ബോഷ് ഗൃഹോപകരണ സ്റ്റോറുകള്‍ തുറന്നേക്കും

ബോഷ് ഗൃഹോപകരണ  സ്റ്റോറുകള്‍ തുറന്നേക്കും

ഇന്ത്യയിലെ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ രംഗത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ നൂറു ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പച്ചക്കൊടി കാട്ടിയിരുന്നു

കൊല്‍ക്കത്ത: റീട്ടെയ്ല്‍ രംഗത്തെ വിദേശ നിക്ഷേപങ്ങളി(എഫ്ഡിഐ)ലെ ഉദാരവല്‍ക്കരണ നയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഗൃഹോപകരണ സ്റ്റോറുകള്‍ തുറക്കാന്‍ ഉന്നമിട്ട് പ്രമുഖ ജര്‍മന്‍ കമ്പനി ബോഷ് ഗ്രൂപ്പ്. യുകെ ആസ്ഥാനമാക്കിയ സെയ്‌സണിന് ശേഷം രാജ്യത്തെ റീട്ടെയ്ല്‍ മേഖലയില്‍ വിദേശ നിക്ഷേപ താല്‍പര്യം പ്രകടിപ്പിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കള്‍ കൂടിയാണ് ബോഷ്.

ബോഷ് ഗ്രൂപ്പിന് കീഴിലെ ബിഎസ്എച്ച് ഹൗസ്‌ഹോള്‍ഡ് അപ്ലയന്‍സസാണ് ഇന്ത്യയില്‍ കമ്പനിക്കു വേണ്ടി ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്നത്. ഗൃഹോപകരണ രംഗത്തെ ഏറ്റവും വലിയ യൂറോപ്യന്‍ കമ്പനികളിലൊന്നാണ് ബിഎസ്എച്ച്. രാജ്യത്ത് പുതുതായി അവതരിപ്പിക്കുന്ന തങ്ങളുടെ മൂന്നാമത്തെ ബ്രാന്‍ഡായ ഗഗ്ഗെനൗവിലൂടെ സൂപ്പര്‍ പ്രീമിയം, ആഡംബര സെഗ്മെന്റിലെ എലൈറ്റ് കിച്ചണ്‍ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

ഓവന്‍, അടുപ്പുകള്‍, ചിമ്മിണികള്‍, ഡിഷ് വാഷര്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങി ജര്‍മനിയിലേയും ഫ്രാന്‍സിലേയും പ്ലാന്റുകളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗൃഹോപകരണങ്ങളാണ് ഗഗ്ഗെനൗവിലൂടെ ലഭ്യമാക്കുക. രണ്ട് ലക്ഷം രൂപ മുതല്‍ 20 ലക്ഷം വരെ വിലയുണ്ടാകും ഈ വിഭാഗത്തിലെ ഉപകരണങ്ങള്‍ക്ക്.

2025 ഓടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഗൃഹോപകരണ നിര്‍മാതാക്കളാകുകയെന്നതാണ് ബോഷിന്റെ ലക്ഷ്യം. കൂടാതെ 10 ശതമാനം വിപണി പങ്കാളിത്തവും ബോഷ് ഉന്നംവയ്ക്കുന്നുണ്ട്. നിലവില്‍ കൊറിയന്‍ കമ്പനികളായ എല്‍ജിക്കും സാംസംഗിനും പുറമെ വേള്‍പൂള്‍, ഗോദ്‌റെജ് എന്നിവയുടെ ആധിപത്യത്തിന് കീഴിലാണ് ഇന്ത്യന്‍ ഗൃഹോപകരണ വിപണി.

ഇന്ത്യന്‍ വിപണിയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വന്തം സ്റ്റോറുകള്‍ സജ്ജമാക്കുന്നതിനുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്- ബിഎസ്എച്ച് ഹൗസ്‌ഹോള്‍ഡ് അപ്ലയന്‍സസ് മാനുഫാക്ച്ചറിംഗിന്റെ സിഇഒ ഗുജന്‍ ശ്രീവാസ്തവ പറഞ്ഞു. റീട്ടെയ്ല്‍ രംഗത്തെ എഫ്ഡിഐ നയങ്ങള്‍ ഉദാരവല്‍ക്കരിച്ചത് ശുഭസൂചകമാണ്. ആഗോള വിപണിയിലേക്ക് വേണ്ടുന്ന ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകള്‍ക്കായി ചെന്നൈയില്‍ പുതിയ പ്ലാന്റ് സ്ഥാപിച്ചിരുന്നു. പ്രാദേശിക തലത്തില്‍ രൂപകല്‍പ്പന ചെയ്ത റഫ്രിജറേറ്ററുകള്‍, ഉയര്‍ന്ന ശേഷിയുള്ള വാഷിംഗ് മെഷീനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് പ്ലാന്റ് വിപുലീകരിക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയിലെ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ രംഗത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ നൂറു ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പച്ചക്കൊടി കാട്ടിയിരുന്നു. നേരത്തെ 49 ശതമാനം വിദേശ നിക്ഷേപം മാത്രമാണ് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ അനുവദിച്ചിരുന്നത്. നൂറു ശതമാനം നിക്ഷേപത്തിന് സര്‍ക്കാരിന്റെ അംഗീകാരം വേണ്ടിയിരുന്നു.

Comments

comments

Categories: Business & Economy