ഔഡി 1,27,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കും

ഔഡി 1,27,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കും

പുതിയ യൂറോ-6 ഡീസല്‍ മോഡലുകളില്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ കണ്ടെത്തി

ഇങ്കോള്‍സ്റ്റാറ്റ്, ജര്‍മ്മനി : ഔഡിയുടെ പുതിയ യൂറോ-6 ഡീസല്‍ മോഡലുകളില്‍ ബഹിര്‍ഗമന ഫലം അട്ടിമറിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ കണ്ടെത്തി. ജര്‍മ്മന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയായ കെബിഎ ആണ് ഔഡിയുടെ നിയമവിരുദ്ധ പ്രവൃത്തി പിടികൂടിയത്. ഔഡി 1,27,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കണമെന്ന് കെബിഎ ഉത്തരവിട്ടു. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ സൂത്രത്തില്‍ മറികടക്കുന്നതിനാണ് ഇത്തരത്തില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നത്.

വി6, വി8 ടിഡിഐ എന്‍ജിനുകള്‍ നല്‍കിയ 8,50,000 ഡീസല്‍ വാഹനങ്ങള്‍ സ്വമേധയാ പിന്‍വലിക്കുന്നതായി ഔഡി ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ വാഹനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് ഫോക്‌സ്‌വാഗണിന്റെ അനുബന്ധ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വാഹനങ്ങളിലെ സോഫ്റ്റ്‌വെയര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യുമെന്ന് ഫെബ്രുവരി 2 നകം അറിയിക്കണമെന്ന് കെബിഎ ഔഡിയോട് നിര്‍ദ്ദേശിച്ചു. കാറുകള്‍ക്ക് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ കഴിയില്ല എന്ന് ഉറപ്പുവരുത്തണമെന്നും കെബിഎ ആവശ്യപ്പെട്ടു.

സംശയിക്കപ്പെട്ട വാഹനങ്ങളിലെ എന്‍ജിന്‍ കണ്‍ട്രോള്‍ സോഫ്റ്റ്‌വെയര്‍ പൂര്‍ണ്ണമായി അപ്‌ഡേറ്റ് ചെയ്യുമെന്നും അംഗീകാരത്തിനായി കെബിഎ മുമ്പാകെ സമര്‍പ്പിക്കുമെന്നും ഔഡി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി കെബിഎയുമായി ചേര്‍ന്ന് തങ്ങളുടെ ഡീസല്‍ കാറുകള്‍ പരിശോധിച്ചുവരികയായിരുന്നുവെന്ന് ഔഡി പ്രസ്താവിച്ചു.

2015 ല്‍ യുഎസ് ഏജന്‍സികളെ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ഇത്തരത്തിലാണ് കബളിപ്പിച്ചത്

വിശദമായ പരിശോധനകള്‍ക്കുശേഷമാണ് വി6 ടിഡിഐ എന്‍ജിന്‍ ഘടിപ്പിച്ച ഔഡി കാറുകള്‍ക്ക് കെബിഎ ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ 5,000 കാറുകള്‍ പിന്‍വലിക്കുകയാണെന്ന് നവംബറില്‍ ഔഡി പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങള്‍ അനുവദനീയമായതില്‍ കൂടുതല്‍ നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്നായിരുന്നു നടപടി. 2015 ല്‍ യുഎസ് ഏജന്‍സികളെ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ഇത്തരത്തിലാണ് കബളിപ്പിച്ചത്. ഡീസല്‍ഗേറ്റ് എന്ന നാണക്കേടിലാണ് ഫോക്‌സ്‌വാഗണെ ആ സംഭവം കൊണ്ടുചെന്നെത്തിച്ചത്.

വാഹനങ്ങളുടെ ലാബോറട്ടറി പരിശോധനാ ഫലങ്ങളില്‍ കൃത്യമായ അളവില്‍ നൈട്രജന്‍ ഓക്‌സൈഡ് ലഭിക്കുംവിധം എന്‍ജിന്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാണിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ചെയ്തത്. 2015 ലാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. അനുവദനീയമായതിനേക്കാള്‍ നാല്‍പ്പത് മടങ്ങ് അധികം നൈട്രജന്‍ ഓക്‌സൈഡാണ് ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ പുറത്തുവിട്ടത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നിരവധി ഔഡി മോഡലുകളെ ബാധിക്കും.

Comments

comments

Categories: Auto