ജല്‍പായ് ഗുഡിയിലെ ആംബുലന്‍സ് ദാദ

ജല്‍പായ് ഗുഡിയിലെ ആംബുലന്‍സ് ദാദ

പശ്ചിമ ബംഗാളിലെ തോട്ടം മേഖലയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ബൈക്ക് ആംബുലന്‍സാക്കി മാറ്റി ഏര്‍പ്പെട്ടിരിക്കുകയാണ് കരിമുല്‍ ഹഖ് എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍

കണ്ണിനു മുന്നില്‍ ജീവന്‍ പിടയുമ്പോള്‍ മനുഷ്യത്വമുള്ള ആരും ആഗ്രഹിക്കും അവരെ ഒന്ന് രക്ഷിക്കാന്‍. ഒരു ജീവനുവേണ്ടി, ജീവിതം തിരികെ കിട്ടാന്‍ നമുക്ക് കഴിയുന്നതു ചെയ്യുക എന്നതിലുപരി അതിനുവേണ്ടി ജീവിതം തന്നെ മാറ്റിവെക്കുന്നവരും നമുക്കിടയിലുണ്ട്. അത്തരക്കാരില്‍ ഒരാളാണ് ആംബുലന്‍സ് ദാദാ എന്ന പേരില്‍ അറിയപ്പെടുന്ന കരിമുല്‍ ഹഖ്. മോട്ടോര്‍ബൈക്കിനെ ആംബുലന്‍സാക്കി മാറ്റി നാട്ടുകാര്‍ക്ക് സേവനം നല്‍കുകയാണ് ഈ പദ്മശ്രീ അവാര്‍ഡ് ജേതാവു കൂടിയായ ബംഗാള്‍ സ്വദേശി.

പശ്ചിമ ബംഗാളിലെ ഒരു ചെറിയ ടൗണായ ജയ്പാല്‍ ഗുഡിയിലാണ് കരിമുല്‍ ഹഖിന്റെ സ്വദേശം. മുപ്പതു വര്‍ഷം മുമ്പ് കൃത്യസമയത്ത് ആംബുലന്‍സ് സൗകര്യം ലഭിക്കാതെ മാതാവിനെ നഷ്ടമായതോടെയാണ് ആ പ്രദേശത്തെ അസൗകര്യങ്ങളെ കുറിച്ച് കരിം കൂടുതല്‍ ബോധവാനായത്. ഉള്‍നാടന്‍ മാല്‍ബസാര്‍ മേഖലയില്‍ പ്രത്യേകിച്ചും തേയില തോട്ടം മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുടുംബത്തിനുമാണ് ജീവനുവേണ്ടി നെട്ടോട്ടം ഓടുമ്പോള്‍ ഒരു ആംബുലന്‍സ് പോലും ലഭിക്കാതെ വരാറുള്ളത്. തക്കസമയത്ത് ചികില്‍സ കിട്ടാതെയുള്ള മരണ നിരക്ക് ഇവിടങ്ങളില്‍ ഏറെയുള്ളതു കൊണ്ടാണ് തോട്ടം തൊഴിലാളിയായ കരിം പുതിയ സേവനത്തിനായി ഇറങ്ങിത്തിരിച്ചത്.

തികച്ചും സൗജന്യമായാണ് കരിമിന്റെ ആംബുലന്‍സ് സേവനം. കരിമിന്റെ ആംബുലന്‍സ് സേവനം അറിഞ്ഞ് രണ്ടു വര്‍ഷം മുമ്പ് ബജാജ് ഓട്ടോമൊബൈല്‍സ് കമ്പനി ഒരു വി15 ബൈക്ക് ആംബുലന്‍സ് സമ്മാനമായി നല്‍കിയിരുന്നു. വാട്ടര്‍പ്രൂഫ് സ്‌ട്രെച്ചര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയെല്ലാം ഘടിപ്പിക്കാവുന്ന സംവിധാനവും ബൈക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

1998ല്‍ ഒരു ബൈക്ക് വാങ്ങി അതിനെ ആംബുലന്‍സാക്കി മാറ്റി സാമൂഹ്യ സേവനത്തിന് തുടക്കമിടുകയായിരുന്നു കരിം. ഗൂരുതരാവസ്ഥയിലുള്ള രോഗികളെ ബൈക്കിലിരുത്തി ശരീരത്തോടു ചേര്‍ത്തു കെട്ടിയാണ് കരിം തൊട്ടടുത്ത ആശുപത്രികളിലേക്കു പായുന്നത്. തോട്ടം മേഖലയിലെ ജോലിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ കരിം ഇതിനോടകം പശ്ചിമ ബംഗാളിലെ 20 ഗ്രാമങ്ങളില്‍ നിന്നായി നാലായിരത്തോളം ആളുകളുടെ ജീവന്‍ ഇത്തരത്തില്‍ രക്ഷപെടുത്തിയിട്ടുണ്ട്.

ബൈക്ക് ആംബുലന്‍സ് ദാദ

കരിമിന്റെ ശമ്പളത്തിന്റെ പാതി ഭാഗവും അദ്ദേഹത്തിന്റെ ആംബുലന്‍സ് സേവനത്തിനായാണ് ചെലവാക്കപ്പെടുന്നത്. ജയ്പാല്‍ ഗുഡിക്കാര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ആംബുലന്‍സ് ദാദ. ആംബുലന്‍സ് സേവനം മാത്രമല്ല, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാനുള്ള പരിശീലനവും കരിമിനു ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ നിസ്തുല സേവനങ്ങള്‍ക്കുള്ള പാരിതോഷികം എന്ന നിലയിലാണ് കഴിഞ്ഞ വര്‍ഷം പദ്മശ്രീ അവാര്‍ഡ് രാജ്യം അദ്ദേഹത്തെ അദരിച്ചത്.

തികച്ചും സൗജന്യമായാണ് കരിമിന്റെ ആംബുലന്‍സ് സേവനം. കരിമിന്റെ ആംബുലന്‍സ് സേവനം അറിഞ്ഞ് രണ്ടു വര്‍ഷം മുമ്പ് ബജാജ് ഓട്ടോമൊബൈല്‍സ് കമ്പനി ഒരു വി15 ബൈക്ക് ആംബുലന്‍സ് സമ്മാനമായി നല്‍കിയിരുന്നു. വാട്ടര്‍പ്രൂഫ് സ്‌ട്രെച്ചര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയെല്ലാം ഘടിപ്പിക്കാവുന്ന സംവിധാനവും ബൈക്കില്‍ ഏര്‍പ്പെടുത്തി നല്‍കുകയും ചെയ്തു.

ഒരു ജീവന്‍ സുരക്ഷിതമാക്കാനുള്ള ഏല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുന്ന ഒരു അത്യാധുനിക ആംബുലന്‍സ് സംവിധാനം തന്റെ പ്രദേശത്തേക്ക് ലഭ്യമാക്കുകയാണ് കരിമിന്റെ സ്വപ്‌നം. ഇപ്പോള്‍ അമ്പത്തിരണ്ടു വയസ് പിന്നിട്ടെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ അമ്മയുടെ ജീവന്‍ രക്ഷിക്കാനാവാതെ പോയ സങ്കടത്തില്‍ ഇന്നും മേഖലയിലെ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നത് കരിം തുടരുകയാണ്, പദ്മശ്രീയുടെ ജാഡകളില്ലാതെ അദ്ദേഹം സമൂഹത്തിനു വേണ്ടി സദാ സേവനസന്നദ്ധനാണ്.

Comments

comments

Categories: FK Special, Slider