്റങ്ങള്‍ ഓരോ ജീവിവംശത്തെയും ബാധിക്കുന്നതെങ്ങനെയന്നതിനെക്കുറിച്ച് നമുക്ക് കാര്യമായ അറിവില്ല. ഫോട്ടോകള്‍ ഉപയോഗിച്ച് ഇതിന്റെ അളവറിയുന്ന ഫോട്ടോഗ്രമ്മെട്രി എന്ന സങ്കേതമാണ് ഗവേഷകര്‍ ഇതിനുപയോഗിക്കുന്നത്. നിശ്ചിതഅകലത്തില്‍ നിന്നെുക്കുന്ന വിവിധ ആംഗിളുകളിലുള്ള നിരവധി ഫോട്ടോകളുപയോഗിച്ച് ആല്‍ഗരിതമുണ്ടാക്കിയാണ് ഇവയുടെ വലുപ്പം നിര്‍ണയിക്കുന്നത്‌

ആര്‍ട്ടിക്ക് മേഖലയില്‍ വര്‍ധിച്ചു വരുന്ന അസാധാരണ കാലാവസ്ഥാവ്യതിയാനം ഹിമസസ്തനികളെ എങ്ങനെയാണു ബാധിക്കുന്നതെന്ന ഗവേഷണത്തില്‍ സംഭവം നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. തെക്കന്‍ ബെറിന്‍ജിയയില്‍ 150 കൊമ്പന്‍ തിമിംഗലങ്ങളും 170 ബെലുഗാ തിമിംഗലങ്ങളും കിഴക്കന്‍ ആര്‍ട്ടിക്കില്‍ 100 എണ്ണവും കടലിലെ മഞ്ഞിലകപ്പെട്ടതായി ചരിത്രരേഖകള്‍ പറയുന്നു. കസ്തൂരിക്കാളക്കിടാങ്ങളുടെ ജീവനും കാലാവസ്ഥാ വ്യതിയാനം ഭീഷണിയാണ്. മഴക്കാലത്തും മഞ്ഞുപെയ്യുമ്പോളും ജനിക്കുന്ന കിടാവുകള്‍ തീരെ വളര്‍ച്ചയില്ലാത്തവയും അനാരോഗ്യവാന്മാരുമാണെന്നു ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്ത് അമ്മമാര്‍ക്ക് മതിയായ ഭക്ഷണം ലഭിക്കാത്തതാണ് പ്രധാന കാരണം. സസ്യങ്ങള്‍ മഞ്ഞില്‍ ഉറഞ്ഞു പോകുന്നതിനാലാണിത്. ഗര്‍ഭധാരണസമയത്ത് ഭക്ഷ്യ അപര്യാപ്തത, ഉദരത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യത്തെ ദീര്‍ഘകാലത്തേക്കു ബാധിക്കും. പോഷകം ലഭിക്കാതെ വളര്‍ച്ചയില്ലാതെ ജനിക്കുന്ന കുഞ്ഞ് ജീവിതം മുഴുവന്‍ ക്ലേശതയനുഭവിച്ചാകും വളരുക.

കനേഡിയന്‍ ആര്‍ട്ടിക് മേഖലയില്‍ മഞ്ഞുപെയ്യുന്നത് വര്‍ഷത്തില്‍ മൂന്നുതവണയായി അടുത്തകാലത്ത് ഉയര്‍ന്നിട്ടുണ്ട്. അടുത്ത പതിറ്റാണ്ടുകളിലൊന്നും ആര്‍ട്ടിക് പൂര്‍വനിലയിലേക്കു മടങ്ങുമെന്നു കരുതേണ്ടെന്ന മുന്നറിയിപ്പ് യുഎസ് ഭരണകൂടം നല്‍കിക്കഴിഞ്ഞു. കാലാവസ്ഥാവ്യതിയാനമാണ് ഹിമസുനാമിക്കു കാരണമെന്ന് പൂര്‍ണമായി പറയാനാകില്ലെങ്കിലും ഇതിനെയൊരു അസാധാരണസംഭവമായാണ് ഗവേഷകര്‍ കാണുന്നത്. നാസയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റമോസ്ഫറിക് അഡ്മിനിസ്‌ട്രേഷനും നടത്തിയ പഠനപ്രകാരം ആഗോള ശരാശരി ഉപരിതല ഊഷ്മ നിലയില്‍ റെക്കോര്‍ഡ് കുറിച്ച ഒരു സെറ്റ് വര്‍ഷങ്ങളില്‍ മൂന്നാമത്തേതായിരുന്നു 2016. ധ്രുവ പ്രദേശങ്ങളിലെ ഊഷ്മക്രമം പരമാവധിയില്‍ എത്തിയിരിക്കുന്നു, പ്രത്യേകിച്ച് ആര്‍ട്ടിക് മേഖലകളില്‍ ഇത് അതിശക്തമാണ്.

2002-ല്‍ കാനഡയിലെ ബാങ്ക്‌സ് ദ്വീപില്‍ പെയ്ത മഞ്ഞുമഴ കസ്തൂരിക്കാളകളുടെ ഭക്ഷണം തടസപ്പെടുത്തി. 20,000 കാളകളാണ് അന്ന് ചത്തത്. ധ്രുവമേഖലയിലെ വലിയ കാലാവസ്ഥാമാറ്റങ്ങള്‍ ഓരോ ജീവിവംശത്തെയും ബാധിക്കുന്നതെങ്ങനെയന്നതിനെക്കുറിച്ച് നമുക്ക് കാര്യമായ അറിവില്ല. ഫോട്ടോകള്‍ ഉപയോഗിച്ച് ഇതിന്റെ അളവറിയുന്ന ഫോട്ടോഗ്രമ്മെട്രി എന്ന സങ്കേതമാണ് ഗവേഷകര്‍ ഇതിനുപയോഗിക്കുന്നത്. നിശ്ചിതഅകലത്തില്‍ നിന്നെുക്കുന്ന വിവിധ ആംഗിളുകളിലുള്ള നിരവധി ഫോട്ടോകളുപയോഗിച്ച് ആല്‍ഗരിതമുണ്ടാക്കിയാണ് ഇവയുടെ വലുപ്പം നിര്‍ണയിക്കുന്നത്. ഫോട്ടോയില്‍ പതിഞ്ഞ മൃഗങ്ങളുടെ വലുപ്പവും വളര്‍ച്ചയും സംബന്ധിച്ച വിവരങ്ങള്‍ താരതമ്യപ്പെടുത്തിയാണ് കാലാവസ്ഥാഘടകങ്ങള്‍, ആരോഗ്യം, സസ്യജാലം എന്നിവ കസ്തൂരിക്കാളകളില്‍ എന്തു വ്യത്യാസങ്ങളുണ്ടാക്കുന്നുവെന്നു നിര്‍ണയിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ അതിജീവിച്ച ഹിമജീവികളാണ് ധ്രുവപ്രദേശങ്ങളില്‍ ജീവിക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ മനുഷ്യര്‍ ചുരുങ്ങിയ കാലക്രമത്തിനുള്ളില്‍ പെരുമാറ്റത്തില്‍ മാറ്റം വരുത്തേണതുണ്ട്.

Comments

comments

Categories: FK Special, Slider