ജിഎംആര്‍ പ്ലാന്റ്: മൂന്ന് കമ്പനികള്‍ കൂടി ബിഡിംഗില്‍ പങ്കെടുക്കും

ജിഎംആര്‍ പ്ലാന്റ്: മൂന്ന് കമ്പനികള്‍ കൂടി ബിഡിംഗില്‍ പങ്കെടുക്കും

ന്യൂഡെല്‍ഹി: ജിഎംആര്‍ എനര്‍ജിയുടെ ഛത്തീസ്ഗഡിലെ പ്ലാന്റിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നതിന് വേദാന്ത ഗ്രൂപ്പ്, ടൊറന്റ് പവര്‍, സര്‍ക്കാര്‍ സംരംഭമായ നെയ്‌വേലി ലിൈഗ്നറ്റ് കോര്‍പ്പറേഷന്‍ (എന്‍എല്‍സി) എന്നീ കമ്പനികള്‍ കൂടി രംഗത്തെത്തി. തന്ത്രപരമായ ബാധ്യതാ പുനഃസംഘടനാ പദ്ധതി (സ്ട്രാറ്റജിക് ഡെറ്റ് റീസ്ട്രക്ച്ചറിംഗ്- സിഡിആര്‍)യുടെ അടിസ്ഥാനത്തില്‍ വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്റെ പക്കലുള്ള ഓഹരികളാണ് വില്‍ക്കുന്നത്.

അദാനി പവര്‍, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവയടക്കം അഞ്ച് കമ്പനികളാണ് പ്ലാന്റിനായുള്ള അന്തിമ ബിഡിലുള്ളതെന്ന് ജിഎംആറുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള റീസര്‍ജന്റ് പവര്‍ ലേലത്തില്‍ നിന്ന് പിന്മാറിയിരുന്നു. കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്ന ആക്‌സിസ് ബാങ്കായിരിക്കും ബിഡുകളുടെ മൂല്യം കണക്കാക്കുക.

സിഡിആര്‍ നിയമങ്ങള്‍ക്കനുസരിച്ച് ഈ മാസത്തിനുള്ളില്‍ ഓഹരി വില്‍പ്പനക്ക് സാധ്യതയുണ്ട്. പരമാവധി ബാധ്യത ഏറ്റെടുക്കാന്‍ പാകത്തിലെ ബിഡുകള്‍ മുന്നോട്ടുവയ്ക്കുന്ന കമ്പനിക്കായിരിക്കും പ്ലാന്റ് കൈമാറുകയെന്നും അറിയുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി തുടങ്ങി 15 ഓളം ബാങ്കുകള്‍ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. കഴിഞ്ഞ വര്‍ഷം പ്ലാന്റിന്റെ 2,992 കോടി രൂപയുടെ ബാധ്യത വായ്പാദാതാക്കളുടെ സംഘം ഓഹരികളാക്കി മാറ്റിയിരുന്നു. 52.4 ശതമാനം ഓഹരികള്‍ ബാങ്കുകള്‍ക്ക് സ്വന്തമായുണ്ട്. 5900 കോടി രൂപയാണ് അവശേഷിക്കുന്ന കടം. ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ഡിസംബറില്‍ ആഭ്യന്തര, അന്താരാഷ്ട്ര കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
2017 ലാണ് 1370 മെഗാവാട്ടിന്റെ കല്‍ക്കരി അധിഷ്ഠിത പ്ലാന്റ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തന ക്ഷമമായത്. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഊര്‍ജ വിതരണ കമ്പനികളുമായി വില്‍പ്പന കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതായിരുന്നു പ്ലാന്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.

Comments

comments

Categories: Business & Economy