ലോകം ഒരു നൂറ്റാണ്ടിന് ശേഷം

ലോകം ഒരു നൂറ്റാണ്ടിന് ശേഷം

എല്ലാം കമ്പ്യൂട്ടര്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ജീവിക്കാനൊരു തൊഴിലെന്തുണ്ട്? സത്യത്തില്‍ അധികം ഇല്ല എന്നതാണ് വാസ്തവം. അപ്പോഴാണ് സാര്‍വത്രിക അടിസ്ഥാന വരുമാനം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യത്തില്‍ വരുന്നത്

‘അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തു കണ്ടു’
‘കണ്ണുനീര്‍ത്തുള്ളി’യിലെ, നാലാപ്പാട്ട് നാരായണ മേനോന്റെ സുപ്രസിദ്ധമായ വരികള്‍.

കഴിഞ്ഞ നൂറ്റാണ്ടിലെ ഈ ദിവസം നമ്മളാരും ജനിച്ചിട്ടില്ലായിരുന്നു. അടുത്ത നൂറ്റാണ്ടിലെ ഈ ദിവസം നമ്മളാരും ജീവിച്ചിരിക്കാനും സാധ്യതയില്ല. ഒരു നൂറ്റാണ്ടിന് മുന്‍പത്തെക്കാലത്ത് മനുഷ്യ ജീവിതം എങ്ങനെയായിരുന്നുവെന്ന് ചരിത്ര പുസ്തകങ്ങളും ലേഖനങ്ങളും അന്നുണ്ടായിരുന്ന പലരുടെയും ഓര്‍മ്മക്കുറിപ്പുകളും വായിച്ചും നമ്മുടെ വീട്ടിലെ കാരണവന്മാര്‍ സ്മരണകള്‍ അയവിറക്കുന്നത് കേട്ടും എല്ലാം നമുക്കറിയാം. അന്നത്തെ ചില പഴയ ചിത്രങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. കുടുമ്മ വച്ച്, ഒറ്റത്തോര്‍ത്ത് വസ്ത്രം ധരിച്ച അര്‍ധനഗ്‌നരായ പുരുഷന്മാര്‍, അരയ്ക്ക് മുകളിലെ ശരീരം മറയ്ക്കാത്ത സ്ത്രീകള്‍, കോണകം ഉടുത്തതും അല്ലാത്തതുമായ കുട്ടികള്‍, ഓലക്കുട, കാളവണ്ടികള്‍ ചാല് കീറിയ മണ്‍വഴികള്‍, ഓലകെട്ടിയ വീടുകള്‍, ജനത്തിരക്കില്ലാത്ത അങ്ങാടികള്‍, അവിടെ എണ്ണ ഒഴിച്ച് കത്തിക്കുന്ന വഴിയോര വിളക്കുകള്‍ അങ്ങനെ പലതും. നഗരങ്ങളിലെ വിക്‌റ്റോറിയന്‍ കെട്ടിടങ്ങളുടെ പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരേ സ്ഥലത്തിന്റെ അന്നത്തേയും ഇന്നത്തേയും ദൃശ്യങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്.

ഭാവിയില്‍ എന്ത് സംഭവിക്കും എന്നറിയാനുള്ള ത്വര മനുഷ്യസഹജമാണ്. എന്നാല്‍ അത് കൃത്യമായി അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ല താനും. ആ ജിജ്ഞാസ ശരിക്കും മുതലെടുക്കുന്നത് ജ്യോതിഷികളാണ്. മനുഷ്യരെ ഇരുപത്തേഴ് നാളുകാരാക്കിയും പന്ത്രണ്ട് രാശിക്കാരാക്കിയും എല്ലാം അവര്‍ ഭാവി പ്രവചിക്കുന്നു. ജനനനാള്‍ പ്രകാരം, ഉദാഹരണത്തിന്, വൃശ്ചികം രാശിയില്‍ വരുന്ന അനിഴക്കാരന്‍, ഇംഗ്ലീഷ് ജനനത്തീയതി സെപ്റ്റംബര്‍ 15 ആണെങ്കില്‍ കന്നി (Virgo) രാശിയില്‍ വരുന്നു. രണ്ടിനും രണ്ട് ഫലം. എങ്കിലും ലോകമെമ്പാടുമുള്ള ഭൂരിഭാഗം മനുഷ്യരും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നു. അതിന് കാരണം ഭാവിയെപ്പറ്റിയുള്ള ആകാംക്ഷകളും ഉത്കണ്ഠകളും. അത് തികച്ചും വൈയക്തികമായ ഭാവിയെ പറ്റിയാണ്; തനിക്കും കുടുംബത്തിനും ഭാവി എങ്ങനെയെന്ന ലളിതമായ ചോദ്യത്തിനാണ് അവര്‍ ഉത്തരം തേടുന്നത്. ലോകത്തിന്റെ ഭാവിയെക്കുറിച്ച് അധികം പേരൊന്നും, സെമിനാര്‍ ചര്‍ച്ചകള്‍ക്കപ്പുറം, ഗാഢമായി ആലോചിക്കുകയോ വേവലാതിപ്പെടുകയോ ചെയ്യാറില്ല.

ബിസി 3500 കാലത്ത് മെസോപ്പൊട്ടാമിയയിലെ പേരറിയാത്ത കുംഭകാരന്‍ ആദ്യമായി ചക്രം നിര്‍മിച്ചത് മുതല്‍ ശാസ്ത്രത്തിന്റെ ചക്രങ്ങള്‍ ഉരുളാന്‍ തുടങ്ങി. അത് മണ്‍പാത്ര നിര്‍മാണത്തിനായിരുന്നു. പിന്നീടൊരു മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചക്രം ഉപയോഗിച്ച് വണ്ടി നിര്‍മിച്ചത്. അവിടെ തുടങ്ങിയ ശാസ്ത്രപുരോഗതി ഏറ്റവും ഗതിവേഗം കൈവരിച്ച കാലമാണ് എ ഡി 1700- 2000 കാലഘട്ടം. 1782 ഡിസംബര്‍ 14 ന് മോണ്ട് ഗോള്‍ഫിയര്‍ സഹോദരന്മാര്‍ നടത്തിയ പറക്കല്‍ പരീക്ഷണം കൃത്യം 121 വര്‍ഷങ്ങള്‍ക്ക് ശേഷം റൈറ്റ് സഹോദരന്മാരിലൂടെ 1903 ഡിസംബര്‍ 14 ന് യാഥാര്‍ഥ്യമായതോടെ മനുഷ്യന്‍ നിലംവിട്ടുള്ള അഭ്യാസങ്ങള്‍ക്കും തുടക്കം കുറിച്ചു.

കഴിഞ്ഞ നൂറ്റാണ്ട് അടക്കമുള്ള പോയ കാലത്തെയും ഈ നൂറ്റാണ്ടിലേയും ശാസ്ത്രവിജയങ്ങള്‍ തമ്മില്‍ പ്രകടമായുള്ള സ്വഭാവ വ്യത്യാസം അവയുടെ ഫലോപയോഗത്തിലാണ്. ഇതുവരെ മനുഷ്യന്റെ ജോലി എളുപ്പമാക്കുക എന്നതായിരുന്നു ശാസ്ത്രദൗത്യം. എന്നാല്‍ ഈ നൂറ്റാണ്ട് കണ്ടുകൊണ്ടിരിക്കുന്നത് നിരവധി പകരംവയ്ക്കലുകളാണ്. അത് നിലവിലുള്ള ഉപകരണങ്ങളില്‍ തുടങ്ങി ഒടുവിലൊടുവില്‍ മനുഷ്യനെത്തന്നെ പകരംവയ്ക്കാന്‍ ഒരുങ്ങുകയാണ്. അതൊക്കെയാണ് നിര്‍മിതബുദ്ധിയും ചാറ്റ്‌ബോട്ടും എല്ലാം നമ്മോട് പറയുന്നത്. അതുകൊണ്ട് തന്നെയാണ്, 2000ല്‍ ജനിച്ച കുട്ടി ഇന്ന്, 1918ലെ ജീവിതരീതിയെ കുറിച്ച് ‘എത്ര പ്രാകൃതം’ എന്ന് അത്ഭുതം കൂറുന്നതിന്റെ പതിന്മടങ്ങ്, 2118ലെ കുട്ടികള്‍, ഇപ്പോഴത്തെ ‘ന്യൂ ജെന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ ‘പ്രാകൃതത്വ’ത്തെ പറ്റി അത്ഭുതം കൊള്ളുമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നത്.

ശാസ്ത്രപുരോഗതി ഏറ്റവും ഗതിവേഗം കൈവരിച്ച കാലമാണ് എ ഡി 1700- 2000 കാലഘട്ടം. 1782 ഡിസംബര്‍ 14 ന് മോണ്ട് ഗോള്‍ഫിയര്‍ സഹോദരന്മാര്‍ നടത്തിയ പറക്കല്‍ പരീക്ഷണം കൃത്യം 121 വര്‍ഷങ്ങള്‍ക്ക് ശേഷം റൈറ്റ് സഹോദരന്മാരിലൂടെ 1903 ഡിസംബര്‍ 14 ന് യാഥാര്‍ഥ്യമായതോടെ മനുഷ്യന്‍ നിലംവിട്ടുള്ള അഭ്യാസങ്ങള്‍ക്കും തുടക്കം കുറിച്ചു

1918ലാണ് ഒരു ജലദോഷപ്പനി ലോകമൊട്ടാകെ പടര്‍ന്ന് പിടിച്ച് അഞ്ചു കോടിയോളം പേര്‍ മരിച്ചത്. ഇന്ന് ജലദോഷപ്പനി വന്ന് ആരും മരിക്കുന്നില്ല. എന്നാല്‍ യുദ്ധഗവേഷണത്തിനിടയില്‍ മനുഷ്യന്‍ തന്നെ നിര്‍മിച്ച അണുക്കള്‍ പരത്തുന്ന എയ്ഡ്‌സ്, വിവിധയിനം പക്ഷിപ്പനികള്‍ എന്നിവയെല്ലാം പടര്‍ന്ന് പിടിക്കുന്നു. ഇതിനെ ശാസ്ത്രത്തിന്റെ ഗതിവിഗതികളില്‍ സൂക്ഷ്മമായി അടയാളപ്പെടുത്തപ്പെടുന്ന വ്യത്യാസത്തിന്റെ ഉദാഹരണമായി കണക്കാക്കാം.

ഈ നൂറ്റാണ്ടില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ സമൂലമായ ഒരു മാറ്റംവന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ ട്രാന്‍സിസ്റ്റര്‍ സങ്കേതത്തില്‍ ബൈനറി ഡിജിറ്റ്‌സ് (bits, ഇതു പ്രകാരം എല്ലാത്തിനെയും പൂജ്യവും ഒന്നുമായി മാറ്റിയാണ് കമ്പ്യൂട്ടര്‍ മനസ്സിലാക്കുന്നത്) ഉപയോഗിച്ചാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അതിന് പകരം ക്വാണ്ടീ കമ്പ്യൂട്ടിംഗ് എന്ന സങ്കേതം അതിന്റെ പ്രാരംഭദശയിലാണിപ്പോള്‍. ഇത് വികസിക്കുന്നതോടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള കഴിവ് വളരെയധികം വര്‍ധിക്കും. ഇത്രയും ഡാറ്റയും വിശകലനങ്ങളും എന്തിനാണെന്നത് മറ്റൊരു സമസ്യ. അവ വ്യാഖ്യാനിച്ച് അനുമാനങ്ങളുണ്ടാക്കാന്‍ മനുഷ്യബുദ്ധിക്ക് ആവില്ല. അപ്പോഴാണ് നിര്‍മിതബുദ്ധി രംഗത്ത് വരുന്നത്. അനന്തകോടി ഡാറ്റ വിശകലനം ചെയ്ത്, സഹസ്രകോടിക്കണക്കിന് പെര്‍മ്യൂട്ടേഷനുകളും കോമ്പിനേഷനുകളും ഉപയോഗിച്ച്, തനത് സാഹചര്യത്തില്‍ കരണീയമായിട്ടുള്ളത് എന്തെന്ന് നിര്‍മിതബുദ്ധി മനുഷ്യനെ ഉപദേശിക്കുന്നു. അതായത്, മനുഷ്യന്‍, ചിന്തിക്കാനുള്ള ഉത്തരവാദിത്തം കമ്പ്യൂട്ടറിനെ ഏല്‍പ്പിക്കുന്നു.

പ്രഥമദൃഷ്ട്യാ, നിരുപദ്രവകരം. എന്നാല്‍ മറ്റൊരു അവസ്ഥ നോക്കൂ: ഒരു പതിനെട്ട് വര്‍ഷം മുന്‍പ് വരെ ഫോണ്‍ നമ്പറുകള്‍ നമുക്ക് മനഃപാഠമായിരുന്നു. മൊബീല്‍ ഹാന്‍ഡ്‌സെറ്റില്‍ നമ്പറുകള്‍ സൂക്ഷിക്കാനും അവ പേര് വച്ച് സെര്‍ച്ച് ചെയ്ത് എടുക്കുവാനും തുടങ്ങിയതോടെ അക്കങ്ങള്‍ ഓര്‍മ്മിക്കാനുള്ള ശക്തി മനുഷ്യന് ഏകദേശം നഷ്ടമായി. ബാങ്കുകളില്‍ ജോലി ചെയ്തിരുന്നവര്‍ രജിസ്റ്ററുകളിലെ കോളങ്ങളിലുള്ള ഏഴോ എട്ടോ അക്കം വരുന്ന മുപ്പതോളം സംഖ്യകള്‍ മനക്കണക്കില്‍ കൂട്ടിയെടുക്കുമായിരുന്നു. അതേ ആളുകള്‍ക്ക് ഇന്ന്, അങ്ങനെ കൂട്ടേണ്ടിവന്നാല്‍, ആ തുകകള്‍ എക്‌സെല്‍ വര്‍ക്ഷീറ്റില്‍ അടിച്ച്, ഫോര്‍മുല ഇട്ടു വേണം ആകെത്തുക കണ്ടെത്താന്‍. അതുപോലെ, ചിന്തിക്കുക എന്ന ജോലി കമ്പ്യൂട്ടര്‍ ഏറ്റെടുത്താല്‍, കുറച്ച് കാലം കൊണ്ട് നമ്മള്‍ ചിന്താശക്തിയില്ലാത്തവരാകും. പ്രകൃത്യാ നമുക്ക് കിട്ടിയ ഒരു കഴിവ് അങ്ങനെ അന്യം നില്‍ക്കും. മൃഗങ്ങള്‍ പോലും ചിന്തിക്കുന്നുണ്ട്; മനുഷ്യന് അത് പറ്റാതെയാവും.

മോട്ടോര്‍ വാഹനങ്ങള്‍ വന്ന കാലത്ത് അവ സ്റ്റാര്‍ട്ട് ആക്കിയിരുന്നത് കരിയിട്ട് കത്തിച്ച് എന്‍ജിന്‍ ചൂടാക്കി കൈകൊണ്ട് ഒരു ലിവര്‍ ഉപയോഗിച്ച് ഫ്‌ളൈവീല്‍ കറക്കിയെല്ലാമാണ്. ഇന്ന് സ്റ്റാര്‍ട്ട് ബട്ടണുകളായി. ഇന്നത്തെ കുട്ടികള്‍ക്ക് അങ്ങനെ വണ്ടി സ്റ്റാര്‍ട്ടാക്കിയിരുന്ന സമ്പ്രദായം പറഞ്ഞാല്‍ വിശ്വസിക്കാന്‍ പോലുമാവില്ല. ഇന്ന് ഡ്രൈവിംഗ് പലര്‍ക്കും ഹരമാണ്. ഡ്രൈവിംഗ് ഒരു വലിയ എണ്ണം ആളുകള്‍ക്ക് തൊഴിലും തരുന്നുണ്ട്. അടുത്ത നൂറ്റാണ്ട് ആകുമ്പോഴേക്കും, പണ്ട് വാഹനങ്ങള്‍ മനുഷ്യരാണ് ഓടിച്ചിരുന്നത് എന്ന് പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും; മുന്‍പ് വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ കൈകൊണ്ട് കറക്കണമായിരുന്നു എന്ന് പറയുമ്പോള്‍ നമ്മുടെ കുട്ടികള്‍ ചിരിക്കുന്നത് പോലെ. ആട്ടോണമസ് കാറുകളുടെ ആവിര്‍ഭാവം ആയിക്കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ വരവും പ്രവേഗം കൈവരിച്ചു.

ഇന്ധനം നിറക്കുന്ന, ഡ്രൈവറുള്ള വാഹനങ്ങള്‍ ഇനി പരമാവധി ഒരു മുപ്പത് വര്‍ഷം കൂടി കാണാം. റോഡ് വെയില്‍ കൊണ്ട് കിടക്കുമ്പോള്‍, ആ സൗരോര്‍ജ്ജത്തില്‍ നിന്ന് അതിലൂടെ ഓടുന്ന വാഹനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുന്നു. അവ സ്വയം ചാര്‍ജ് ചെയ്ത് സ്വയം വഴി കണ്ടുപിടിച്ച് സ്വയമേവ ഓടുന്നു. അധിക കാലം കാത്തിരിക്കേണ്ടിവരില്ല, അത് കാണാന്‍. ചൈനയിലെ റോഡുകളും ടെസ്ല കമ്പനിയുടെ വണ്ടികളും അടുത്ത കൊല്ലത്തോടെ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുന്നു.
ചൈനയിലെ റോഡ് ഗവേഷണം രസകരമായ മറ്റൊരു കാര്യം കൂടി വിഭാവനം ചെയ്യുന്നുണ്ട്. റോഡില്‍ വരുന്ന കുഴികള്‍ അപ്പപ്പോള്‍ സ്വയം അടയ്ക്കുന്ന ഒരു പ്രത്യേകതരം കോണ്‍ക്രീറ്റ്! ഫലപ്രാപ്തി ഏകദേശം അടുത്തുകഴിഞ്ഞു. നമ്മള്‍ റോഡില്‍ സ്റ്റാമ്പൊട്ടിക്കുന്ന പരിപാടി അനവരതം തുടരുമ്പോഴാണിത്.

വൈദ്യശാസ്ത്രരംഗം വലിയ വഴിത്തിരിവാണ് ഈ നൂറ്റാണ്ടില്‍ നേടുക. രോഗിയെ പരിശോധിച്ച് ചികില്‍സിക്കുന്നതിന് പകരം രോഗപ്രതിരോധം ആയിരിക്കും ഡോക്റ്ററുടെ ജോലി. യൂണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വച്ച് ഓരോരുത്തരുടെയും ജനിതക വിവരങ്ങളും ജീവിതശൈലികളും അവര്‍ ജീവിക്കുന്ന സ്ഥലത്തെ പാരിസ്ഥിതിക അവസ്ഥകളും രേഖപ്പെടുത്തി ക്രോഡീകരിച്ച് ഓരോരുത്തര്‍ക്കും വരാവുന്ന രോഗങ്ങള്‍ക്ക് മുന്‍കൂര്‍ പ്രതിവിധി ചെയ്യുന്ന സംവിധാനം. ഇതിന്റെ ആദ്യഘട്ടമായി ഒരു രാജ്യത്തെ മുഴുവന്‍ ആളുകളുടെയും ജനിതകജാതകം ശേഖരിക്കേണ്ടതുണ്ട്. അതുപോലെ രാജ്യത്തെ ഓരോ ചതുരശ്ര കിലോമീറ്ററിലെയും പാരിസ്ഥിതിക അവസ്ഥകളും. ഇവ രണ്ടും തത്സമയം പുതുക്കിക്കൊണ്ടിരിക്കുകയും വേണം.

അതിനായി ഓരോ സ്ഥലത്തും പരിസ്ഥിതിമാപിനികള്‍ സ്ഥാപിക്കും. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ലോകത്താകമാനം ഐക്യരൂപമുള്ള (universally identical configuration) സെന്‍സറുകള്‍ സ്ഥാപിക്കും. ഇവ സ്പര്‍ശനം, സാമീപ്യം എന്നിവയിലൂടെ ജനിതക ഘടന രേഖപ്പെടുത്തിയ യൂണിക് ഐഡന്റിഫിക്കേഷന്‍ വഴി സെന്‍സ് ചെയ്ത് ആളെ തിരിച്ചറിഞ്ഞ് ഓരോരുത്തരുടെയും ശാരീരികാവസ്ഥകള്‍ അപ്പപ്പോള്‍ കേന്ദ്ര സര്‍വറിലേക്ക് അയക്കുന്നു. അതുപോലെ, നിങ്ങള്‍ വഴിയിലൊരു സ്ഥലത്ത് നിന്ന് ഒരു കോള കുടിച്ചാല്‍, അല്ലെങ്കില്‍ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്താല്‍ അതെല്ലാം രേഖപ്പെടുത്തുന്നു. ഇവയെല്ലാം സര്‍വര്‍ അവ അതാത് സ്ഥലത്തെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി രോഗസാധ്യതകള്‍ ഉണ്ടോ എന്ന് നിരന്തരം വിലയിരുത്തിക്കൊണ്ടേയിരിക്കുന്നു.

നമ്മള്‍ ഉപയോഗിക്കുന്ന മൊബീല്‍ ഫോണ്‍, ടിവി റിമോട്ട്, ഫ്രിഡ്ജ് ഹാന്‍ഡില്‍, വാതില്‍പ്പൂട്ട്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ അങ്ങനെ സ്പര്‍ശനം ഏല്‍ക്കാന്‍ സാധ്യതയുള്ള എല്ലാമെല്ലാത്തിലും ഉള്ള സെന്‍സറുകള്‍ നമ്മുടെ സാമീപ്യത്തില്‍, നമ്മുടെ സ്പര്‍ശത്തില്‍ നമ്മളുടെ ഹൃദയതാളങ്ങളും രക്തസമ്മര്‍ദ്ദവുമെല്ലാം തത്സമയം വീക്ഷിക്കുന്നു. അടുത്ത ഒരമ്പത് വര്‍ഷത്തെ കഠിനശ്രമം ഉണ്ടാവും ഇത് ലോക വ്യാപകമാക്കാന്‍.

കെട്ടിടങ്ങള്‍ മുതല്‍ മനുഷ്യാവയവം വരെ സെക്കന്റുകള്‍ക്കുള്ളില്‍ സൃഷ്ടിച്ചെടുക്കുന്ന ത്രിമാനപ്രിന്റിംഗ് നിര്‍മാണ രംഗത്ത് വന്‍മാറ്റമാണ് വരുത്തുക. ഇപ്പോഴത്തെ നിര്‍മാണ രീതികളുടെ സമൂലമായ പൊളിച്ചെഴുത്താണ് ത്രിമാന പ്രിന്റിംഗ് വരുത്തുക. വാസ്തുശില്‍പ്പി കമ്പ്യൂട്ടറില്‍ വരച്ചാല്‍ മതി. യന്ത്രം അത് നിമിഷനേരം കൊണ്ട് സൃഷ്ടിച്ചെടുക്കും. പെരുന്തച്ചന് വീതുളി താഴെവയ്ക്കാം; കയ്യില്‍ സ്‌റ്റൈലസ് മതി. പിന്നെ, മനുഷ്യന് അമാനുഷിക ശക്തി പകരുന്ന എക്‌സോസ്‌കെലിട്ടണ്‍ (തൊഴിലാളികളെ ആയാസരഹിതമായി പതിന്മടങ്ങ് വേഗതയിലും ശക്തിയിലും ജോലി ചെയ്യാന്‍ സഹായിക്കുന്ന ഒരു പുറംകുപ്പായം; ഫോര്‍ഡ് കാര്‍ കമ്പനി ഇത് ഉപയോഗിച്ച് തുടങ്ങിയതായി വാര്‍ത്തയുണ്ട്), മനുഷ്യശരീരസമാനമായി സൃഷ്ടിച്ച് നിര്‍മിതബുദ്ധിയില്‍ മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സെക്‌സ്‌ബോട്ട് അങ്ങനെ പലതും സാമൂഹ്യജീവിതത്തിലും മാറ്റങ്ങള്‍ വരുത്തും.

എല്ലാം കമ്പ്യൂട്ടര്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ജീവിക്കാനൊരു തൊഴിലെന്തുണ്ട്? സത്യത്തില്‍ അധികം ഇല്ല എന്നതാണ് വാസ്തവം. അപ്പോഴാണ് സാര്‍വത്രിക അടിസ്ഥാന വരുമാനം (universal basic income) എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യത്തില്‍ വരുന്നത്. എല്ലാ പൗരന്മാര്‍ക്കും ജീവിക്കാന്‍ ഉള്ള തുക സര്‍ക്കാര്‍ അനുവദിച്ച് നല്‍കുന്നു. രണ്ടേകാലും കോപ്പും കൊട്ടാരം കാര്യക്കാര്‍ ബാങ്ക് എക്കൗണ്ടില്‍ എത്തിക്കുന്നു!

കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യന്‍ ചാന്ദ്രയാത്ര നടത്തിയെങ്കില്‍ ഈ നൂറ്റാണ്ടില്‍ സൂര്യനില്‍ തന്നെ എത്തിക്കൂടായ്കയില്ല. അന്യഗ്രഹയാത്ര ഒരു വാര്‍ത്ത പോലും അല്ലാതാവും. പക്ഷേ, ഭൂമിയുടെ താപം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കും. ‘വിണ്ട വന്‍ പാടത്തിന്റെ തപ്തമാം മാറില്‍ കൂടി’ നടക്കേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ച് സുഗതകുമാരി തപിച്ചിട്ട് അര നൂറ്റാണ്ടാവാറായി. ആഗോളതാപനം അനുസ്യൂതം വര്‍ധിക്കുന്നത് മാത്രം നിലയ്ക്കുന്നില്ല.

ഇതിനിടയില്‍ ചിലതെല്ലാം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാവും. ചില്ലറവില്‍പ്പന ശാലകള്‍ (പകരം ഓണ്‍ലൈന്‍ വിപണി), ബാങ്ക് ശാഖകള്‍; ചിലപ്പോള്‍ ബാങ്കുകള്‍ തന്നെയും (ഫിന്‍ടെക് കമ്പനികള്‍), ഇപ്പോള്‍ തന്നെ അന്ത്യകൂദാശ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റോഫീസ് (പിക്‌ഡ്രോപ്പ് കൊറിയര്‍, വിര്‍ച്വല്‍ ഡെലിവറി), ലൈഫ് ഇന്‍ഷുറന്‍സ് (യൂസര്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലോണ്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ്), ലാന്‍ഡ് ഫോണ്‍ (മൊബീല്‍, ഇ-മെയില്‍, സോഷ്യല്‍ മീഡിയ), കമ്പ്യൂട്ടര്‍ സിപിയു (ക്ലൗഡ് കമ്പ്യൂട്ടിംഗ്/ക്ലൗഡ് സെര്‍വര്‍), കമ്പ്യൂട്ടര്‍ മോണിറ്റര്‍, ടിവി സ്‌ക്രീന്‍ (ഏത് പ്രതലവും മോണിറ്റര്‍ ആകാവുന്ന വിര്‍ച്വല്‍ സ്‌ക്രീന്‍) അങ്ങനെ പലതും ഈ നൂറ്റാണ്ടിനപ്പുറം നിലനില്‍ക്കില്ല. ഇപ്പോള്‍ ആഞ്ഞുപിടിച്ച് കൊണ്ടുവരുന്ന മെട്രോ തീവണ്ടികള്‍ കൊല്‍ക്കത്തയിലെ ട്രാം പോലെ ഒരു ചരിത്രകൗതുകം മാത്രമാവും. നഗരചത്വരങ്ങള്‍ ബന്ധിപ്പിക്കുന്ന വാക്വം ട്യൂബുകള്‍, ഫഌയിംഗ് ടാക്‌സികള്‍, കാന്തിക റോപ്പ്‌വേകള്‍ എന്നിവ നഗരസഞ്ചാരം ലളിതവും സുഗമവുമാക്കും.

എന്നാല്‍ ഇതെല്ലാമോര്‍ത്ത് ഇപ്പോള്‍ തന്നെ ഒന്നും പ്ലാന്‍ ചെയ്യേണ്ടതില്ല. കാരണം, ഭാവി എപ്പോഴും പ്രവചനാതീതമാണെന്നത് തന്നെ. ഭൂതം, ഭാവി എന്നിവ പറയും എന്ന് നാം വിശ്വസിക്കുന്ന ജ്യോതിഷത്തിന്റെ ഉപജ്ഞാതാവായ ഭഗവാന്‍ സുബ്രഹ്മണ്യന്‍ തന്നെ പറഞ്ഞിട്ടുണ്ട്, ജ്യോതിഷ പ്രവചനങ്ങള്‍ എല്ലാവര്‍ക്കും എപ്പോഴും ഫലിച്ചോളണമെന്നില്ല എന്ന്. ശേഷം ചിന്ത്യം.

Comments

comments

Categories: FK Special, Slider